മണ്ഡല പുനർനിർണയ വ്യവസ്ഥയിൽ തട്ടി വനിതാ സംവരണ ബിൽ ഭേദഗഗതി ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തത് മോദി സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.
കേരളത്തിൽ വേനൽമഴ വൈകുന്നതിന് കാരണം കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ആന്റി സൈക്ലോൺ എന്ന ഉന്നത മർദ്ദ മേഖലയാണ്. ഈ പ്രതിഭാസം മേഘരൂപീകരണം തടയുന്നതിനാൽ കനത്ത ചൂട് അനുഭവപ്പെടുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഏപ്രില്‍ അവസാനത്തോടെ മാത്രമേ വേനൽമഴ സജീവമാകൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായ സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ. വിള്ളൽ രൂപപ്പെട്ട വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെയാണ് നടത്തുക. നിലവിൽ ചോർച്ച കണ്ടെത്തിയിരിക്കുന്നത് രണ്ടു വീടുകളിലാണ്.തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു.
മണ്ഡല പുനർനിർണ്ണയം സംബന്ധിച്ച ബിജെപി സർക്കാരിന്റെ പുതിയ നിലപാടുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവി അപകടത്തിലാക്കുമെന്ന് ഡോ. തോമസ് ഐസക്. ഹിന്ദി സംസ്ഥാനങ്ങൾക്ക് അമിത പ്രാതിനിധ്യം നൽകുന്ന ഈ പദ്ധതിക്ക് പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബിജെപി അടവുമാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന അപകടമാണെന്നും ഐസക് അക്കമിട്ട് നിരത്തുന്നു.
വാൽപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 9 അധ്യാപകർ മരിച്ചു. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയിട്ടുണ്ട്.
തളിപ്പറമ്പ് തിമിരിയിൽ ആർ എസ് എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരെയാണ് തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ആലപ്പുഴയിൽ മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ കേസ് എടുത്ത് പൊലീസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് എടുത്തത്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്.
മോണാലിസ-ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ. കേരളത്തിൽ അഭയം തേടിയെത്തിയ ദമ്പതികൾക്ക് നിയമോപദേശം നൽകിയ അദ്ദേഹം, പ്രായപൂർത്തിയായ മോണാലിസ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതായും വെളിപ്പെടുത്തി.
തിരുവനന്തപുരം പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസെടുത്തിരിക്കുന്നത്. കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു.
ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ സമർപ്പിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി.
സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചു. പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്. കൂടാതെ യാത്രക്കാരുടെയും തീര്‍ത്ഥാടകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്റ്റാലിനും രാഹുലും വേദി പങ്കിടില്ല. സ്റ്റാലിന്റെ പര്യടനം നേരത്തെ തീരുമാനിച്ചതാണെന്നും ആർ എസ് ഭാരതി പറഞ്ഞു. ഇനി മാറ്റം വരുത്തിയാൽ നാല്പതോളം മണ്ഡലങ്ങളെ ബാധിക്കും. രാഹുൽ വരുന്നത് ഡി എം കെ സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് ചോദിക്കാൻ ആണെന്നും ഭാരതി പറഞ്ഞു. നാളെ ആണ് രാഹുലിന്റെ തമിഴ്നാട് പര്യടനം തുടങ്ങുന്നത്.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ‘പതിനാറാം നമ്പർ’ പ്രയോഗം വലിയ ചർച്ചയായി. ഈ സംഖ്യ എന്താണെന്ന ആകാംക്ഷ നിലനിൽക്കെ, ഇത് ‘എപ്സ്റ്റീൻ’ ആണെന്ന സൂചനയുമായി കോൺഗ്രസ് രംഗത്തെത്തി. എന്നാൽ രാഹുൽ ഗാന്ധി ഇക്കാര്യം സ്ഥിരീകരിക്കാത്തതിനാൽ ആകാംക്ഷ തുടരുകയാണ്.
ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ.രാജ്യത്തെ വിഘടിച്ച് അധികാരം നേടാം എന്ന് കോണ്‍ഗ്രസ് വിചാരിക്കേണ്ടെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും പാർലമെന്റിൽ ഒരേ അധികാരമാണുള്ളതെന്നും അമിത് ഷാ പറഞ്ഞു
വനിത സംവരണത്തിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വനിത സംവരണ ബിൽ പാര്‍ലമെന്റിൽ പരാജയപ്പെട്ടാലും പിന്‍വലിക്കില്ലെന്നും പരാജയം നേരിടുമെന്നുമാണ് എൻഡിഎ വൃത്തങ്ങള്‍ അറിയിക്കുന്നത്.
രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണം സ്വയം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കർണാടകയിലെ ബിജെപി പ്രവർത്തകൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.
സിഐടിയു നേതാക്കളെ അനധികൃതമായി കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ നോയിഡയിൽ കുത്തിയിരിപ്പ് സമരം. കളക്ടറുടെ വസതിക്ക് മുന്നിൽ റോഡിൽ കുത്തിയിരുന്നാണ് എം എ ബേബി, ജോൺ ബ്രിട്ടാസ്, എ എ റഹിം, വി ശിവദാസൻ എന്നിവർ പ്രതിഷേധിക്കുന്നത്. നേതാക്കളെ വിട്ടയക്കാതെ പിന്മാറില്ലെന്ന് അവർ വ്യക്തമാക്കി
ഡേറ്റിംഗ് ആപ്പുകളിലൂടെയും മറ്റും 500-ൽ അധികം സ്ത്രീകളെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത ആനന്ദ് കുമാർ എന്ന 35-കാരനെ ദില്ലി പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാളെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് ഈ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
നാസിക് ടിസിഎസിലെ മതപരിവർത്തന ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട കേസുകളിൽ ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തി. കേസിൽ ഉൾപ്പെട്ട റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം പൊലീസിൻ്റെയും കേന്ദ്ര ഏജസികളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വിവിധ പരാതികളിൽ ഇത് വരെ 10 പേർ പൊലീസ് പിടിയിലായിട്ടുണ്ട്.
ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലെബനൻ-ഇസ്രായേൽ വെടിനിർത്തലിന്റെ ശേഷിക്കുന്ന കാലയളവിൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് പാത തുറന്ന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ലഷ്കർ ഇ ത്വയ്ബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് (67) നേരെ വീണ്ടും വെടിവെയ്പ്പ്. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പ്രതികാരം ചെയ്യുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഷ്കർ കമാൻഡർ അമീർ ഹംസയ്ക്ക് വെടിയേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് ലാഹോറിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ അമീറിന് നേരെ ആക്രമണം നടത്തിയത്.
