മുഖം വിശകലനംചെയ്ത് രോഗിയുടെ ആരോഗ്യം വിശകലനംചെയ്യാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന എ.ഐ ടൂള്‍ വന്നിരിക്കുന്നു. ഫേസ്ഏജ് എന്ന പേരിലുള്ള, വൈദ്യരംഗത്തുള്ളവര്‍ പറയുന്ന ‘ഐബാള്‍ ടെസ്റ്റ്’ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഒരാളുടെ ഏകദേശ ആരോഗ്യം, ഒറ്റനോട്ടത്തിലൂടെ വിലയിരുത്തുന്നു എന്നര്‍ഥം. ബോസ്റ്റണിലെ മാസ് ജനറല്‍ ബ്രിഗ്ഹാം എന്ന നോണ്‍ പ്രോഫിറ്റ് ഹെല്‍ത്ത്‌കെയര്‍ ഇനീഷ്യേറ്റിവാണ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ ഉപയോഗത്തിനായി ചികിത്സാരംഗത്ത് അവതരിപ്പിക്കുന്നതിനു മുമ്പ് ഇനിയും ഗവേഷണം നടത്തുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഒരാള്‍ ജനിച്ച വര്‍ഷം മുതല്‍ കണക്കാക്കുന്നതാണല്ലോ ക്രോണോളജിക്കല്‍ ഏജ് എന്നത്. എന്നാല്‍, ഒരാളുടെ ആരോഗ്യത്തിന്റെയും ജീവിതശൈലിയുടെയും അടിസ്ഥാനത്തില്‍ അയാളുടെ ശരീരത്തിന് എത്ര പ്രായമായെന്ന് കണക്കാക്കുന്നതിനെയാണ് ബയോളജിക്കല്‍ ഏജ് എന്നു പറയുന്നത്. ശാരീരികനിലയുടെയും പ്രവര്‍ത്തനക്ഷമതയുടെയും ആകത്തുകയെ, ജന്മദിനം അടിസ്ഥാനമാക്കിയുള്ള വയസ്സുമായി താരതമ്യം ചെയ്താണ് ഇത് കണ്ടെത്തുക. ഒരു സെല്‍ഫിയിലൂടെ ഒരാളുടെ ബയോളജിക്കല്‍ വയസ്സ് വിശകലനംചെയ്ത് പറയാന്‍ സാധിക്കുന്ന ഒരു ഡീപ് ലേണിങ് അല്‍ഗോരിതമാണ് ഫേസ് ഏജ്. യഥാര്‍ഥ ചികിത്സാരംഗത്ത് ഇത് വിന്യസിക്കണമെങ്കില്‍ ഇനിയും ഗവേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും അണിയറക്കാര്‍ വിശദീകരിക്കുന്നു.