ശരീരത്തിലെ മറ്റ് അവയവങ്ങളെ സംബന്ധിച്ചു നോക്കുമ്പോള്‍ നമ്മുടെ ഹൃദയം വേഗത്തില്‍ വാര്‍ദ്ധക്യത്തിലെത്തുമെന്ന് പഠനം. അതായത് നമ്മെക്കാള്‍ പ്രായമുള്ള ഹൃദയവുമായാണ് നമ്മളില്‍ മിക്ക ആളുകളും ജീവിക്കുന്നതെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫേയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റിലെ പ്രായവും നിങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ഥ പ്രായവും തമ്മില്‍ ഏകദേശം നാല് മുതല്‍ 10 വര്‍ഷം വരെ വ്യത്യാസം ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു ശരാശരി വ്യക്തിയുടെ ഹൃദയ സംബന്ധമായ സംവിധാനം അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വര്‍ഷങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാനുള്ള ഒന്നാമത്തെ കാരണം ഹൃദ്രോഗങ്ങളാണ്. പുരുഷന്മാര്‍ക്ക് ഹൃദയാഘാത സാധ്യതയുടെ ശരാശരി പ്രായം അവരുടെ കാലഗണനാ പ്രായത്തേക്കാള്‍ ഏഴ് വര്‍ഷം കൂടുതലായിരുന്നു. സ്ത്രീകള്‍ക്ക് ഹൃദയാഘാത സാധ്യതയുടെ ശരാശരി പ്രായവും യഥാര്‍ത്ഥ പ്രായവും തമ്മില്‍ നാല് വര്‍ഷത്തെ വ്യത്യാസമുണ്ടായിരുന്നു. വ്യക്തിഗത തിരഞ്ഞെടുപ്പുകള്‍ പ്രധാനമാണെങ്കിലും, വിദ്യാഭ്യാസവും വരുമാന നിലവാരവും ഹൃദയാരോഗ്യത്തെ എങ്ങനെ ആഴത്തില്‍ രൂപപ്പെടുത്തുന്നുവെന്ന് ഗവേഷണം എടുത്തുകാണിക്കുന്നു.
നമ്മേക്കാള്‍ പെട്ടെന്ന് ഹൃദയം വാര്‍ധക്യത്തിലെത്തും!
