◾കാസര്‍കോട് പെരിയയില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരുന്ന ദേശീയ പാതയുടെ അടിപ്പാത തകര്‍ന്നുവീണു. അടിപ്പാതയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. പെരിയ കല്ലോട്ട് റോഡിനായുള്ള അടിപ്പാതയാണ് തകര്‍ന്നത്. കോണ്‍ക്രീറ്റിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുടെ ബലക്ഷയമാണു കാരണമെന്നു പ്രാഥമിക നിഗമനം.
◾ഇന്നലെ രാത്രി തകര്‍ന്ന കൊല്ലം പത്തനാപുരം കല്ലുങ്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ മൂന്നു ദിവസമെടുക്കും. തമിഴ്‌നാട്ടില്‍നിന്നുള്ള ചരക്ക് ഗതാഗതവും തടസപ്പെട്ടു. റോഡ് തകര്‍ന്നതില്‍ കരാറുകാരനെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.
◾സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാനത്തിന്റെ അധികാരം ദുരുപയോഗിച്ചെന്നും വിചാരണ കേരളത്തില്‍നിന്ന് മാറ്റാന്‍ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്കു കളങ്കമാകുമെന്ന കേരളത്തിന്റെ വ്യാഖ്യാനത്തെ ഇഡി നിഷേധിച്ചു. നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കലാണു പ്രധാന്യം.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കിയ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ നടപടിക്ക് ഒരുങ്ങുന്നു. പ്രമേയം പാസാക്കിയതില്‍ വിശദീകരണം തേടാനാണു നീക്കം. പ്രമേയത്തിന് വിസി അനുമതി നല്‍കിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തല്‍.
◾വിഷാംശം കലര്‍ന്ന ജൂസ് കുടിച്ച് ഛര്‍ദിച്ച് അവശതയിലായി മരിച്ച പാറശ്ശാല സ്വദേശി ഷാരോണ്‍ രാജും പെണ്‍കുട്ടിയും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. കഷായം കുടിച്ചെന്നു വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോണിന്റെ സന്ദേശത്തിലുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന പെണ്‍കുട്ടിയുടെ പ്രതികരണവും പുറത്തുവന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്.
◾കള്ളനോട്ടു സംഘത്തിലെ അഞ്ചുപേരെ രണ്ടു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയുമായി പിടികൂടി. ആലപ്പുഴ എസ് ബിഐ ബാങ്കില്‍ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസിലാണ് അഞ്ചു പേരെ പിടികൂടിയത്. ആലപ്പുഴ കണ്ണമ്പള്ളിഭാഗം നൗഫല്‍ (38), കായംകുളം ജോസഫ് (34), ഓച്ചിറ കോലേപ്പള്ളില്‍ മോഹനന്‍ (66) ആലപ്പുഴ പടിഞ്ഞാറ് ഹനീഷ് ഹക്കിം( 35), ഓച്ചിറ അമ്പിളി എന്ന ജയചന്ദ്രന്‍ (54) എന്നിവരാണ് പിടിയിലായത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മകന്‍ സെല്‍വരാജ് വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയില്‍ കാത്തിരിക്കുകയാണെന്നും മൃതദേഹം വിട്ടുതരണമെന്നും പത്മയുടെ മകന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി.
◾പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഗൂഢാലോചനയില്‍ റൗഫിന് പങ്കുണ്ടെന്നാണു സംശയം.
◾സംസ്ഥാനത്ത് പ്രതിപക്ഷത്ത് നല്ല നേതാക്കളുണ്ടെങ്കിലും ഏകോപനമില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ ദേശീയ നേതൃ നിരയില്‍നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കുന്നില്ലെന്നും ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് ഉണര്‍വുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾തൃശൂര്‍ മതിലകത്ത് എസ്ഐയെ ആക്രമിച്ച ക്രിമിനല്‍ സംഘത്തെ അറസ്റ്റു ചെയ്തു. മതിലകം എസ്.ഐ മിഥുന്‍ മാത്യുവിനെ ആക്രമിച്ചതിന് എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖില്‍ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾വിവാഹിതയായ യുവതി കാമുകനൊപ്പം പോകാതെ വീട്ടിലേക്കു പോകുകയാണെന്ന് അറിയിച്ചതോടെ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ യുവാവ് കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരത്തുനിന്ന് കാണാതായ 26 കാരിക്കൊപ്പം എത്തിയ മലപ്പുറം നിലമ്പൂര്‍ കരുളായി സ്വദേശി അക്ബറലിയാണ് (24) ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.
◾ആക്രി വിറ്റ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പാലൂര്‍ക്കാവ് തോട്ടില്‍ കുഞ്ഞുമോന്‍ കൊല്ലപ്പെട്ട കേസിലാണ് ഒപ്പം ജോലി ചെയ്തിരുന്ന സഞ്ജു പിടിയിലായത്. തിരുവോണത്തിനു തലേന്നാണ് ഇടുക്കി ജില്ലയിലെ പാലൂര്‍ക്കാവ് തോട്ടില്‍ കുഞ്ഞുമോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ മുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്.
◾ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തില്‍ രമണി (62), ഭര്‍ത്താവ് വേലായുധന്‍ (70) എന്നിവരാണ് ജീവനൊടുക്കിയത്.
◾പൊലീസ് തടഞ്ഞുവച്ചതുമൂലം യുവാവിന് പിഎസ്സി പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം. പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുവച്ചത്.
◾എടപ്പാളില്‍ തെരുവുനായ കുറുകെ ചാടിയതുമൂലം ബൈക്കില്‍നിന്നു തെറിച്ചു വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് സ്വദേശി വിപിന്‍ ദാസാണ് (31) മരിച്ചത്. പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോയിരുന്ന കാറാണ് ഇടിച്ചത്. നിര്‍ത്താതെ പോയ കാറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
◾പെണ്‍വാണിഭം നടത്തിയെന്നാരോപിച്ച് മുട്ടില്‍ ആനപ്പാറവയല്‍ സ്വദേശിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ച മീനങ്ങാടി എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ജില്ല പൊലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയത്.
◾മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ സിപിഐ – കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഐയിലെ പി. സന്തോഷ് (42), കോണ്‍ഗ്രസ് അംഗം പി. തങ്കമുടി (54) എന്നിവര്‍ക്കു പരിക്കേറ്റു. രണ്ടു മാസം മുമ്പ് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന തങ്കമുടിയും സിപിഐ അംഗങ്ങളും തമ്മിലുള്ള വഴക്കാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
◾ഹോണ്‍ മുഴക്കിയതിന് കെഎസ്ആര്‍ടിസി ഡ്രൈവറെ വലിച്ചിറക്കി മര്‍ദ്ദിച്ച ബൈക്ക് യാത്രക്കാരന്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ചിറ്റൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് കൊഴിഞ്ഞാമ്പാറയില്‍ മര്‍ദ്ദനമേറ്റത്.
◾21 വര്‍ഷം ഭക്ഷണം കഴിക്കനാകാതെ ക്ളേശിച്ച ലക്ഷ്വദ്വീപ് സ്വദേശിനിയായ 27 കാരി മര്‍ജാനയുടെ അന്നനാളത്തിലെ തടസം നീക്കി. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലായിരുന്നു അപൂര്‍വ ശസ്ത്രക്രിയ. ഭക്ഷണം കഴിക്കാനാകാത്തതുമൂലം ശോഷിച്ച മര്‍ജാനയുടെ ശരീരത്തിന് വെറും 26 കിലോഗ്രാമായിരുന്നു ഭാരം. അമിനി ദ്വീപ് സ്വദേശികളായ കുഞ്ഞി കോയയുടെയും കുഞ്ഞിബിയുടെയും മകളായ മര്‍ജാന.
◾ക്ഷേത്രത്തില്‍ തൊഴുതശേഷം മോഷ്ടിച്ചു മുങ്ങിയ കള്ളന്‍ രാജേഷ് പിടിയിലായി. ആലപ്പഴയിലെ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലാണ് തൊഴുതു മോഷണം നടത്തിയത്.
◾ഉക്കടം കാര്‍ ബോബ് സ്ഫോടനം കൂടുതല്‍ വലിയ ആള്‍നാശമുണ്ടാക്കുന്ന സ്ഫോടനത്തിനാണു ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള്‍ പറഞ്ഞെന്ന് അന്വേഷണ സംഘം. മൂന്നു ക്ഷേത്രങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പരിപാടി. ആക്രമണം നടന്ന സംഗമേശ്വര്‍ ക്ഷേത്രം, മുണ്ടി വിനായകര്‍ ക്ഷേത്രം, കോന്നിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇതിനായി നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ട്.
◾ഉക്കടം സ്ഫോടനത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ 31 നു ബന്ത് നടത്തുമെന്ന് കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എയും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസന്‍. എന്നാല്‍ ബന്ത് നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
◾പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ ഉത്തരവിനു പിറകേ ഭക്ഷ്യ പൊതുവിതരണ വകുപ്പും ഉത്തരവിറക്കി.
◾കൂടിക്കാഴ്ചക്കുള്ള രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന തള്ളി രാഹുല്‍ ഗാന്ധി . ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് രാഹുല്‍ എഐസിസിയെ അറിയിച്ചു. സംഘടന കാര്യങ്ങളില്‍ അധ്യക്ഷന് പൂര്‍ണ ചുമതലയെന്നാണ് രാഹുലിന്റെ നിലപാട്.
◾എലോണ്‍ മസ്‌ക് ഏറ്റെടുത്ത ട്വിറ്റര്‍ ഇനിയെങ്കിലും വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ നിലപാടെടുക്കുമെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തില്ലെന്നും പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്കു തെരഞ്ഞെടുക്കാമെന്ന് പ്രചാരണത്തിനു തുടക്കമിട്ട അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്ത് റാലികളും ടൗണ്‍ഹാളുകളും സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ വാഗ്ദാനം ചെയ്തുമാണ് കെജരിവാള്‍ ഗുജറാത്തിലെ ഭരണം പിടിക്കാന്‍ പ്രചാരണം നടത്തുന്നത്.
◾ബിഹാറില്‍ പൂജയ്ക്കായി ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 36 പേര്‍ക്കു പൊള്ളലേറ്റു. തീയണയ്ക്കാന്‍ എത്തിയ പോലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. അനില്‍ ഗോസ്വാമി എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്.
◾യമുനാ നദിയിലെ വെള്ളം പതഞ്ഞു പൊങ്ങുന്നത് തടയാന്‍ രാസവസ്തുക്കള്‍ പ്രയോഗിക്കാനെത്തിയ ഡല്‍ഹി ജല ബോര്‍ഡിലെ ഉദ്യോഗസ്ഥരോട് ബിജെപി എംപി വര്‍വേശ് വര്‍മ്മ തട്ടിക്കയറി. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
◾അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി നാന്‍സിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയുടെ തല ചുറ്റികകൊണ്ട് അടിച്ചു തകര്‍ത്തു. ഗുരുതര പരിക്കേറ്റ 82 കാരനായ പോള്‍ പെലോസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലെ സാന്‍സ്ഫ്രാന്‍സിസ്‌കോയിലെ വീട്ടില്‍ അക്രമം നടത്തിയ നാല്‍പത്തിരണ്ടുകാരനായ ഡെ പേപ് എന്നയാളെ അറസ്റ്റു ചെയ്തു.
◾ഇറാഖില്‍ മുഹമ്മദ് ഷിയ അല്‍ സുഡാനി (52) യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍. 21 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. മുന്‍ ഇറാഖി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മുഹമ്മദ് ഷിയ അല്‍ സുഡാനി. ഒരു വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണു പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്.
◾ഇംഗ്ലണ്ടില്‍ സ്വത്ത് തട്ടിയെടുക്കാന്‍ 67 കാരിയായ അയല്‍വാസിയെ തലയറുത്തു കൊന്ന യുവതി ജെമ്മ മിച്ചലിനു ജീവപര്യന്തം തടവ്. മീ കൂന്‍ ചോങ്ങിനെ കൊലപ്പെടുത്തിയശേഷം തലയറുത്ത് ശരീരം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചിരുന്നു.
◾ട്വന്റി 20 ലോകകപ്പില്‍ നാളെ ഇന്ത്യ – ദക്ഷിണാഫ്രിക്ക പോരാട്ടം. നാളെ വൈകിട്ട് ഇന്ത്യന്‍സമയം നാലരയ്ക്ക് പെര്‍ത്തിലാണ് മത്സരം. മത്സരത്തില്‍ ജയിച്ചാല്‍ ഗ്രൂപ്പ് രണ്ടിന്റെ തലപ്പത്തുള്ള ഇന്ത്യക്ക് സെമി ഏതാണ്ടുറപ്പിക്കാം.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4675 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 3865 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
◾ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനല്‍ വരുന്നു. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ടാണ് യൂട്യൂബിന്റെ ഈ ചുവടുവയ്പ്പ്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇത്. ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ മാനസികാരോഗ്യവിദഗ്ധര്‍, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് യൂട്യൂബ് വേരിഫിക്കേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതല്‍ ആളുകള്‍ യൂട്യൂബിലേക്ക് കടന്നുവരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും ഈ ചുവടുവയ്പ്പ് ഗുണകരമാകും.
◾റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന ഒന്നാണ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നേരത്തെ സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്.
◾ഒരു മാസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് പൊന്നിയിന്‍ സെല്‍വന്‍ നേടിയത് 482 കോടി. ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ നിന്നു മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. 215 കോടിയാണ് ആകെ നേട്ടം. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 23 കോടി, കര്‍ണാടകത്തില്‍ നിന്ന് 27 കോടി, കേരളത്തില്‍ നിന്ന് 24 കോടി, ഉത്തരേന്ത്യയില്‍ നിന്ന് 29 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ നേട്ടം. ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. നവംബര്‍ 4 മുതല്‍ പ്രൈം വീഡിയോയുടെ എല്ലാ സബ്സ്‌ക്രൈബേഴ്സിനും ചിത്രം അധികതുക നല്‍കാതെ കാണാനാവും.
◾2022 ജൂലൈ ആദ്യവാരത്തില്‍ ആണ് മാരുതി സുസുക്കി ബ്രെസ സബ്-4 മീറ്റര്‍ എസ്യുവിയെ പുറത്തിറക്കിയത്. കഴിഞ്ഞ മൂന്നുനാല് മാസത്തിനുള്ളില്‍ ഒരുലക്ഷത്തിലധികം ബുക്കിംഗുകള്‍ രേഖപ്പെടുത്തി. ബ്രെസയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാന്‍ കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നു. മാരുതി ബ്രെസ്സ പെട്രോള്‍ മാനുവലിന് 7.99 ലക്ഷം മുതല്‍ 12.30 ലക്ഷം വരെയാണ് വില. സിഎന്‍ജി പതിപ്പിന് അതാത് വേരിയന്റിനേക്കാള്‍ ഏകദേശം 90,000 കൂടുതല്‍ വില പ്രതീക്ഷിക്കുന്നു. അതേസമയം, ബ്രെസ്സ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 10.97 ലക്ഷം മുതല്‍ 13.80 ലക്ഷം രൂപ വരെയാണ് വില. ബ്രെസ സിഎന്‍ജിക്ക് ഏകദേശം 8.90 ലക്ഷം മുതല്‍ 14.70 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾പ്രണയത്തിന്റെ മാസ്മരികാന്തരീക്ഷം നിര്‍മിക്കുന്ന കഥകളുടെ സമാഹാരം. എല്ലാ പദങ്ങളും ആത്മാവു നഷ്ടപ്പെട്ട കെട്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടു തന്നെ ഇന്ദുമേനോന്‍ സൃഷ്ടിക്കുന്ന ഭാഷ. ‘തിരഞ്ഞെടുത്ത കഥകള്‍’. മനോരമ ബുക്സ്. വില 323 രൂപ.
◾ഇന്ന് ഒക്ടോബര്‍ 29. ലോക സ്ട്രോക്ക് ദിനം. മസ്തിഷ്‌കത്തിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയും തലച്ചോറിന് തകരാര്‍ സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇന്നത്തെ ജീവിതശൈലിയും ജനിതക മാറ്റവുമെല്ലാം ലോകത്തെ സ്ട്രോക്ക് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. 55 വയസ്സിന് മുകളിലുള്ള ആളുകള്‍ക്കാണ് സ്ട്രോക്കിന് കൂടുതല്‍ സാധ്യതയുള്ളതെങ്കിലും ഇന്ന് യുവാക്കളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. മാറി വരുന്ന ജീവിതശൈലി, ഭക്ഷണം, ചില മരുന്നുകള്‍ എന്നിവയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഠിനമായ തലവേദന, ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും കാലിലും ഉണ്ടാകുന്ന മരവിപ്പ്, തളര്‍ച്ച, സംസാരത്തിലെ കുഴച്ചില്‍, ഓക്കാനം, ഛര്‍ദ്ദി, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, തലകറക്കം, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍. രക്തം വിതരണം ചെയ്യുന്ന ധമനിയിലാണ് പലപ്പോഴും കട്ടപിടിക്കുന്നത്. രക്തസ്രാവവും ഇതിന് കാരണമാകാം. ഒരു രക്തക്കുഴല്‍ പൊട്ടി തലച്ചോറിലേക്ക് രക്തം ഒഴുകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആല്‍ക്കഹോള്‍ അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദവും ട്രൈഗ്ലിസറൈഡിന്റെ അളവും വര്‍ദ്ധിപ്പിക്കും. ഇത് രക്തപ്രവാഹത്തിന് കാരണമാകും. ഒരു വ്യക്തിയുടെ ധമനികളില്‍ ശിലാഫലകം അടിഞ്ഞുകൂടുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിലേക്ക് നയിക്കുന്നു. വ്യായാമമോ പ്രവര്‍ത്തനമോ കുറയുന്നതിനനുസരിച്ച് ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ പതിവായി വ്യായാമം ചെയ്യുന്നത് സഹായകമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.29, പൗണ്ട് – 95.56, യൂറോ – 82.00, സ്വിസ് ഫ്രാങ്ക് – 82.59, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.77, ബഹറിന്‍ ദിനാര്‍ – 218.28, കുവൈത്ത് ദിനാര്‍ -265.67, ഒമാനി റിയാല്‍ – 213.73, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.60, കനേഡിയന്‍ ഡോളര്‍ – 60.29.