◾പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കണമെന്ന് സുപ്രീം കോടതി. 15,000 രൂപ മേല്‍പരിധി നിശ്ചയിച്ചും തൊഴിലാളികള്‍ 1.16 ശതമാനം വിഹിതം അടയ്ക്കണമെന്നുമുള്ള കേന്ദ്ര ഉത്തരവ് റദ്ദാക്കി. പുതിയ പദ്ധതിയില്‍ ചേരാന്‍ നാലു മാസംകൂടി സാവകാശം നല്‍കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് ഡല്‍ഹി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒയും തൊഴില്‍ മന്ത്രാലയവും സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

◾തെലങ്കാനയിലെ ‘ഓപ്പറേഷന്‍ കമലം’ വിശദീകരിച്ച് സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാര്‍ക്കും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കത്തെഴുതി. ബിജെപിക്കെതിരായ തെളിവുകളുടെ പകര്‍പ്പു സഹിതമാണ് കത്ത്. നാലു സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി പദ്ധതിയിട്ടെന്ന് അവകാശപ്പെട്ട വീഡിയോ തെളിവുകളുമുണ്ട്. രാജ്യത്തെ രക്ഷിക്കൂ എന്ന അഭ്യര്‍ത്ഥനയോടെയാണ് കത്ത്. തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇടപാടിനു പിന്നിലെന്നാണ് ആരോപണം.

◾ഗവര്‍ണര്‍ക്കെതിരേ വീണ്ടും കേരള സര്‍വകലാശാല സെനറ്റ്. വൈസ് ചാന്‍സലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഓഗസ്റ്റില്‍ പാസാക്കിയ പ്രമേയത്തില്‍ ഭേദഗതി വരുത്തിയാണു പാസാക്കിയത്. സെര്‍ച്ച് കമ്മിറ്റിക്കു നിയമപരമായ നിലനില്‍പ്പില്ലെന്നും നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്നും പ്രമേയത്തിലൂടെ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. 57 അംഗ സെനറ്റിലെ അമ്പത് ഇടത് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.

നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
ksfe.com/offers/ksfe-bhadratha-smart-chits-2022

◾എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ താത്ക്കാലിക വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കാനെത്തിയ ഡോ. സിസ തോമസിനെ എസ്എഫ്ഐ പ്രവര്‍ത്തകരും ജീവനക്കാരും ക്യാംപസില്‍ തടഞ്ഞു. പോലീസ് സംരക്ഷണത്തോടെയാണ് അവര്‍ ഓഫീസലെത്തിയത്. ഡെപ്യൂട്ടി രജിസ്ട്രാര്‍ ഉള്‍പ്പടെ അമ്പതിലേറെ പ്രധാന ജീവനക്കാരെല്ലാം സമരത്തിലാണ്. രജിസ്ട്രാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഒപ്പു വയ്ക്കാനുള്ള രജിസ്റ്റര്‍ കിട്ടിയില്ല. ചുമതല താത്കാലികമാണെന്നും ജീവനക്കാര്‍ പ്രതിഷേധിച്ചത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

◾കാറില്‍ ചാരി നിന്ന പിഞ്ചുബാലനെ കാലുകൊണ്ടു തൊഴിച്ചു തെറിപ്പിച്ച സംഭവത്തില്‍ കാറുടമയായ അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു. തലശേരിയില്‍ ഗണേഷ് എന്ന കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റു ചെയ്തത്. കുട്ടിയെ തൊഴിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗവര്‍ണര്‍ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖

◾ഇടപ്പള്ളിക്കും അരൂരിനും ഇടയില്‍ 18 കിലോമീറ്റര്‍ ആകാശപാത നിര്‍മ്മിക്കാന്‍ ദേശീയപാത അതോറിറ്റി. മൂന്നു ഫ്ളൈ ഓവറുകള്‍ പണിതിട്ടും ആലപ്പുഴ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയാത്തതിനാലാണ് പുതിയ നീക്കം. ദേശീയപാത അതോറിറ്റി ജനപ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ച നടത്തി.

◾സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവിനെ വിലയിരുത്തുന്ന 2020-21 പെര്‍ഫോമിംഗ് ഗ്രേഡ് ഇന്‍ഡക്‌സില്‍ കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഒന്നാമതെത്തി. ആയിരത്തില്‍ 928 എന്ന സ്‌കോര്‍ നേടിയാണ് മൂന്ന് സംസ്ഥാനങ്ങളും ഒന്നാമതെത്തിയത്.

◾ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇവരെ നാലു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡില്‍ വേണമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

◾’ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ’ എന്ന യുജിസി നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ‘ഒരു രാജ്യം ഒരു മതം’ ഒരു സംസ്‌കാരമെന്ന സംഘപരിവാര്‍ നയം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാനുള്ള ശ്രമമെന്ന് എസ്എഫ്ഐ ആരോപിച്ചു. നീക്കം ഏകപക്ഷീയമായി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എന്‍ എസ് യു പ്രതികരിച്ചു.

◾പൊലീസിന്റെ വാഹന പരിശോധന സുരക്ഷിതമായി നടത്തണമെന്ന് പോലീസ് , ഗതാഗത വകുപ്പ് അധികൃതര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അപകടസാധ്യതയുള്ള വളവുകളില്‍ വാഹന പരിശോധന നടത്തരുത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി.

◾മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു തരണമെന്ന ഹര്‍ജി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം.

◾കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രി നേത്രരോഗ വിഭാഗത്തിലെ ഡോ. ഷാജി മാത്യുവിനെയാണ് 3,000 രൂപ സഹിതം പിടികൂടിയത്. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്.

◾തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമലത്തിന്’ പിന്നില്‍ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണണെന്നും തുഷാര്‍ ആവശ്യപ്പെട്ടു.

◾’തനിക്ക് ഒന്നുകില്‍ പൊലീസ് ആവണം, അല്ലെങ്കില്‍ മാവോയിസ്റ്റ് ആവണം’ എന്ന് ആദിവാസി ബാലന്‍ പറയുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തയാളെ അറസ്റ്റു ചെയ്തു. നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘മിത്ര ജ്യോതി ട്രൈബല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍’ എന്ന സംഘടന ചെയര്‍മാന്‍ മഞ്ചേരി മേലാക്കം കോലോത്തും തൊടിക അജ്മല്‍ (28) ആണ് പിടിയിലായത്.

◾കുതിരാനിലെ വഴക്കുംപാറ വനഭൂമിയില്‍ അജ്ഞാതന്റെ മൃതദേഹാവശിഷ്ടങ്ങള്‍. സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

◾കാസര്‍കോട് വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ കൂടി അറസ്റ്റില്‍. മുളിയാര്‍ മാസ്തികുണ്ട് സ്വദേശികളായ അന്‍സാറുദ്ദീന്‍ (29) മുഹമ്മദ് ജലാല്‍ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

◾ഭാര്യ കാമുകനൊപ്പം ഗൂഡാലോചന നടത്തി ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാറശാല പൊലീസ് കേസെടുത്തില്ലെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പാറശ്ശാല സ്വദേശിയായ സുധീര്‍. പരാതി നല്‍കി മാസങ്ങളായിട്ടും അന്വേഷിക്കാനോ കേസെടുക്കാനോ തയാറായില്ലെന്നാണു പരാതി.

◾വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഇരിങ്ങാലക്കുട കോണത്തുകുന്നിലെ ഒഴിഞ്ഞ പറമ്പില്‍ ഇരിങ്ങാലക്കുട കപ്പട്ടിത്തറ കണ്ണന്റെ മകള്‍ ജാനുവാണ് (80) മരിച്ചത്.

◾അട്ടപ്പാടിയില്‍ കാട്ടാന ഒരു വീടും ദ്രുതപ്രതികരണ സംഘത്തിന്റെ വാഹനവും തകര്‍ത്തു. താവളം കരിവടം മൊട്ടി കോളനിയിലാണ് കാട്ടാനയുടെ ആക്രമണം. മൊട്ടി കോളനിയിലെ മണിയന്റെ വീടാണ് കാട്ടാന തകര്‍ത്തത്. വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

◾ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്ന് ഡല്‍ഹി കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് കുറ്റകൃത്യമാകുകയെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി നിരീക്ഷിച്ചു.

◾കോയമ്പത്തൂരില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ പോകന്നതിനു തൊട്ടു മുമ്പ് ജമേഷ മുബീന്‍ ഐഎസ് ശൈലിയിയില്‍ ശരീരത്തെ രോമം ഷേവ് ചെയ്തു നീക്കിയിരുന്നെന്ന് പൊലീസ്. ദീപാവലിക്കു തലേന്ന് സംഗമേശ്വര ക്ഷേത്രത്തിനു സമീപമാണു സ്ഫോടനം നടത്തിയത്.

◾അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെ എന്‍ സി ആര്‍ മേഖലയില്‍ വായു ഗുണ നിലവാര സൂചിക 500 കടന്നു. പുകമഞ്ഞുമുണ്ട്. ഉത്തര്‍പ്രദേശ് -ഡല്‍ഹി അതിര്‍ത്തിയിലെ ഗൗതം ബുദ്ധനഗര്‍ ജില്ലയില്‍ സ്‌കൂളുകള്‍ അടച്ചു. നവംബര്‍ എട്ടുവരെ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

◾ആധാര്‍ കാര്‍ഡും മറ്റ് രേഖകളും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച ഗര്‍ഭിണി പ്രവസത്തില്‍ മരിച്ചു. ഭര്‍ത്താവ് ഈയിടെ മരിച്ച മുപ്പതുകാരിയായ കസ്തൂരിയാണു വീട്ടില്‍ പ്രസവിച്ചത്. ഇരട്ടക്കുട്ടികളായിരുന്നു. വൈകാതെ അമ്മയും കുഞ്ഞും മരിക്കുകയുമായിരുന്നു. ബംഗളൂരുവിനടുത്ത തുംകുംരുവിലാണു സംഭവം.

◾സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിന്റെ ബാഡ്മിന്റണില്‍ മലയാളി പെണ്‍കുട്ടി സ്വര്‍ണമെഡലും 10 ലക്ഷം റിയാല്‍ സമ്മാനവും നേടി. രണ്ടു കോടി 20 ലക്ഷം രൂപയുടെ സമ്മാന ജേതാവായത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇന്‍ര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കുളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഖദീജ നിസയാണ്.

◾അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസി ഇന്ത്യയിലെ എഡ്യുടെക്ക് കമ്പനിയായ ബൈജൂസിന്റെ അംബാസഡര്‍. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോണ്‍സര്‍മാരായ ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണത്തിനിടെയാണ് വന്‍തുക മുടക്കി മെസിയെ അംബാസഡറാക്കിയത്.

◾സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. പിന്നീടുള്ള രണ്ടുദിവസങ്ങളിലായി 600 രൂപയാണ് കുറഞ്ഞത്. ഉത്സവസീസണ്‍ ആയതോടെ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.

◾അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസി പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ അംബാസഡര്‍. മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറാകുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് താല്‍പര്യമെന്ന് മെസി പറഞ്ഞതായി ബൈജൂസ് അറിയിച്ചു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ അംബാസഡര്‍ ആകാനാണ് ധാരണയായത്. താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന് വലിയ കായിക താരമായി വിജയിച്ച ആളാണ് മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ആശയം നിറവേറ്റാന്‍ മെസിയുടെ സഹകരണം കമ്പനിക്ക് പ്രചോദനമാകുമെന്നും ബൈജൂസ് അറിയിച്ചു.

◾വിചിത്രം സിനിമയിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അച്ചു വിജയന്‍ ആയിരുന്നു. ചിത്രത്തിലെ ‘ആത്മാവിന്‍ സ്വപ്നങ്ങള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് പരമേശ്വരന്‍ ആണ്. ജോഫി ചിറയത്ത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. ഷൈന്‍ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയിയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◾നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ചില്‍ മഗ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. മര്‍ത്യന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തന്‍ തലമുറ യുവാക്കളുടെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ഭാസ്‌കറിന്റേതാണ് രചന.

◾കാര്‍ത്തി നായകനായി എത്തിയ ചിത്രം സര്‍ദാറിന്റെ വന്‍വിജയം ആഘോഷിക്കാന്‍ സംവിധായകന്‍ പി എസ് മിത്രന് ടൊയോട്ട ഫോര്‍ച്യൂണര്‍ സമ്മാനിച്ച് നിര്‍മാതാവ് ലക്ഷ്മണ്‍ കുമാര്‍. കാര്‍ത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ സംവിധായകന് കൈമാറിയത്. ടൊയോട്ടയുടെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ് ഫോര്‍ച്യൂണര്‍. 2.8 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനോടെയാണു ഫോര്‍ച്യൂണര്‍ വില്‍പനയ്ക്കെത്തിയത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും നല്‍കും. 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 164 ബിഎച്ച്പി കരുത്തും 245 എന്‍ എം ടോര്‍ക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യതകള്‍.

◾പോളിഫോണിക് രീതിയില്‍ വിവിധ കഥാപാത്രങ്ങള്‍ തങ്ങളുടെ മാനസികവ്യാപാരങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയില്‍ രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില്‍ വിവിധ സമയങ്ങളിലുള്ള സംഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥലരാശികള്‍ നല്‍കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണവുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. മനുഷ്യജീവന് വിലയില്ലാത്ത, സ്വാതന്ത്ര്യം അപ്രാപ്യമായ, സ്വാര്‍ത്ഥത മുഖമുദ്രയാകുന്ന കറുത്ത ലോകമാണ് യൂസുഫ് ഫാദിലിന്റെ ‘ഹയാതുല്‍ ഫറാശാത്ത്’ തുറന്നുകാട്ടുന്നത്. ലളിതമായി വായിച്ചുപോകാവുന്ന നോവല്‍. ‘ശലഭ ജീവിതങ്ങള്‍’. വിവര്‍ത്തനം – എന്‍. ശംനാദ്. ഗ്രീന്‍ ബുക്സ്. വില 475 രൂപ.

◾വൃക്കകളെയും വരെ ഉയര്‍ന്ന രക്തസമ്മര്‍ദം പ്രതികൂലമായി ബാധിക്കാം. ശരീരത്തില്‍ നിന്ന് അമിതമായ ദ്രാവകങ്ങളും മാലിന്യങ്ങളുമൊക്കെ അരിച്ചു കളയുകയാണ് വൃക്കകളുടെ പ്രധാന പണി. എന്നാല്‍ ഇതിന് വൃക്കകള്‍ക്ക് സാധിക്കണമെങ്കില്‍ ആരോഗ്യമുള്ള രക്തധമനികള്‍ കൂടി അതിന് ചുറ്റും ആവശ്യമാണ്. വൃക്കകളിലെ ചെറിയ വിരലിന്റെ ആകൃതിയിലുള്ള നെഫ്രോണുകളാണ് രക്തത്തെ അരിക്കുന്നത്. ഇവയ്ക്ക് രക്തംവിതരണം ചെയ്യുന്നത് മുടിനാരുകള്‍ പോലുള്ള ചെറിയ രക്തധമനികളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം രക്തധമനികള്‍ ചെറുതാകുകയോ ദുര്‍ബലമാകുകയോ അയവില്ലാത്തതോ ആകാം. ഇങ്ങനെ വന്നാല്‍ നെഫ്രോണുകള്‍ക്ക് രക്തധമനികളില്‍ നിന്ന് ആവശ്യമുള്ള ഓക്‌സിജനും പോഷണങ്ങളും ലഭിക്കില്ല. രക്തത്തെ ശുദ്ധീകരിക്കാനും ശരീരത്തിലെ ദ്രാവകങ്ങളെയും ഹോര്‍മോണുകളെയും ആസിഡുകളെയും ഉപ്പുകളെയും നിയന്ത്രിക്കാനനും അങ്ങനെ വൃക്കകള്‍ക്ക് കഴിയാതെ വരും. മാലിന്യങ്ങളും ദ്രാവകങ്ങളും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് വീണ്ടും രക്തസമ്മര്‍ദം ഉയര്‍ത്തും. വീണ്ടും രക്തസമ്മര്‍ദം ഉയരുന്നതോടെ വൃക്കകളുടെ ആരോഗ്യം വീണ്ടും കഷ്ടത്തിലാകുന്നതാണ്. ഇതിങ്ങനെ ചാക്രികമായി പരസ്പരം സ്വാധീനിച്ച് തുടര്‍ന്നു കൊണ്ടേയിരിക്കും. രക്തസമ്മര്‍ദത്തിനൊപ്പം പ്രമേഹവും കൂടി ചേരുന്നത് വൃക്കകള്‍ക്ക് ഇരട്ടി പ്രഹരമേല്‍പ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.58, പൗണ്ട് – 92.59, യൂറോ – 80.71, സ്വിസ് ഫ്രാങ്ക് – 81.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.35, ബഹറിന്‍ ദിനാര്‍ – 219.08, കുവൈത്ത് ദിനാര്‍ -265.93, ഒമാനി റിയാല്‍ – 214.52, സൗദി റിയാല്‍ – 21.97, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 60.43

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *