yt cover 21

https://dailynewslive.in/ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എല്ലാ പരിധികളും ഫെഡറല്‍ തത്വങ്ങളും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവും റെയ്ഡുകളും സ്റ്റേചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ടാസ്മാക് മദ്യ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇ.ഡിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യംചെയ്താണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

https://dailynewslive.in/ ദേശീയ പാതയിലെ നിര്‍മ്മാണ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ കേരളത്തിലേക്ക് അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കരാറുകാര്‍ക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

https://dailynewslive.in/ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രം ഡീബാര്‍ ചെയ്തു. ഇതിനൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ദേശീയപാത 66-ലെ പ്രശ്നങ്ങളെ സുവര്‍ണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്ന യുഡിഎഫ് നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിര്‍മ്മാണത്തിനിടെ ചിലയിടങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയതാണെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച 103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത് വികസിത ഭാരതമാണെന്നും പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജറുടെ അര്‍പ്പണ മനോഭാവത്ത അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ വടകര റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടന പരിപാടിയില്‍ പറഞ്ഞു.

https://dailynewslive.in/

തിരഞ്ഞെടുപ്പില്‍ ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് നന്മയുണ്ടാകുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.നവീകരിച്ച ചിറയന്‍കീഴ് അമൃതഭാരത സ്റ്റേഷന്‍ ഉദ്ഘാടനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവായ ഗുരുമൂര്‍ത്തിയെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്, ഇത്തരം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കുള്ള വേദിയല്ല രാജ്ഭവന്‍. രാജ്ഭവന്‍ ഗവര്‍ണറുടെ ആസ്ഥാനമാണ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി നടത്തുന്നതില്‍ പ്രതിപക്ഷത്തിന് ഒരു വിരോധവുമില്ല. മിലിട്ടറി എക്‌സ്പര്‍ട്ടുകളെയോ വിദേശകാര്യ വിദഗ്ധന്‍മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കാലവര്‍ഷം എത്തിയതിന് പിന്നാലെ ഇത്തവണത്തെ ആദ്യ ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തിലടക്കം മഴ ശക്തമാകും.

https://dailynewslive.in/ മലക്കപ്പാറ- വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വായോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

https://dailynewslive.in/ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അടുത്തയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം ഇന്ന് വീണ്ടും തുടരും. മുസ്ലിം മതപരമായ ആചാരത്തെ നിയമം സ്പര്‍ശിക്കുന്നില്ലെന്ന് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ വാദിച്ചിരുന്നു.

https://dailynewslive.in/ സംസ്ഥാന അധ്യക്ഷന്റെ പ്രവര്‍ത്തനശൈലിക്കെതിരെ ബിജെപിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി. വികസന മുദ്രാവാക്യം മാത്രം ഉയര്‍ത്തിയുള്ള പ്രചാരണത്തിനിടെ പ്രത്യക്ഷസമരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ആക്ഷേപം. തീരുമാനങ്ങളെടുക്കും മുമ്പും കാര്യമായ ചര്‍ച്ച നടത്തുന്നില്ലെന്നുമുണ്ട് വിമര്‍ശനം.

https://dailynewslive.in/ കൗമാര വിദ്യാര്‍ത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ”കൂടെയുണ്ട് കരുത്തേകാന്‍” പദ്ധതി ജൂണ്‍ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്ററി അക്കാദമിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

https://dailynewslive.in/ എസ് എഫ് ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബി ജെ പി യില്‍ ചേര്‍ന്നു.കുടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.ഗോകുലിനെ സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുല്‍ പറഞ്ഞു.

https://dailynewslive.in/ എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിയെന്നും കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുന്‍പ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യിലിന്റെ ആദ്യ ഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു.

https://dailynewslive.in/ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന 4 വയസുകാരി പീഡനത്തിന് ഇരയായ കേസില്‍ പ്രതികരിച്ച് അങ്കണവാടി ടീച്ചര്‍. എന്തെങ്കിലും ശാരീരികമോ മാനസികമായോ അസ്വസ്ഥതകള്‍ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ലെന്നും അമ്മ ഇത്തരത്തിലുള്ള ഒരു വിവരവും പങ്കുവെച്ചിരുന്നില്ലെന്നും ടീച്ചര്‍ പറഞ്ഞു.

https://dailynewslive.in/ രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

https://dailynewslive.in/ മില്‍മ തിരുവനന്തപുരം മേഖലയില്‍ ഇന്ന് മുതല്‍ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎന്‍ടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം.

https://dailynewslive.in/ റാപ്പര്‍ വേടനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികലക്കെതിരെ സിപിഎം നേതാവ് പി ജയരാജന്‍. വേടനെതിരെ നടന്നത് ജാതീയമായ അധിക്ഷേപമാണ്. വര്‍ഗീയ വിഷപ്പാമ്പിന്റെ വായില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്ന് ജയരാജന്‍ പറഞ്ഞു. പട്ടികജാതിക്കാരെ സംഘപരിവാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയുകയാണെന്നും പട്ടികജാതിക്കോരാട് സംഘപരിവാറിന്റേത് കപട സ്നേഹമാണെന്നും ജയരാജന്‍ പറഞ്ഞു.

https://dailynewslive.in/ വേടന്‍ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവനയെന്ന് വേടന്‍ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണതെന്നും റാപ്പ് ചെയുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണെന്നും സംഘപരിവാറും- ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ലെന്നും വേടന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടന്‍.

https://dailynewslive.in/ മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ് അറസ്റ്റില്‍. കോയമ്പത്തൂര്‍ വ്യവസായിയില്‍ നിന്ന് 3 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മധുരയില്‍ നിന്നാണ് സ്വാമി സുനില്‍ദാസിനെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചതായി പരാതി. പയ്യന്നൂര്‍ തൃച്ചംബരത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം. യദുവും സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്‌കൂള്‍ പരിസരത്തു വച്ചാണ് ആക്രമണം ഉണ്ടായത്. ബോര്‍ഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു. യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. യദുവിനെ ഹെല്‍മറ്റു കൊണ്ട് ക്രൂരമായി മര്‍ദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

https://dailynewslive.in/ അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാഞ്ഞിരംകുളം കഴിവൂര്‍ പെരുന്താന്നി ചരുവിള പുത്തന്‍വീട്ടില്‍ അഖിലിനെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. അയല്‍വാസിയായ ബെന്നിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പ്രതി തീവെച്ചത്. പ്രദേശത്ത് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനെ കുടുംബം ചോദ്യം ചെയ്തിരുന്നതിലെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

https://dailynewslive.in/ മലപ്പുറം കൊടുവള്ളിയില്‍ വീട്ടില്‍ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. അച്ഛന്‍ റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.

https://dailynewslive.in/ 50 കൊല്ലം കോണ്‍ഗ്രസിന് എടുക്കാന്‍ കഴിയാതിരുന്ന നിലപാടാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ശശി തരൂര്‍ സ്വീകരിച്ചതെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ കുടുംബം ചടങ്ങില്‍ പങ്കെടുത്തു. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും രാജ്ഭവനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ജമ്മു കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ മൂന്ന്-നാല് ഭീകരവാദികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണെന്നാണ് സൂചന.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിനിധികളുടെ ഒരു സംഘം യുഎഇയിലെത്തി. ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിന്‍ഡേ നയിക്കുന്ന സംഘം ഇന്നലെ രാത്രി 11.20നാണ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.

https://dailynewslive.in/ ദില്ലിയില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. നിസാമുദ്ദീന്‍ മേഖലയില്‍ ഇലക്ട്രിക് പോസ്റ്റ് വീണാണ് ഭിന്നശേഷിക്കാരനായ ഒരാള്‍ മരിച്ചത്. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാള്‍. നഗരത്തില്‍ പലയിടങ്ങളിലും മരങ്ങള്‍ വീണും മറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.

https://dailynewslive.in/ ദില്ലിയില്‍ വന്‍ ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍. വിദേശിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം ഇവര്‍ ശേഖരിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ വേഗത്തിലുള്ള സേവനത്തിനായി മുന്‍കൂര്‍ ടിപ്പുകള്‍ നല്‍കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ക്യാബ് അഗ്രഗേറ്റര്‍ കമ്പനിയായ ഊബറിന് നോട്ടീസ് നല്‍കി. കമ്പനിയുടെ ‘അഡ്വാന്‍സ് ടിപ്പ്’ സിസ്റ്റം കാരണമാണ് ഈ നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഇത്തരം സംവിധാനങ്ങളിലും രീതികളിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.

https://dailynewslive.in/ യുഎസിലെ വാഷിംഗ്ടണില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. പിടിയിലായ പ്രതി ഫ്രീ പലസ്തീന്‍ എന്ന മുദ്രാവാക്യം വിളിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

https://dailynewslive.in/ പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രാവല്‍ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മല്‍ഹോത്ര പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ദില്ലിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷം താന്‍ പരിഹരിച്ചുവെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നം ഞങ്ങള്‍ മുഴുവനായും പരിഹരിച്ചുവെന്നും വ്യാപാരത്തിലൂടെയാണ് ആ പ്രശ്നത്തിന് പരിഹാരമായതെന്നുാണ് ട്രംപിന്റെ പ്രസ്താവന.

https://dailynewslive.in/ 2036 ലെ ഒളിമ്പിക്സ് ആതിഥേയത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)യുമായി ചര്‍ച്ചചെയ്യാന്‍ ഇന്ത്യ വിദഗ്ധസംഘത്തെ നിയമിച്ചു. ഉന്നതതലസംഘം ജൂണ്‍ അവസാനം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നിലേക്കുപോകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേന്‍ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയാണ് സംഘത്തിന്റെ നേതാവ്.

https://dailynewslive.in/ തായ്‌ലന്‍ഡില്‍ കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍. ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ, സുഹൃത്തും ബിസിനസ്സ്മാനുമായ സമീര്‍ ഹംസ എന്നിവരാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വിസ്മയയും സമീര്‍ ഹംസയും ആരാധകര്‍ക്കായും പങ്കുവച്ചിട്ടുണ്ട്. ”മനോഹരമായ ദിവസം. പിറന്നാള്‍ ആശംസകള്‍ അച്ഛാ, ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു.”-വിസ്മയ കുറിച്ചു.

https://dailynewslive.in/ ഇന്ത്യയുടെ മിസൈല്‍മാനും മുന്‍രാഷ്ട്രപതിയുമായ എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. ആദിപുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്താണ് ചിത്രം സംവിധാനംചെയ്യുന്നത്. നടന്‍ ധനുഷ് എപിജെ അബ്ദുല്‍കലാമിന്റെ വേഷം കൈകാര്യംചെയ്യും. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’, എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

https://dailynewslive.in/ പുത്തന്‍ രൂപത്തില്‍ കൂടുതല്‍ ഫീച്ചറുകളുമായി വാഹനപ്രേമികളെ അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ടാറ്റാ ആള്‍ട്രോസ് എത്തിയിരിക്കുന്നു. സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, അത്യാകര്‍ഷകമായ ഫീച്ചറുകളിലും ഇന്റീരിയറിലും മാറ്റമുണ്ട്. ടാറ്റാ മോട്ടോര്‍സിന്റെ മികച്ച വാഹനങ്ങളില്‍ ഒന്നാകും മുഖം മിനുക്കിയ ഈ ആള്‍ട്രോസ്. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് എസ് എന്ന് തുടങ്ങിയ അഞ്ച് മോഡലിലാണ് പുത്തന്‍ ആള്‍ട്രോസ് വിപണിയിലെത്തുക. പ്രാരംഭ വില 6.89 ലക്ഷം മുതല്‍ 11.29 ലക്ഷം വരെ. ജൂണ്‍ 2 മുതല്‍ ബുക്കിങ് ആരംഭിക്കും.

https://dailynewslive.in/ ആഗോള സ്മാര്‍ട്ട്ഫോണ്‍ വിതരണ ശൃംഖലയില്‍ നിര്‍ണായക ശക്തിയായി മാറാന്‍ ലക്ഷ്യമിട്ട് ടാറ്റാ ഇലക്ട്രോണിക്സ് . ഐഫോണ്‍ 16, ഐഫോണ്‍ 16ഇ ഉള്‍പ്പെടെയുള്ള പുതിയ ഐഫോണ്‍ മോഡലുകള്‍ ഹോസൂര്‍ കേന്ദ്രത്തില്‍ അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചു. പരമ്പരാഗതമായി ഫോക്സ്‌കോണ്‍ പോലുള്ള തായ്വാനീസ് കമ്പനികളുടെ കുത്തകയായിരുന്ന ഈ മേഖലയില്‍ ടാറ്റയുടെ ഈ നീക്കം ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. മൊബൈല്‍ ഫോണ്‍ അസംബ്ലിംഗ് ആരംഭിക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗം ഹോസൂരിലെ അവരുടെ പ്ലാന്റില്‍ ഒരു പുതിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

https://dailynewslive.in/ ചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവള്‍ക്കുള്ളില്‍നിന്ന് ഒരുപാട് അപരിചിതര്‍ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദര്‍ശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ കാണിച്ചുതരുന്നു. മുറ്റിയ ആകാംക്ഷയോടെ, ഭയപ്പാടോടെ, നിങ്ങളും കോടമൂടിയ കഥയുടെ മല കയറും, കൂടെയുള്ളത് കൊലയാളിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. കരുത്തുറ്റ ആഖ്യാനത്തിലും ഭാഷയിലും പെണ്‍നോട്ടങ്ങളിലും വ്യതിരിക്തമായ പതിനൊന്നു കഥകള്‍. വില: 230 രൂപ

https://dailynewslive.in/ ഒറ്റയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന നിരവധി പേരാണ് നമ്മുക്ക് ചുറ്റുമുള്ളത്. തുടര്‍ച്ചയായി ദീര്‍ഘനേരം ഇരിക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ദീര്‍ഘനേരം ഇരിക്കുന്നത് കൊളോറെക്ടല്‍, എന്‍ഡോമെട്രിയല്‍, ശ്വാസകോശ അര്‍ബുദങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ചില തെളിവുകളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അകാല മരണം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘ നേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കാതെ ബ്രേക്ക് എടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മണിക്കൂറില്‍ ഒരിക്കലെങ്കിലും എഴുന്നേറ്റു നടക്കുക. ഫോണില്‍ സംസാരിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുക അല്ലെങ്കില്‍ ടിവി കാണുമ്പോള്‍ ഇടയ്ക്കിടെ നടക്കുന്നത് പതിവാക്കുക. ടിവി, വീഡിയോ ഗെയിമുകള്‍, മറ്റ് സ്‌ക്രീന്‍ സമയം എന്നിവ കുറയ്ക്കുമ്പോള്‍ പെട്ടെന്ന് മറ്റ് ജോലികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു. ഇരിക്കല്‍ സമയം ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രം കുറയ്ക്കുന്നത് അകാല മരണ സാധ്യത 20% കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് മൂലം നട്ടെല്ലിനും കഴുത്തിനുമെല്ലാം അമിതമായ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ട്. ഏറെക്കാലം ഇങ്ങനെ മുന്നോട്ടുപോകുന്നത് ഡിസ്‌ക- സ്‌പൈന്‍ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് പതിവായി വ്യായാമം ആവശ്യമാണ്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യും. ദിവസവും 10 മണിക്കൂറിലധികം ഇരിക്കുന്നത് ഹൃദ്രോഗവും രക്തചംക്രമണ പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പതിവായി ഇടവേളകള്‍ എടുക്കുക, പടികള്‍ ഉപയോഗിക്കുക എന്നിവ ആരോഗ്യത്തിന് നല്ലതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *