26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. ഇന്ത്യൻ നാവിക സേനയുടെ ഗൈഡഡ് മിസൈൽ നശീകരണ കപ്പിലായ ഐഎൻഎസ് സൂറത്തിലാണ് സർഫസ് ടു എയർ മിസൈൽ (എംആർ-എസ്‌എഎം) വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അട്ടാരി അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സർവ്വകക്ഷി യോഗം നടന്നു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ച യോഗത്തിൽ പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും, രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാൻ അനുവദിക്കരുതെന്നും, വിനോദ സഞ്ചാരികൾ ഇനിയും കാശ്മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.
ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകൾ. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ പിരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാൻ. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്ഥാനും നടപടിയുമായി രംഗത്തെത്തി. ഇന്ത്യൻ പൗരന്മാര്‍ക്കുള്ള വീസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്‍റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.
ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കറിനൊപ്പമാണ് അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ചു. പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ണായക കൂടിക്കാഴ്ച.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യ കൈക്കൊണ്ട നടപടിക്കെതിരെ പാകിസ്ഥാൻ. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാകിസ്ഥാന്‍റെ മുന്നറിയിപ്പ്. ഷിംല കരാറിൽ നിന്ന് തല്‍ക്കാലം പിൻമാറുമെന്നും പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യാമ മേഖല അടയ്ക്കും. വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ പാക് പൗരൻമാരോട് 29നകം മടങ്ങാൻ നിർദ്ദേശിച്ചു.
തമിഴ്നാട് മന്ത്രി ദുരൈമുരുകൻ സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൈമുരുകനേയും ഭാര്യയേയും വെറുതെ വിട്ട വെല്ലൂർ കോടതിവിധിയാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകൻ നേരിട്ടിരുന്നത് ഇന്നലെയും ഇന്നുമായി രണ്ട് കേസിലും മന്ത്രി തിരിച്ചടി നേരിട്ടിരിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് ഇന്ത്യ സസ്പെൻഡ് ചെയ്തു. ഇതുവരെ നല്‍കിയ വിസകൾ ഞായറാഴ്ച റദ്ദാക്കും. മെഡിക്കൽ വിസകൾ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാൻ പൗരൻമാർ ഇന്ത്യ വിടണമെന്നും ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് മടങ്ങണമെന്നും നിർദ്ദേശം നല്‍കി.
പഹൽഗാമിൽ 26 നിരപരാധികളെ ഭീകരർ വെടിവച്ച് വീഴ്ത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കുടുംബാംഗങ്ങൾക്കൊപ്പം ബയ്സരൺവാലിയിൽ എത്തിയ നരിക്കുനി സ്വദേശി നിഹാൽ കാഴ്ചകൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതയായാണ് വെടി പൊട്ടിയത്. ഭീകരർ തോക്കുമായി നിൽക്കുന്നതും ദൃശ്യത്തിലുണ്ട്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. മെയ് 5 ന് കാസർഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തും. സ്‌പോർട്‌സ് കിറ്റുകളും ഇവിടങ്ങളിൽ നൽകും എന്നും അദ്ദേഹം വ്യക്തമാക്കി.
പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബിയും വി ഡി സതീശനും അസ്വസ്ഥരാവുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചോദിച്ചു. എന്തിനാണ് ഈ നേതാക്കൾ പാക് ഭീകരരെ പിന്തുണക്കാൻ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണമെന്നും തിരുവനന്തപുരം സിറ്റി ജില്ലാ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി. ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് പി ടി പോളിന്റെ ഭാര്യ റിമാന്റിൽ. 89 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ക്രൈം ബ്രാഞ്ച് എൽസിയെ അറസ്റ്റ് ചെയ്തത്. മരിച്ച പി ടി പോൾ ആയിരുന്നു കേസിൽ ഒന്നാം പ്രതി. തയ്യൽ തൊഴിലാളിയായ എൽസിയും പണം തട്ടിയിട്ടുണ്ടെന്നും വ്യാജ രേഖകൾ ഉണ്ടാക്കി എൽസി ബാങ്കിൽ നിന്നും ലോണെടുത്തു എന്നും അന്വേഷണ സംഘം പറയുന്നു.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. 2025 ഏപ്രിൽ 24,25,26 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വ്വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകൾക്ക് പാസാകാനും ഇനി മുതൽ മിനിമം മാർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി കെ, ജൂനിയർ സൂപ്രണ്ട് അപ്സര എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എസിപിമാരായ കെ ജയകുമാർ,അബ്‌ദുൾ സലാം, രാജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുക. ഡാൻസഫ്, സൈബർ ടീം അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോട്ടയത്ത് കളക്ടറേറ്റിൽ ലഭിച്ച ഭീഷണി സന്ദേശം പുറത്ത്. തമിഴ്നാട് സ്വദേശികൾക്കെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2 മണിക്ക് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. rasdam sregit എന്ന വിലാസത്തിൽ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്. എന്നാൽ സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നിലവിൽ പൊലീസ് പരിശോധന അവസാനിപ്പിച്ചു.
വിളവൂർക്കൽ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയുമായി ജിയോളജി വകുപ്പ്. കുന്നിടിച്ച് മണ്ണ് കടത്തിയ സ്ഥലത്തിന്റെ ഉടമയ്ക്ക് പിഴ ചുമത്തും.അനധികൃത മണ്ണെടുപ്പ് പുറത്തു കൊണ്ടുവന്നതോടെയാണ് ജിയോളജി വകുപ്പിന്റെ നടപടി.
സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളി ചേറ്റൂ൪ ശങ്കരൻ നായരെ മത്സരിച്ച് അനുസ്മരിച്ച് ബിജെപിയും കോൺഗ്രസും. ചേറ്റൂരിൻ്റെ 91-ാം ഓർമ ദിനത്തിലാണ് ബിജെപിയും കോൺഗ്രസും അനുസ്മരണം സംഘടിപ്പിച്ചത്. ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി ചേറ്റൂരിൻ്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നത്. 17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
എറണാകുളം ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം ഉണ്ടായിരുന്നത്.
പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി മന്ത്രവാദിനി ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഒന്നാം പ്രതി ഉവൈസിന്‍റെ ജാമ്യാപേക്ഷ തള്ളി.
വിനോദ സഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പഹൽഗാമിൽ വെടിയേറ്റ് മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്. പഹൽഗാമിലെ ഹപത്‌നാർഡ് ഗ്രാമത്തിൽ, നൂറുകണക്കിന് പേർ ആദിൽ ഹുസൈൻ ഷായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.