Untitled design 20250112 193040 0000 1

 

 

 

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. ദുർബലരായ ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

 

പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യമടക്കം ചർച്ച ചെയ്യാൻ മുന്നണി യോഗം വിളിക്കുന്നതിന് സി പി ഐക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും പാർലമെന്‍ററി പാർട്ടി യോഗം മാത്രമായി ചേരുന്നത് ഔചിത്യം അല്ലെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

 

ബെംഗളൂരുവിൽ നിന്ന് കാസർകോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ കർണാടകയിൽ വെച്ച് മുട്ടയേറുണ്ടായി. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയമുയർന്നതോടെ, ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം അട്ടിമറി സാധ്യത ഉൾപ്പെടെ അന്വേഷിക്കാൻ ഉത്തരവിട്ടു.

 

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിമർശിച്ചതിൻ്റെ പേരിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ. ഗണേഷ് കുമാറിനെ കരയോഗത്തിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.

 

പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. ഈ സമയത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

 

സംസ്ഥാനത്തുടനീളം നാനൂറോളം യൂണിറ്റുകളിലൂടെ കുടുംബശ്രീ ഈ വർഷവും ഓണസദ്യ ഒരുക്കുന്നു. 170 രൂപ മുതൽ വിലയിൽ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്, ഒപ്പം ഇഷ്ടമുള്ള പായസങ്ങളും പ്രത്യേകം ഓർഡർ ചെയ്യാം.

 

ഈ ഓണക്കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഓണസദ്യ ഒരുക്കുന്നു. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് 18 മണിക്കൂർ മുൻപ് വരെ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം. പാലട പ്രഥമൻ ഉൾപ്പെടെയുള്ള വിഭവങ്ങളടങ്ങിയ സദ്യ പ്രത്യേക പാക്കറ്റുകളിലാണ് നൽകുന്നത്.

 

കേരള സർവ്വകലാശാല നാലുപേർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കും. ചലച്ചിത്ര നടൻ മധു, കവി ശ്രീകുമാരൻ തമ്പി, മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി. ആർ. ശ്രീജേഷ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാൻ തീരുമാനം.

 

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതര’ത്തെ അപമാനിക്കുന്നതും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്നതുമായ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

 

കേരളത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ പരിഗണിച്ചപ്പോൾ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും എംപിമാർ സഭയിൽ നിന്ന് വിട്ടുനിന്നത് കേരളത്തോടുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ.

 

മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു.

 

കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ്. കാഴ്ച മറഞ്ഞിട്ടും നിയന്ത്രണം നഷ്ടപ്പെടാതെ ഡ്രൈവര്‍ ബസ് ഒതുക്കി നിര്‍ത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ് ആര്‍ടിസി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

 

ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തില്ല. ദൃശ്യങ്ങൾ സഹിതം പരാതി ലഭിച്ചിട്ടും പിഴ ചുമത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

 

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിനം പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കുന്നതായിരുന്നു ഖര്‍ഗെയുടെ പരാതി.

 

കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ദില്ലിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി. ബുക്കിംഗിനായി മുൻകൂർ നൽകിയ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി. സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.

 

സി പി എം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും വ്യക്തമാക്കി.

 

 

ഫ്രീഡം ക്വിസിൽ വി.ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷന് അടിയന്തര സ്റ്റേ ഇല്ല. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസർകോഡ് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകനായ ഗുരുപ്രസാദ് നൽകിയ ഹ‍ർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

 

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിലെ എംഎസ്എഫിൻ്റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഫാസിൽ ടിപിയെ കാണാനില്ലെന്നാണ് പരാതി.

 

കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആഗസ്റ്റ് 13,14 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു.

 

മന്ത്രി എൻ ഷംസുദ്ദീൻ പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി. അപേക്ഷകർക്ക് 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകണമെന്നും, കാലതാമസം ഒഴിവാക്കാൻ പുതിയ ലാപ്ടോപ്പുകളും കൂടുതൽ ജീവനക്കാരെയും നിയോഗിക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.

 

ഓപ്പറേഷനിൽ തൂഫാനിൽ അറസ്റ്റിലായ എം ഡി എം എ കേസ് പ്രതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. പ്രതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശുദ്ധ കളവാണെന്നും പ്രതിയുടെ ഇൻസ്റ്റഗ്രാമിൽ നവകേരള സദസ് നടക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രിക്കൊപ്പം എടുത്ത ചിത്രങ്ങളുണ്ടെന്നും റിയാസ് ആരോപിച്ചു.

 

വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രിയിൽ അംഗമായി വീണ്ടും നിയമിച്ചു. ആഗോള സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിൽ അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും

 

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി.

 

അന്യായമായ സ്ഥലംമാറ്റത്തെ തുടർന്ന് രണ്ട് സർക്കാർ ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് സിവിൽ സർവീസ് മേഖലയെ അസംതൃപ്തമാക്കുന്നുവെന്നും, ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി എം.പി നാഗേന്ദ്ര റേയ്ക്ക് നൽകിയ ബംഗാളിന്റെ സിവിലിയൻ ബഹുമതിയായ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പശ്ചിമ ബംഗാൾ സർക്കാർ പിൻവലിച്ചു. സാംസ്കാരിക വകുപ്പ് ഇറക്കിയ ഉത്തരവിലൂടെയാണ് പുരസ്‌കാരം ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയതായി ബംഗാളിലെ ബിജെപി സർക്കാർ അറിയിച്ചത്.

 

മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്ന കേരള സർക്കാർ നയം പരിശോധിക്കാൻ സുപ്രീംകോടതി. കേരള ബിവറേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് നൽകി.

 

സർക്കാരിനും പ്രതിപക്ഷത്തിനുമിടയിൽ സമവായം ഇല്ലാതെ പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് സമാപനം. സഭയിലെത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പ്രതിപക്ഷം വൻ പ്രതിഷേധത്തിന് തയ്യാറെടുത്തതോടെ വന്ദേമാതര ആലാപനം ഒഴിച്ചുള്ള നടപടികൾ ലോക്സഭയിൽ ഒഴിവാക്കി. സ്പീക്കറുടെ ചായസത്ക്കാരം ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്ക്കരിച്ചു.

 

ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡിൽ വച്ചാണ് ആക്രമണമുണ്ടായത്. ബാദലിന്‍റെ വലത് കൈയ്ക്ക് പരിക്കേറ്റു.

 

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാർത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.

 

പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അളവ് രേഖപ്പെടുത്താനായി ഇടപെടാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അന്ത്യശാസനം. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കോടതി നേരിട്ട് ഉത്തരവിറക്കുമെന്നും മുന്നറിയിപ്പ്

 

മല്ലികാർജുൻ ഖർഗെ പ്രസംഗിച്ച വേദി ഒരു സംഘടന ശുദ്ധീകരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്ന് ഖർഗെ. വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും കോൺഗ്രസ് അറിയിച്ചു

 

രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ്. രാജ്യത്ത് കടുത്ത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കർഷകരെയും വ്യവസായങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ഊർജ്ജക്ഷാമം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി.

 

 

റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ, അവയെ പ്രതിരോധിക്കാൻ ആവശ്യമായ ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വെളിപ്പെടുത്തി. യുഎസ് ശേഖരത്തിന്റെ 10% ആവശ്യമുള്ളിടത്ത്, നിലവിൽ 1% മാത്രമാണ് കൈവശമുള്ളതെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

യുഎസുമായുള്ള സംഘർഷത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ. ഉപരോധവും യുദ്ധവും അവസാനിപ്പിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *