ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തെക്കാള്‍ ഏറെ ദോഷമേ ചെയ്യൂ എന്ന് ആരോഗ്യ വിദഗ്ധര്‍. ചിലര്‍ക്ക് ഇത് പെട്ടെന്നുള്ള ഫലം തരാമെങ്കിലും ഈ വഴി അത്ര സുസ്ഥിരമല്ലെന്നും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാത്രിയില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കും. ഇത് ശരീരത്തിന് വിറയലും സമ്മര്‍ദ്ദവും ഉണ്ടാക്കാം. മാത്രമല്ല വിശക്കുമ്പോള്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉത്പാദനവും വര്‍ധിക്കും. ഇത് ശരീരത്തിന്റെ ചയാപചയവും മെല്ലെയാക്കും. ഇനി ഭക്ഷണം കിട്ടാന്‍ സാധ്യതയില്ലെന്ന് കരുതുന്ന ശരീരം കൊഴുപ്പ് ശേഖരിക്കുന്ന മോഡിലേക്ക് മാറുകയും ചെയ്യും. ഫലത്തില്‍ ഭാരം കുറയ്ക്കാനായി ചെയ്ത കാര്യം ഭാരവര്‍ധനവിലേക്കും ശരീരത്തിലെ കൊഴുപ്പ് ശേഖരണത്തിലേക്കും നയിക്കും. രാത്രിയില്‍ ഭക്ഷണം ഉപേക്ഷിക്കുന്നത് പിന്നീട് ഭക്ഷണം വാരിവലിച്ച് കഴിക്കാനും ഇടയാക്കാം. അത്താഴം കഴിക്കാത്തത് മൂലം ഊര്‍ജ്ജത്തിന്റെ തോതില്‍ ഉണ്ടാകുന്ന കുറവ് മൂഡിനെയും ബാധിക്കാം. കിടക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുന്നതാണ് ഉത്തമം. അത്താഴവും പ്രഭാതഭക്ഷണവും തമ്മില്‍ 10 മണിക്കൂറിന്റെ ഇടവേള ഉണ്ടാകണം. ഉറക്കവും അത്താഴവും തമ്മില്‍ മൂന്നു മണിക്കൂറിന്റെ ഇടവേള സൂക്ഷിക്കുന്നത് ദഹനത്തിനും ഭാര നിയന്ത്രണത്തിനും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. അത്താഴം എന്നല്ല ഏതു നേരത്തെ ഭക്ഷണവും ഒഴിവാക്കുന്നത് അത്ര നല്ല ആശയമല്ല. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ചയാപചയത്തിന്റെ വേഗം കുറയ്ക്കുകയും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണം കൃത്യ സമയത്ത് പരിമിതമായ തോതില്‍ കഴിക്കുന്നതാണ് ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി.