ഗവർണറുടെ മാധ്യമവിലക്കിൽ വ്യാപക പ്രതിഷേധം. ഇതംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണം.പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ മാധ്യമങ്ങളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. മാധ്യമ പ്രവർത്തകരെ ഇറക്കിവിടുന്നത് ജനാധിപത്യവിരുദ്ധം ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ചു. കെയുഡബ്ല്യുജെ കൊച്ചിയിൽ മാധ്യമ ബഹിഷ്ക്കരണത്തിന് എതിരെ പ്രകടനം നടത്തി. ഗവർണറുടെ നടപടി വിവേചനപരവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ഈ നിലയിൽ തുടർന്നാൽ ഗവർണറെ ബഹിഷ്ക്കരിക്കേണ്ടി വരുമെന്നും കെ ടി എഫ് പറഞ്ഞു.