തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരും. വിവാദം ദിവസങ്ങളായി നീണ്ടുനിൽക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് ഈ മാസം 19 ന് കൗൺസിൽ യോഗം വിളിക്കുന്നത്. നേരത്തേ കൗൺസിൽയോഗം ചേരണമെന്നാവശ്യപ്പെട്ട് ബിജെപി കത്ത് നൽകിയിരുന്നു. എന്നാൽ ബി ജെ പി ആവശ്യപ്പെട്ട ദിവസത്തിന് മുൻപേ കൗൺസിൽ യോഗം വിളിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ തീരുമാനിക്കുകയായിരുന്നു.
കത്ത് വിവാദം വിഷയമാക്കി യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു.തുടർന്ന് ഓംബുഡ്സ്മാൻ മേയർ ആര്യാ രാജേന്ദ്രനും കോർപറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാൽ കോർപറേഷനിൽ ഇന്നും ബിജെപി സമരം ചെയ്യുകയാണ്.ജനസേവാ കേന്ദ്രത്തിൽ ജീവനക്കാരില്ലെന്നും രാജ്ഭവൻ മാർച്ചിന് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുപോയെന്നും ആരോപിച്ചാണ് സമരം. ഇതേ ആരോപണം ഉന്നയിച്ച് കെ സുരേന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സുരേന്ദ്രനെ വിമർശിച്ചിരുന്നു. സർക്കാർ ജീവനക്കാരെ രാജ്ഭവൻ മാർച്ചിന് കൊണ്ടുപോയി എന്നതിന് തെളിവെവിടെ എന്നാണ് കോടതി ചോദിച്ചത്.