പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം 160 ഡ്യൂക്ക് റേഞ്ച് വിപുലീകരിച്ചു. അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേയോടുകൂടിയ പുതിയ വേരിയന്റ് അവതരിപ്പിച്ചാണ് ഡ്യൂക്ക് ശ്രേണി വലുതാക്കിയത്. 1.79 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. ഈ വേരിയന്റിന് എല്‍സിഡി ഡിസ്‌പ്ലേയുള്ള സ്റ്റാന്‍ഡേര്‍ഡ് 160 ഡ്യൂക്കിനേക്കാള്‍ ഏകദേശം 9,000 രൂപ കൂടുതലാണ്. 160 ഡ്യൂക്കിലെ പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ജെന്‍3കെടിഎം 390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ്. റൈഡര്‍മാര്‍ക്ക് വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന ഫോര്‍-വേ മെനു സെലക്ടര്‍ ആണ് ഇതിന്റെ പ്രത്യേകത. ബോണ്ടഡ് ഗ്ലാസ് ഡിസ്‌പ്ലേയുമായി ജോടിയാക്കിയ പരിഷ്‌കരിച്ച സ്വിച്ച് ഗിയറാണ് ഇത് സാധ്യമാക്കുന്നത്. കെടിഎം മൈ റൈഡ് ആപ്പുമായി ബന്ധിപ്പിക്കുമ്പോള്‍ സ്‌ക്രീന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും നാവിഗേഷനെയും പിന്തുണയ്ക്കുന്നു. 18.73 ബിഎച്ച്പിയും 15.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 164 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ജോടിയാക്കിയിരിക്കുന്നു.
