20250509 140151 0000

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. എന്നാൽ എട്ട് ദിവസം മുന്നേ കാലവർഷം എത്തിയതോടെ മഴ ശക്തമായി. കനത്തമഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങൾ വ്യാപകമായി കടപുഴകി വീടുകൾക്ക് അടക്കം കേടുപാടുകൾ പറ്റി.

 

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെ ഇന്ന് മുതൽ മൂന്ന് ദിവസം അതീവ ജാഗ്രത പുറപ്പെടുവിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടാണ്.

 

കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു എന്നാൽ ടവർ നിലംപൊത്താതെ ഇരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവർ ചെരിഞ്ഞത്. കോഴിക്കോട് കൊടിയത്തൂർ ചെറുവാടിയിൽ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും കേടുപാടുകളുണ്ടായി.

 

വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും. ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ആണ് 20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

 

തൃശ്ശൂർ കോർപ്പറേഷൻ വാണിജ്യ സമുച്ചയത്തിന്റെ മേൽക്കൂര ഇളകി താഴെ വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൃശ്ശൂർ കോർപ്പറേഷൻ മേയർ. മേൽക്കൂര നേരത്തെ ഇളകി ഇരിക്കുന്ന പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും കോർപ്പറേഷനിൽ പ്രതിഷേധിച്ചു. 24 മണിക്കൂറിനുള്ളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന കോർപ്പറേഷൻ സെക്രട്ടറി പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.

 

തൃശൂര്‍ ചാവക്കാട് മണത്തലയില്‍ ദേശീയ പാതയിലെ വിണ്ടുകീറിയ ഭാഗത്ത് ഒഴിച്ച ടാര്‍ കനത്ത മഴയില്‍ വീട്ടിലേക്ക് ഒഴുകിയ സംഭവത്തില്‍ കരാര്‍ കമ്പനി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. അംഗപരിമിതനായ അശോകനെ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി കണ്ടു. മൂന്ന് ദിവസത്തിനുള്ളില്‍ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നല്‍കാമെന്ന് ഉറപ്പ് നൽകി.

 

ദേശീയ പാതയുടെ നിർമ്മാണ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കാണും. മലപ്പുറം കൂരിയാട് ദേശീയ പാതയുടെ തകർച്ചയടക്കം ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ, പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്.

 

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ദില്ലിയിൽ പ്രൊഫ കെവി തോമസ് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് കെവി തോമസ് വിശദീകരിച്ചു. വയനാട് ധനസഹായം ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങൾ വീണ്ടും അറിയിച്ചുവെന്നും മൂലധന നിക്ഷേപ ഇൻസെൻ്റീവായി സംസ്ഥാനത്തിന് നൽകാനുള്ള സഹായം ലഭ്യമാക്കണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. കൂടാതെ പിറന്നാൾ ദിനത്തിൽ ക്ലിഫ് ഹൗസിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രിക്ക് ആശംസ നേർന്നു. അതോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

 

സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി നാഷണൽ ഫാർമേഴ്‌സ് പാർട്ടി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ ജോർജ് ജെ മാത്യുവാണ് പാർട്ടി പ്രസിഡന്റ്‌. മുൻ എംഎൽഎ എം.വി മാണിയാണ് വൈസ് പ്രസിഡന്റ്‌. മുൻ എംഎൽഎ പി എം മാത്യു ജനറൽ സെക്രട്ടറിയാകും. പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതായി ജോർജ് ജെ മാത്യു അറിയിച്ചു.

 

മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ ഔദ്യോഗിക പതാക. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തിൽ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക. യൂണിഫോം സേനയായിട്ടും മോട്ടർ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല. ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. ജൂൺ 1 ഇനി മുതൽ വകുപ്പുദിനമായി ആഘോഷിക്കും.

 

മിൽമ തിരുവനന്തപുരം മേഖല എംഡിയെ മാറ്റിനിർത്താമെന്ന് സർക്കാർ ഉറപ്പ് നൽകി. ഐഎൻടിയുസി, സിഐടിയു യൂണിയനുകളുമായി തൊഴിൽ, ക്ഷീര വികസന മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ തിരുവനന്തപുരം മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്ക് ആരംഭിച്ചത്.

 

ഇടുക്കി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു.

 

ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിൽ പരിഹാസവുമായി കെപിസിസി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ്. വീടില്ലാത്ത ഒരാൾക്ക് പാർട്ടി ഒരു വീട് വെച്ച് നൽകി ആ വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു ഒടുവിൽ വീട്ടുടമ ആ പാർട്ടിയിൽ ചേർന്നപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. വീടില്ലാത്ത എല്ലാവർക്കും വീട് വേണമെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടി. വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി ആരോപിച്ചു. പ്രാദേശിക കോൺഗ്രസ് നേതൃത്വം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കടുത്ത അവഗണന കൊണ്ടാണ് താൻ ബിജെപി അംഗത്വം എടുത്തതെന്നും മറിയക്കുട്ടി പറഞ്ഞു.

 

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് എതിരെ കുടുംബം. സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധമെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. മകളുടെ മരണത്തിന് കാരണം സുകാന്ത് തന്നെയെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസിനുണ്ടെന്നും എന്നാൽ അറസ്റ്റ് ചെയ്യാതിരിക്കാൻ ചില ഉന്നതർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.

 

 

ദിവസങ്ങളായി പുലി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ ബത്തേരി നഗരപ്രാന്തത്തിലെ നിരവധി സ്‌പോട്ടുകളില്‍ വനംവകുപ്പിന്റെ വ്യാപക തിരച്ചില്‍. ഇന്നലെ രാത്രി പുലിയെ കണ്ട സെന്റ് ജോസഫ് സ്‌കൂളിന് സമീപത്തെയും കാടുമൂടിക്കിടക്കുന്ന ഇടങ്ങളില്‍ ഡി എഫ് ഒയുടെ നിര്‍ദ്ദേശപ്രകാരം നായ്‌ക്കെട്ടി ഫോറസ്‌ററ് സ്റ്റേഷനില്‍ നിന്നുള്ള വാച്ചര്‍മാരും ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകന് പരിക്കേറ്റു. ഉടൻ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രിയോടെ ഛർദ്ദിലും മറ്റും കലശലായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി.

 

ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുൾ ദേവ് അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്ന മുകുളിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

ഗുജറാത്ത് അതിർത്തിയിലൂടെ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ അതിർത്തി രക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. പാക് അതിർത്തിയിൽ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിർത്തി കടന്നുവരരുതെന്ന് മുന്നറിയിപ്പ് സൈന്യം നൽകിയിട്ടും ഇയാൾ അനുസരിച്ചില്ല. ഇതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്.

 

സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷമുള്ള ജലപ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പാക് ജനത വിശന്ന് മരിക്കേണ്ടി വരുമെന്ന് തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി സെനറ്റർ സയ്യിദ് അലി സഫർ. ഇന്ത്യയുടെ ‘ജലബോംബ്’ നിർവീര്യമാക്കണമെന്ന് ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനോട് പാക് സെനറ്റർ ആവശ്യപ്പെട്ടു.

 

ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ് രാജി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി കാരണം ഭരിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് യൂനുസ് രാജിവെക്കുമെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

 

 

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

 

കുവൈത്തിലെ താപനില 50 ഡിഗ്രിയിൽ എത്തിയ സാഹചര്യത്തിൽ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ, രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് വരെ രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

ജാമ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് ദില്ലി റൗസ് അവന്യൂ കോടതിയിലെ ജഡ്ജിക്കും ക്ലർക്കിനും എതിരെ ആരോപണം. ആരോപണത്തിന് പിന്നാലെ ദില്ലി ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം തുടങ്ങി. കോടതിയിലെ ക്ലർക്കിനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ ദില്ലി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റുകയും ചെയ്തു. ജിഎസ്ടി തട്ടിപ്പ് കേസിലെ പ്രതികളോട് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി.

 

അമേരിക്കക്ക് പുറത്ത്, ലോകത്തെ ഏത് രാജ്യത്തായാലും മൊബൈൽ ഫോൺ നിർമ്മാണം നടത്തുന്ന എല്ലാ കമ്പനികൾക്കുമായി ട്രംപിന്‍റെ പുതിയ ഭീഷണി. അമേരിക്കക്ക് പുറത്ത് നിർമാണം നടത്തുന്ന സാംസങ് അടക്കമുള്ള എല്ലാ കമ്പനികൾക്കും 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് പ്രസിഡന്‍റ് വ്യക്തമാക്കിയത്. ഏത് കമ്പനിയായാലും 25 ശതമാനം ഇറക്കുമതി നികുതി നേരിടേണ്ടിവരുമെന്നും ഉടൻ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *