◾കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുത്ത പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന് ഹൈക്കോടതി. യുജിസി മാനദണ്ഡമനുസരിച്ചുള്ള അധ്യാപക പരിചയം ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗീസ്.
◾ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകേണ്ടതുണ്ടോയെന്നു കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസി തീരുമാനിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. നിയമനകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി ബിന്ദു അവകാശപ്പെട്ടു. പിഎച്ച്ഡി കാലം അധ്യാപന പ്രവര്‍ത്തി പരിചയമായി കണക്കാക്കാമോയെന്നു വിസിക്ക് എജിയോട് നിയമോപദേശം തേടാമായിരുന്നുവെന്ന കോടതിയുടെ പരാമര്‍ശം ഏതുതരത്തിലും വ്യാഖ്യാനിക്കാമെന്നും മന്ത്രി പറഞ്ഞു. കോടതി വിധി മാനിക്കുന്നു, തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രിയ വര്‍ഗീസ് പറഞ്ഞു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾താങ്ങുവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ 26 മുതല്‍ പ്രക്ഷോഭത്തിന്. സമരത്തിന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചുകൊണ്ട് സമരനേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി. നവംബര്‍ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
◾രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്കി. വിശദമായി വാദം കേള്‍ക്കാതെയാണു മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാണ് കേന്ദ്രം ഹര്‍ജിയില്‍ പറയുന്നത്. കുറ്റവാളികളെ മോചിപ്പിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
◾സംസ്ഥാനത്തു മദ്യക്ഷാമം. വില കുറഞ്ഞ മദ്യം കിട്ടാനില്ല. പ്രശ്നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. സ്പിരിറ്റിനു വില കൂടിയതിനാല്‍ മദ്യത്തിനു വില കൂട്ടണമെന്നും 13 ശതമാനം വില്പന നികുതി ഒഴിവാക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. അംഗീകരിക്കാന്‍ വൈകിയതോടെ വില കുറഞ്ഞ മദ്യം ബിവറേജസ് കോര്‍പറേഷനു നല്‍കാതായതാണ് മദ്യക്ഷാമത്തിനു കാരണം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചിനു വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറുടെ അനുമതി. ക്രിസ്മസിന് അവധി നല്കി സമ്മേളനം ജനുവരിയിലേക്കു വലിച്ചു നീട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും. ജനുവരിയില്‍ ബജറ്റ് അവതരിപ്പിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്‍ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണിത്.
◾വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന പരാതിയില്‍ ഗവര്‍ണര്‍ ഉടന്‍ നോട്ടിസ് നല്‍കില്ല. വിസിമാരുടെ ഹര്‍ജിയില്‍ കോടതി തീരുമാനമെടുത്തശേഷം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഈ മാസം 30 നാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.
◾എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍. നടന് അടൂര്‍ ഭാസിയുടെ അനന്തരവനും സി വി രാമന് പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാര്‍. ബാങ്ക് ഓഫീസറായിരുന്നു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനത്തട്ടിപ്പു കത്തുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ഇന്നലെയും സംഘര്‍ഷത്തില്‍ കലാശിച്ചു. കോര്പറേഷന് ഓഫീസ് പരിസരം യുദ്ധക്കളംപോലെയായി. നഗരസഭയിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെ കല്ലേറുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജു നടത്തി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരിക്കുണ്ട്.
◾
◾കോഴിക്കോട് മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലില്‍ രാത്രി പത്തിനു മുമ്പ് പെണ്‍കുട്ടികള്‍ തിരിച്ചെത്തണമെന്ന വിവേചനം ശരിയല്ലെന്നു വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. പെണ്‍കുട്ടികള്‍ രാത്രി പത്തിനു മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനെതിരെ ഇന്നലെ രാത്രി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. രാത്രി ഡ്യൂട്ടിയുളളവര്‍ക്ക് സമയക്രമം പാലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണു വിദ്യാര്‍ത്ഥിനികളുടെ പരാതി.
◾ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും വിദ്യാര്‍ത്ഥിനികളുടെ രാത്രി സമരം. രാത്രി പത്തിനു ലേഡീസ് ഹോസ്റ്റല്‍ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം.
◾കോടതിയെ കക്ഷികള്‍ ശത്രുവായി കാണരുതെന്ന് ഹൈക്കോടതി. കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നതു തെറ്റാണ്. എന്‍എസ്എസിന്റെ പേരില്‍ കുഴിവെട്ട് എന്ന പരാമര്‍ശം താന്‍ നടത്തിയതായി ഓര്‍ക്കുന്നില്ല. കോടതിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയ വര്‍ഗീസിന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്‍എസ്എസിനോട് ബഹുമാനക്കുറവില്ലെന്നും പറഞ്ഞു.
◾കോടതിയോട് ആദരവേയുള്ളൂ, മാധ്യമ റിപ്പോര്ട്ടുകളോടാണു പ്രതികരിച്ചതെന്ന് പ്രിയ വര്‍ഗീസ്. നിയമന കേസില്‍ േൈഹക്കാടതി വിധി പറയുന്നതിനു മുമ്പേ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.
◾പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞുള്ള ഹൈക്കോടതി വിധി സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സിപിഎം നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും സുധാകരന് പറഞ്ഞു.
◾യൂണിവേഴ്സിറ്റികളിലും സര്‍ക്കാരിലും നിയമം ലംഘിച്ച് നേതാക്കളുടെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും തിരുകികയറ്റുന്നതിന് എതിരായ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നാണമില്ലേയെന്നു ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി.
◾പ്രിയ വര്‍ഗീസിനെതിരായ ഹൈക്കോടതിവിധിയോടെ സംസ്ഥാന സര്‍ക്കാര്‍ നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ബാധകമാവും. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണിതെന്നും സുരേന്ദ്രന്.
◾ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലയിന്‍ ട്രാഫിക് സംവിധാനം നടപ്പാക്കുന്നു. ഇതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. ലെയ്ന്‍ ട്രാഫിക് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചേര്‍ന്ന നിയമസഭയുടെ പെറ്റീഷന് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
◾ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാര്‍ക്കുള്ള മെസ് ഫീസ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി രണ്ടു കോടി 87 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. പൊലിസുകാരില്‍നിന്ന് തുക ഈടാക്കി മെസ് നടത്താനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ മുന്‍ ഉത്തരവ്.
◾കോട്ടയം മെഡിക്കല്‍ കോളജില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്ത ഹെല്പ് ഡെസ്ക് തങ്ങളുടേതാണെന്ന് സേവാഭാരതിയുടെ അവകാശവാദം. ആര്‍എസ്എസ് സേവാ പ്രമുഖിനൊപ്പമാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചതെന്നും സേവാഭാരതി ഫെയ്സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ കോളേജും റവന്യു വകുപ്പും ചേര്‍ന്ന് സജ്ജീകരിച്ച ഹെല്പ് ഡെസ്കാണ് താന്‍ ഉദ്ഘാടനം ചെയ്തതെന്നാണ് മന്ത്രി വി എന്‍ വാസവന്റെ വിശദീകരണം.
◾ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന് പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.
◾കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പണം പോലീസ് അപഹരിച്ച കേസില്‍ അന്നത്തെ പ്രൊബേഷന്‍ എസ്ഐയെ മാത്രം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2009 ല്‍ പേരൂര്‍ക്കട സ്റ്റേഷനിലെ സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഇവരെ കേസില്‍നിന്ന് ഒഴിവാക്കി. പേരൂര്‍ക്കട സ്വദേശി രാമസ്വാമിയുടെ വീട്ടിലാണ് റെയ്ഡ് നടത്തി പണം അപഹരിച്ചത്.
◾വീട്ടുമുറ്റത്ത് വീണു പരിക്കേറ്റ സിപിഎം പ്രവര്ത്തകന് അജ്ഞാതര്‍ ആക്രമിച്ചു പരിക്കേറ്റതാണെന്ന് ആരോപിച്ചു നല്കിയ പരാതി വ്യാജമെന്നു പോലീസ്. മണ്ണാര്‍ക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമായ പള്ളത്ത് അബ്ദുല്‍ അമീര്‍ തനിയെ വീണതാണെന്ന് അയല്‍വാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നു പോലീസ്.
◾പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാന്, സെയ്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പു നാമനിര്‍ദേശ പത്രിക സംബന്ധിച്ച് കെഎസ് യു പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിനിടെയാണ് പോലീസ് സ്ഥലത്തെത്തിയത്.
◾കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്ളോഗര്‍ വിക്കി തഗ് ഉള്‍പെടെ രണ്ടുപേരെ എക്സൈസ് അറസ്റ്റു ചെയ്തു. വ്ളോഗര്‍ ആലപ്പുഴ മാവേലിക്കര ചുനക്കര സ്വദേശി മംഗലത്ത് വിഘ്നേഷ് വേണു (25), കായംകളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.
◾ഭാര്യയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയ യുവാവിന്റൈ നെഞ്ചില്‍ കുത്തിയ യുവാവ് പിടിയില്‍. തെക്കന്‍ മാലിപ്പുറം സ്വദേശി ഐനിപറമ്പില്‍ റൈജോ (32) ആണ് പിടിയിലായത്. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്തെന്നു പോലീസ്.
◾ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സാലിയാണ് പുല്‍പ്പള്ളി പൊലീസിന്റെ പിടിയിലായത്.
◾ആന്ധ്രയില്‍നിന്നു കാറില്‍ കടത്തിയ നാലു കിലോ കഞ്ചാവുമായി മോഷണക്കേസ് പ്രതിയുള്‍പ്പെടെ മൂന്നു പേരെ പിടികൂടി. കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദു (28), വെള്ളറട സ്വദേശി വിപിന്‍ (26), തെന്നൂര്‍ പെരിങ്ങമ്മല സ്വദേശി മുഹമ്മദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ചെറുകുളം സ്വദേശി വിനോദിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ കെട്ടിട നിര്‍മ്മാണത്തിന് എത്തിയതായിരുന്നു കമറന്‍ എന്ന വിനോദ്.
◾ആറ്റിങ്ങല്‍ കിഴുവിലം ഗ്രാമപഞ്ചായത്തില്‍ 88 തെരുവുനായകളെ കൊന്നെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. 2017 ല്‍ ആറ്റിങ്ങല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ള ഒമ്പതു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
◾ഇരട്ട സ്ഫോടന കേസില്‍ ഒന്നാം പ്രതി തടിയന്റെവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതിയില്‍ ഹര്‍ജി. എന്‍ഐഎ നല്കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
◾ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സിലിണ്ടറുകള്‍ അപഹരിക്കാതിരിക്കാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആര്‍ കോഡുകള്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
◾ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത 15 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും. ശ്രീലങ്കയിലെ മാന്നാര്‍ കോടതിയാണ് വിട്ടയക്കാന്‍ ഉത്തരവിട്ടത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം അഞ്ചിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ 15 വയസുള്ള ബാലനുമുണ്ട്. വിട്ടയക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാമേശ്വരം തുറമുഖത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
◾സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാരുടെ കൊളീജിയം സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്. ജഡ്ജിമാരുടെ നിയമനത്തിനായി നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് കമ്മീഷന് ശക്തിപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കൊളീജിയം സംവിധാനത്തില്‍ സുതാര്യത ഇല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു ആരോപിച്ചിരുന്നു.
◾രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകന് രഞ്ജിത്ത് സവര്‍ക്കര്‍ പൊലീസില്‍ പരാതി നല്കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് പരാതി. ഇതിനിടെ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് എഴുതിയ കത്തിന്റെ പകര്‍പ്പ് രാഹുല്‍ഗാന്ധി പുറത്തുവിട്ടു.
◾ജ്ഞാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വാരാണസി കോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതി നല്കിയ അപേക്ഷ കോടതി നിരസിച്ചു. ഹര്‍ജിയില്‍ വാരാണസി ജില്ലാ കോടതി വാദം കേള്‍ക്കും.
◾മോഷണം നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ കുടുംബത്തിലെ പത്തുവയസുകാരി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലുള്ള കിള്ളന്നൂര്‍ എന്ന ഗ്രാമത്തിലാണ് ക്ഷേത്ര മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം ആറംഗ കുടുംബത്തെ തല്ലിച്ചതച്ചത്. കടലൂര്‍ വിരുദാചലം സ്വദേശി സത്യനാരായണ സ്വാമിയേയും കുടുംബത്തേയുമാണ് അക്രമി സംഘം ആക്രമിച്ചത്.
◾ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണവുമായി ഇന്ത്യ. ശ്രീഹരിക്കോട്ടയില്‍ ഇന്നു രാവിലെ 11.30 ന് ഹൈദരാബാദിലെ സ്കൈറൂട്ട് എയറോസ്പേസ് സ്റ്റാര്‍ട്ടപ്പിന്റെ സൗണ്ടിംഗ് റോക്കറ്റാണു വിക്ഷേപിക്കുക. ആറു മീറ്റര്‍ ഉയരവും 545 കിലോഭാരവുമുള്ള വിക്രം എസ് എന്ന സൗണ്ടിംഗ് റോക്കറ്റാണു വിക്ഷേപിക്കുന്നത്.
◾തന്റെ അണികളോട് മോശമായി പെരുമാറിയാല്‍ വെടിവെക്കുമെന്ന് ഗുജറാത്തിലെ സിറ്റിംഗ് എംഎല്‍എയും ബിജെപി വിമത സ്ഥാനാര്‍ത്ഥിയുമായ മധു ശ്രീവാസ്തവ്. ഇക്കുറി സ്വതന്ത്രനായി മത്സരിക്കുന്ന ഇയാള്‍ വഡോദരയിലെ വാങോഡിയയില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രസംഗിക്കവേയാണ് ഇങ്ങനെ ഭീഷണി മുഴക്കിയത്.
◾മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതല്‍ മെറ്റയില്‍ ഉദ്യോഗസ്ഥയാണ് സന്ധ്യ ദേവനാഥന്. ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റായും സന്ധ്യ ദേവനാഥന് പ്രവര്‍ത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. അതേസമയം വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ച ഒഴിവിലേക്കു നിയമനമായിട്ടില്ല. മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാളും രാജിവച്ചു.
◾8,658 വര്‍ഷം തടവു ശിക്ഷ. മതനേതാവും പ്രസംഗകനും എഴുത്തുകാരനുമായ അദ്നാന് ഒക്തറിനാണ് തുര്‍ക്കിയിലെ കോടതി ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ലൈംഗിക അതിക്രമം, ബ്ലാക്ക് മെയില്‍, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്താംബൂളിലെ കോടതി ശിക്ഷ വിധിച്ചത്. ഹാറൂണ്‍ യഹ്യ എന്ന പേരില്‍ പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരനാണ് അദ്നാന് ഒക്തര്‍.
◾2014 ല്‍ മലേഷ്യന്‍ വിമാനത്തിനുനേരെ റഷ്യന്‍ മിസൈല്‍ അയച്ച് 15 ക്രൂ അംഗങ്ങളേയും 283 യാത്രക്കാരേയും കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര് കുറ്റക്കാരെന്ന് ഡച്ച് കോടതി. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന എംഎച്ച് 17 വിമാനമാണ് യുക്രൈനില്‍ തകര്‍ന്നു വീണത്. മൂന്നു പ്രതികള്‍ക്കു ജീവപരന്ത്യം തടവുശിക്ഷ വിധിച്ചു.
◾ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഖത്തര്‍ ആതിഥേയത്വം നല്കുന്ന ലോകപ്പിലെ ആദ്യ മത്സരം നവംബര്‍ 20 ഇന്ത്യന്‍ സമയം 9.30 ന് ഖത്തറും ഇക്വഡോറും തമ്മിലാണ്. ഉദ്ഘാടന മത്സരത്തിനു ശേഷം അന്ന് വേറെ കളികളില്ല. നവംബര്‍ 21 രണ്ട് കളികള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാല് കളികള്‍ വീതമുണ്ടായിരിക്കും. ലോകകപ്പിലെ ഫേവറിറ്റുകളായ അര്‍ജന്റീനയുടെ ആദ്യ മത്സരം നവംബര്‍ 22 നും ബ്രസീലിന്റെ ആദ്യ മത്സരം നവംബര്‍ 25 നുമാണ്.
◾ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങള്‍ക്കിടയില്‍ ഇന്ന് ഇന്ത്യാ- ന്യൂസിലാണ്ട് പരമ്പരക്ക് തുടക്കമാകുന്നു. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരമാണിന്ന് വെല്ലിംഗ്ടണില്‍ 12 മണിക്ക് ആരംഭിക്കുക. ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങളാരും ഇല്ലാതെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ മലയാളി താരം സഞ്്ജു സാംസണടക്കമുള്ള യുവരക്തവുമായാണ് ഇന്ത്യ കിവീസിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്.
◾ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യന്‍ ബിസിനസിന്റെ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹന്‍ സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് പുതിയ നിയമനം. ബാങ്കിങ്, പേയ്മെന്റ് സര്‍വീസ്, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ 22 വര്‍ഷത്തെ അനുഭവസമ്പത്തുള്ള സന്ധ്യയെ ആഗോള ബിസിനസ് ലീഡറായാണ് വിശേഷിപ്പിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 2000ല്‍ എംബിഎ പൂര്‍ത്തിയാക്കിയ സന്ധ്യ, 2016ലാണ് മെറ്റയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. മെറ്റയുടെ സിങ്കപ്പൂര്‍, വിയറ്റ്നാം ബിസിനസ് മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കൂടാതെ മെറ്റയുടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ ഇ- കോമേഴ്സ് ബിസിനസ് വളര്‍ത്തുന്നതിലും മികച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഗെയിമിങ്ങ് മേഖലയില്‍ ചുവടുവെയ്ക്കുന്നതിന് 2020ല്‍ കമ്പനി ഈ മേഖലയുടെ തലപ്പത്ത് കമ്പനി സന്ധ്യയെ നിയോഗിച്ചു.
◾ഗ്രൂപ്പില്‍ ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഡെസ്ക്ടോപ്പില് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്ന ചിലരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഇതിന് തുടക്കമിട്ടത്. ഫോണ്‍ നമ്പര്‍ സേവ് ചെയ്യാത്തവര്‍ക്ക് ഗ്രൂപ്പിലെ മറ്റു അംഗങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായകമാകും. കൂടാതെ ചിലപ്പോഴെങ്കിലും ചിലരുടെ പേരിന് സമാനമായ മറ്റു പേരുകള്‍ ഗ്രൂപ്പിലുണ്ടാകാം. ഈ ഘട്ടത്തിലും മറ്റു അംഗങ്ങളെ തിരിച്ചറിയുന്നതിന് പുതിയ ഫീച്ചര്‍ സഹായിക്കും. ചിലര്‍ പ്രൊഫൈല്‍ ഫോട്ടോ സെറ്റ് ചെയ്തില്ല എന്നുവരാം. അല്ലെങ്കില്‍ സുരക്ഷ കണക്കിലെടുത്ത് ഫോട്ടോ മറച്ചുവെച്ചു എന്നുംവരാം. ഡെസ്ക് ടോപ്പിലും ഐഒഎസ് ബീറ്റ പ്ലാറ്റ്ഫോമിലും പുതിയ ഫീച്ചര്‍ ലഭ്യമാക്കാനുളള പദ്ധതിയും വാട്സ്ആപ്പിന് ഉണ്ട്.
◾മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയും മോഹന്‍ലാലിനൊപ്പം എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. മോഹന്‍ലാലിന്റെ മകനായി അഭിനയിക്കുക വിജയ് ദേവരക്കൊണ്ടയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കും വൃഷഭ. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്ഡേറ്റുകള് ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമെന്ന സവിശേഷതയും വൃഷഭയ്ക്കുണ്ട്.
◾മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ഒരുക്കിയ പൊന്നിയിന്‍ സെല്വന് 1 സെപ്തംബര്‍ 30നായിരുന്നു പുറത്തിറങ്ങിയത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ് ,റഹ്മാന് തുടങ്ങി നീണ്ട താരനിര അണിനിരന്നു. സംഗീതം എ.ആര്. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനും നിര്‍വഹിക്കുന്നു. ഇളങ്കോ കുമാരവേലാണ് തിരക്കഥ.മണിരത്നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
◾ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയെ 77.5 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ രാജ്യത്ത് അവതരിപ്പിച്ചു. പുതിയ ഗ്രാന്‍ഡ് ചെറോക്കി ഇന്ത്യയിലെ യുഎസ് ഓട്ടോമൊബൈല്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും വലുതും ചെലവേറിയതുമായ എസ്യുവിയാക്കി മാറ്റുന്നു. ഇതിനകം ആഗോള വിപണിയില്‍ അവതരിപ്പിച്ച വാഹനം ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കരുത്തുറ്റ ജീപ്പ് എസ്യുവിയുടെ അഞ്ചാം തലമുയാണ് ഈ ഏറ്റവും പുതിയ മോഡല്‍. കൂടാതെ, 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ലഭിക്കുന്ന ആദ്യത്തെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണിയാണ് ഇന്ത്യ. 270 എച്ച്പി പവറും 400 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഹൃദയം.
◾അനുഭവങ്ങള്‍ക്കും അപ്പുറം ജീവിതത്തെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ ആണ് ഇത്തവണ പ്രശാന്തിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം. വിജയവും പരാജയവും വാശിയും കുശുമ്പും ഉള്‍പ്പെടെ നിത്യജീവിതത്തില്‍ നമ്മള് എല്ലാവരും അനുഭവിക്കുന്ന പ്രശ്നങ്ങളെയാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്. സൂക്ഷ്മമായ നിരീക്ഷണം, ആഴത്തിലുള്ള ചിന്ത, നിറഞ്ഞുനില്ക്കുന്ന നര്‍മ്മബോധം, എളുപ്പമുള്ള ഭാഷ.. ഇതൊക്കെക്കൊണ്ട് ഈ പുസ്തകം സമ്പുഷ്ടമാണ്. ‘ലൈഫ്ബോയ്’. പ്രശാന്ത് നായര്‍. ഡിസി ബുക്സ്. വില 260 രൂപ.
◾മോശം ദന്തശുചിത്വമാകാം പലപ്പോഴും വായ്നാറ്റത്തിന് കാരണമാകുന്നതെന്ന് ആരോഗ്യവിദഗ്ദ്ധര്‍. എന്നാല്‍ നന്നായി ബ്രഷ് ചെയ്തതിന ശേഷവും ചിലരില്‍ വായ്നാറ്റം തുടരാറുണ്ട്. ഇതിനുള്ള കാരണങ്ങളായി ഇവര്‍ പറയുന്നത് പലതാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്ക് ഇടയില്‍ തങ്ങുന്നത് നാറ്റമുണ്ടാക്കും. ശരിയായ പല്ലുതേക്കലാണ് ഇതിനുള്ള ഏക പോംവഴി. ഭക്ഷണത്തിനു മുമ്പും ശേഷവും പല്ലുകള്‍ വൃത്തിയായി കഴുകണം. വായിലെ ഉമിനീര് ബാക്ടീരിയകളെ നശിപ്പിച്ച് വായയെ ശുദ്ധിയാക്കുന്നു. എന്നാല്‍ ഉമിനീര് വറ്റുന്നത് വായ വരണ്ടു പോകുന്ന സെറോസ്റ്റോമിയ എന്ന അവസ്ഥയുണ്ടാക്കും. ഇതും വായ് നാറ്റത്തിലേക്ക് നയിക്കാം. പലരിലും രാത്രി ഉറങ്ങുമ്പോള്‍ വായ വരണ്ടു പോകാറുണ്ട്. ഇത് മൂലമാണ് ഉണര്ന്നെഴുന്നേല്ക്കുമ്പോള് വായ്ക്ക് നാറ്റം അനുഭവപ്പെടുന്നത്. വായില്‍ സംഭവിക്കുന്ന എന്തെങ്കിലും അണുബാധയുടെ സൂചനയാകാം വായ്നാറ്റം. പല്ല് കേടാകല്‍, മോണ രോഗങ്ങള്‍, പല്ലുകള്‍ക്കിടയിലെ പോട് എന്നിവയെല്ലാം വായ്നാറ്റത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. അര്‍ബുദം, കരള്‍ രോഗം, ശ്വസന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ് വായ്നാറ്റം. ഇതിനാല്‍ വായ്നാറ്റത്തെ നിസ്സാരമായി എടുക്കരുത്. നന്നായി പല്ല് തേച്ചിട്ടും വായുടെ ശുചിത്വം നിലനിര്‍ത്തിയിട്ടും നാറ്റം മാറുന്നില്ലെങ്കില്‍ ദന്തരോഗവിദഗ്ധനെ കാണാന്‍ മറക്കരുത്.
*ശുഭദിനം*
*കവിത കണ്ണന്*
അയാള്‍ വലിയ വിശ്വാസിയായിരുന്നു. ഒരിക്കല്‍ അയാള്‍ ഒരു പുഴയുടെ തീരത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി ഒരാള്‍ ഓടി വരുന്നത് കണ്ടു. അയാള്‍ പറഞ്ഞു. ദൂരെ മലമുകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഈ നദിയില്‍ വെള്ളം പൊങ്ങും. താങ്കള്‍ എന്റെ കൂടെ വരൂ. നമുക്ക് രക്ഷപ്പെടാം. അയാള്‍ പറഞ്ഞു: ഇല്ല ഞാന്‍ വരുന്നില്ല. എന്നെ ഈശ്വരന് രക്ഷിച്ചുകൊള്ളും. വെള്ളം വന്നു നിറഞ്ഞു. അയാള്‍ക്ക് അരയ്ക്കൊപ്പം വെള്ളമായി. അപ്പോള്‍ ഒരാള്‍ വഞ്ചിയില്‍ വരുന്നുണ്ടായിരുന്നു. വഞ്ചിയിലുള്ളയാള് പറഞ്ഞു: താങ്കള്‍ ഈ വഞ്ചിയില്‍ കയറൂ. ഞാന്‍ താങ്കളെ രക്ഷിക്കാം. അപ്പോള്‍ വിശ്വാസി പറഞ്ഞു: ഞാന്‍ വരുന്നില്ല, എന്നെ ഈശ്വരന് രക്ഷിച്ചുകൊള്ളും. വീണ്ടും വെള്ളം ഉയര്‍ന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ അയാളുടെ കഴുത്തൊപ്പം വെള്ളം വന്നുനിറഞ്ഞു. ആ സമയത്താണ് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ വന്നത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ കയറിട്ടുതരാം. താങ്കള്‍ അതില്‍ പിടിക്കൂ. ഞങ്ങള്‍ താങ്കളെ രക്ഷിക്കാം. അപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ വരുന്നില്ല. എന്നെ ഈശ്വരന് രക്ഷിച്ചുകൊള്ളും. സമയം കടന്നുപോയി. അവസാനം അയാള്‍ വെള്ളത്തിന്റെ കുത്തൊഴിക്കില്‍ പെട്ട് മരിച്ചു. മരണശേഷം ഈശ്വരസമക്ഷം എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു: ദൈവമേ, ഞാന്‍ അങ്ങയെ എത്ര വിശ്വസിച്ചിതാണ്. അങ്ങ് എന്താണ് എന്നെ രക്ഷിക്കാന്‍ വരാഞ്ഞത്. അപ്പോള്‍ ഈശ്വരന് പറഞ്ഞു: നിന്നെ രക്ഷപ്പെടുത്താന്‍ ഞാന്‍ മൂന്ന് തവണ വന്നിരുന്നു. കാല്നടയാത്രക്കാരനായും, വഞ്ചിക്കാരനായും, ഹെലികോപ്റ്ററിലെ രക്ഷാപ്രവര്‍ത്തകനായും. പക്ഷേ, നിങ്ങളല്ലേ അതൊക്കെ നിരസ്സിച്ചത്. നിങ്ങളുടെ മരണത്തിന് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. ഇതുപോലെ നമ്മളും നമ്മുടെ ജീവിതത്തില്‍ ഭാഗ്യം കടന്നുവരുമെന്നോ,. ഈശ്വരന് രക്ഷിക്കാന്‍ വരുമെന്നോ വിശ്വസിച്ച് കാത്തിരിക്കും. എന്നാല്‍ ഈശ്വരന് വരുന്നതോ, ഭാഗ്യം വരുന്നതോ നമ്മള് പ്രതീക്ഷിക്കുന്ന രീതിയിലായിരിക്കുകയില്ല. അത് പല സന്ദര്‍ഭങ്ങളിലൂടെയും പല മനുഷ്യരിലൂടെയും നമ്മെ തേടിയെത്തിയിരിക്കും. പക്ഷേ, അതിനെ തിരിച്ചറിയാനുള്ള കഴിവില്ലാതെ, നിഗൂഢമായ ഒരു അത്ഭുതത്തെ പ്രതീക്ഷിച്ചിരിക്കുകയാണെങ്കില്‍ അതായിരിക്കും നമ്മള് ചെയ്യുന്ന ഏറ്റവും വലിയ വിഢ്ഢിത്തം. നമ്മെ തേടിയെത്തുന്ന ഭാഗ്യത്തെ തിരിച്ചറിയാനുള്ള ഉള്ക്കണ്ണ് നമുക്കുണ്ടാകട്ടെ – ശുഭദിനം.