കൊളസ്ട്രോളുള്ള വിവരം അറിയാതെ ഏറെ മുന്നോട്ടുപോകുമ്പോള്‍ രോഗിയില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. കൊളസ്ട്രോള്‍ ശ്രദ്ധിക്കാതെ മുന്നോട്ടു പോകുമ്പോള്‍ അധികമായ കൊഴുപ്പ് രക്തക്കുഴലുകളില്‍ അടിയാന് തുടങ്ങും. ഇത് രക്തക്കുഴലുകളിലൂടെ സുഗമമായി രക്തയോട്ടം നടക്കുന്നത് തടയും. ഇതോടെയാണ് ഇപ്പറയുന്ന ലക്ഷണം കാണപ്പെടുക. അതായത് ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക്- പ്രത്യേകിച്ച് കാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇങ്ങനെ ഭാഗികമായി പ്രശ്നത്തിലാവുക. ഈ അവസ്ഥയെ ‘പെരിഫറല്‍ ആര്‍ട്ടെറി ഡിസീസ്’ (പിഎഡി) എന്നാണ് പറയുന്നത്. രക്തയോട്ടം പ്രശ്നത്തിലാകുന്നതോടെ കാലില്‍ അസ്വസ്ഥത, വേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളുണ്ടാകുന്നു. എന്തെങ്കിലും ജോലി ചെയ്യുമ്പോഴായിരിക്കും അധികവും ഈ വേദന അനുഭവപ്പെടുക. വിശ്രമിക്കുമ്പോള്‍ ഇത് കുറയുകയും ചെയ്യാം. കാലിന്റെ മസിലിന്റെ ഭാഗത്തായിരിക്കും വേദന കൂടുതല്‍. ഇത് പിന്നെ അരിച്ചരിച്ച് തുടകളിലേക്കും പിന്ഭാഗത്തേക്കുമെല്ലാം എത്താം. ക്രമേണ കായികമായ കാര്യങ്ങളിലൊന്നും സജീവമാകാന്‍ കഴിയാതെയാകാം. കാല്പാദം എപ്പോഴും തണുത്തിരിക്കുക, ചര്‍മ്മത്തില്‍ ചുവപ്പ് അടക്കമുള്ള നിറവ്യത്യാസം, കാല്‍വിരലുകളിലും മറ്റും എപ്പോഴും അണുബാധയുണ്ടാവുക, ഇത് മാറാതിരിക്കുക, കാലുകളില്‍ മരവിപ്പ്, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പിഎഡി മൂലമുണ്ടാകാം. കാലുവേദന പല കാരണങ്ങള്‍ കൊണ്ടും വരാം.വളരെ ലളിതമായ രക്തപരിശോധനയിലൂടെ തന്നെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താവുന്നതേയുള്ളൂ. അതിനാല്‍ ആറുമാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലോ എങ്കിലും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നത് എപ്പോഴും നല്ലതാണ്.