തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമായി 845 സ്ക്വാഡുകൾ പങ്കെടുത്ത പരിശോധനകളിൽ 2455 ചട്ടലംഘനങ്ങൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 1.17 കോടി രൂപ പിഴ ചുമത്തി.ശുചിത്വനിയമങ്ങൾ കർശനമായി നടപ്പാക്കാനും ‘മാലിന്യമുക്ത കേരളം’ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനും ലക്ഷ്യമിട്ട് വകുപ്പ് തുടർച്ചയായി നടത്തുന്ന നടപടികളുടെ ഭാഗമാണ് ഈ പരിശോധന. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (359) ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. കൊല്ലം (323), കോഴിക്കോട് (315) ജില്ലകളിലും മുന്നൂറിൽ കൂടുതൽ ലംഘനങ്ങൾ കണ്ടെത്തി. തൃശൂർ ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ (17.77 ലക്ഷം) പിഴ ചുമത്തിയത്.
