Screenshot 20260718 134017 2

‎സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസം പിന്നിട്ട എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആയിരുന്നു ചർച്ച. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി.

‎സെപ്റ്റംബർ 24നുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിൻ്റെ സമര നേതാവ് വളർമതി അറിയിച്ചു. എല്ലാ പോസ്റ്റുകളിലും ആളെ എടുക്കണം. ഗവൺമെന്റ് സെക്ടറിലും എയ്‌ഡഡ്‌ പോലെ സംരക്ഷണം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിരാഹാരം അവസാനിപ്പിച്ചു എന്നാൽ വിഷയങ്ങൾ അനുകൂലമായി പരിഗണിക്കുന്നവരെ ഇവിടെ തുടരുമെന്നും വളർമതി വ്യക്തമാക്കി.

 

‎ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കോഴ വാങ്ങി എന്ന ജി സുധാകരൻ്റെ ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പരാതി നൽകി. മുൻ എംഎൽഎ എച്ച് സലാമാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.

‎കേരളതീരത്തെ എം.എസ്.സി എൽസ കപ്പൽ അപകടത്തിൽ, കൂടുതൽ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന് കേന്ദ്രസർക്കാർ. എന്നാൽ പരിശോധന കാലവർഷത്തിന് ശേഷം മാത്രമായിരിക്കും നടക്കുക. നിലവിലെ സാഹചര്യം സുരക്ഷിതമായ പരിശോധനയ്ക്ക് അനുയോജ്യമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

‎കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി മന്ത്രി എൻ ഷംസുദ്ദീന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്.

‎ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.

‎തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പന്ത്രണ്ടാംദിനവും തിരച്ചിൽ. തിരച്ചിൽ നിർത്തിവയ്ക്കില്ലെന്ന് സർക്കാർ അറിയിച്ചു. കൊല്ലം നീണ്ടകരയിൽ നിന്ന് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽഗഫൂർ സന്ദർശിച്ചു.

‎തൊടുപുഴയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറി അൻഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി എം ബാവ എന്നിവരെ ഗുരുതര അച്ചടക്ക ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്.

‎മെസിയുടെ കേരള സന്ദർശനം ആദ്യം സർക്കാരിനെ അറിയിച്ച കമ്പനിയുടെയും സ്പോൺസറുടെയും വിലാസം ഒന്നുതന്നെയെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഗോട്ട് ആഡിൻ്റെയും പിന്നീട് സ്പോൺസറായി വന്ന റിപ്പോർട്ടർ ടിവിയുടെയും മേൽവിലാസം ഒന്ന് തന്നെയാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

‎തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകളെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ 63 വിദ്യാര്‍ഥികള്‍ക്ക് പത്തിലധികം മാര്‍ക്ക് വര്‍ധിച്ചു. ആദ്യ ഫലം വന്നപ്പോള്‍ തോറ്റുപോയ 49 പേര്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിച്ചു എന്നാണ് ആരോപണം.

‎കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് എംഎസ്എഫ് ആരോപണം. എംഎസ്എഫ് പ്രവർത്തകനായ യുയുസിക്ക് പണം നൽകാമെന്ന് എസ്എഫ്ഐ ജില്ല സെക്രട്ടറി ആദിൽ സമ്മതിച്ചതായുള്ള ഓഡിയോ സന്ദേശം പുറത്തുവന്നു.

‎മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിക്ക് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

‎തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം, എല്ലാം ചെയ്തത് താനാണെന്നായിരുന്നു അർജുൻ ആയെങ്കിയുടെ പ്രതികരണം.

‎സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസാണ് നോട്ടീസ് നൽകിയത്.

‎ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി.

‎കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

‎നൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായി അന്വേഷണസംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

‎കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

‎ഇന്നും സഭയിൽ എത്താതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷാ മറുപടി പറയണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു.

‎നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നൽകാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതി ഹർജി തള്ളി. മൂന്ന് പ്രതികളാണ് പരിശോധന ആവശ്യപ്പെട്ടത്.

‎ഓഗസ്റ്റ് 15ന് നാഗ്പൂരിലെ കസ്തൂർചന്ദ് പാർക്കിൽ നടക്കുന്ന പരിപാടിയിൽവെച്ച് മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കും. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയുടെ ഭാവി എന്നിവയെക്കുറിച്ചാകും മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കുക.

‎ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു.

‎വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച ഷെയ്ക് ഹസീനയെ കൈമാറണമെന്ന ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു.

‎അരുണാചൽ പ്രദേശ് – അസം അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്. അസം സ്വദേശികൾക്കാണ് പരിക്കേറ്റത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിവെച്ചത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

‎ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം. നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു. നിയമനം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് മാറ്റം. ഗംഗ്വാറിന് പകരം ദീപ്തി ഗൗർ മുഖർജി പുതിയ സെക്രട്ടറിയാവും.

‎അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ തള്ളി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി. യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹർജി അംഗീകരിച്ച് ഭാവിയിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ സാധിക്കാത്ത വിധമാണ് റദ്ദാക്കിയത്.

‎മുൻ ക്രിക്കറ്റ് താരവും ബിജെപിയുടെ രാജ്യസഭ എംപിയുമായ ഹർഭജൻ സിങ് പങ്കുവെച്ച വീഡിയോ പഞ്ചാബിലെ ദൃശ്യങ്ങളല്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം. സോംബി മയക്കുമരുന്ന് ഉപയോഗിച്ച പഞ്ചാബിലെ യുവാക്കളുടെ ദൃശ്യങ്ങളെന്ന് പറഞ്ഞാണ് ഹർഭജൻ സിങ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചത്.

‎ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് 5 നായിരുന്നു സംഭവം.

‎ബിസിസിഐ മുൻ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ ഓഫീസിൽ രണ്ട് കത്തുകൾ കൂടി ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

‎നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങിയത് സൈനിക വിമാനത്തിലെന്ന് റിപ്പോർട്ട്. തുർക്കിയിലെ അങ്കാറ വിമാനത്താവളത്തിൽനിന്ന് പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ പിന്നീട് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നും തുടർന്ന് ഈ വിമാനത്തിലാണ് ട്രംപ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നുമാണ് റിപ്പോർട്ട്.

‎ഫിഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ വരുത്തുന്ന വലിയ തെറ്റായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും ട്രംപ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *