cm 2

യൂറോപ്പ് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ പേരക്കുട്ടിയടക്കമുള്ള കുടുംബത്തെ കൂട്ടിയുള്ള യൂറോപ്പ് യാത്രയും ദുബായ് യാത്രയും വിവാദമായിരുന്നു. (ഉല്ലാസയാത്ര ?- https://youtu.be/3Gkx-02kHpM)

കൊവിഡ് കാലത്തു പിപിഐ കിറ്റ് അടക്കമുള്ളവ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അഴിമതി നടന്നിട്ടില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു മുഖ്യ പരിഗണന. ശൈലജ പറഞ്ഞു. 500 രൂപയുടെ പിപിഐ കിറ്റ് പതിനയ്യായിരം എണ്ണം 1,500 രൂപയ്ക്കു വാങ്ങിയതടക്കമുള്ള ക്രമക്കേടുകള്‍ക്കെതിരേയാണ് ലോകായുക്തയുടെ അന്വേഷണം.

കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണു സ്വപ്ന സുരേഷിന്റെ ശ്രമമെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സ്വര്‍ണം, ഡോളര്‍ കടത്തു കേസുകള്‍ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജിയിലാണ് എന്‍ഫോഴ്സമെന്റിനെ കുറ്റപ്പെടുത്താതെ സത്യവാങ്മൂലം നല്‍കിയത്. സ്വപ്നയ്ക്കു ഗൂഡലക്ഷ്യവും ബാഹ്യസമ്മര്‍ദവും ഉണ്ടെന്നും അതിനു വഴങ്ങരുതെന്നും പറഞ്ഞുകൊണ്ടാണു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച. എഐസിസിയിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണ് പോളിംഗ്. ഒന്‍പതിനായിരത്തിലേറെ പേരാണ് വോട്ടര്‍മാര്‍. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

പരസ്യം നീക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിക്കു പ്രതിമാസം ഒന്നേ മുക്കാല്‍ കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു മാനേജ്മെന്റ്. വിധിപകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ നല്‍കും. ഇതര സംസ്ഥാന സര്‍ക്കാര്‍ ബസുകളിലും പരസ്യമുണ്ടെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമം സ്വകാര്യ – പൊതു വാഹനങ്ങള്‍ക്കു വ്യത്യാസമില്ലെന്നു നിരീക്ഷിച്ചുകൊണ്ടാണ് കോടതി പരസ്യം വിലക്കിയത്.

എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ടുപേരെ കൂടി പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക ടി. നവ്യ എന്നിവരെയാണ് ഗൂഢാലോചന കുറ്റം ചുമത്തി പ്രതികളാക്കിയത്. രണ്ടു പേരും ഒളിവിലാണ്. പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌കൂട്ടര്‍ ഉടമ സുധീഷ് വിദേശത്താണ്.

ഇലന്തൂര്‍ നരബലികേസില്‍ പ്രതികളുമായി തെളിവെടുപ്പ്. ഭഗവല്‍സിംഗിന്റെ വീട്ടുപറമ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് നായ്കളും ജെസിബിയും എത്തിച്ചിട്ടുണ്ട്. തെളിവെടുപ്പു കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. പോലീസ് സന്നാഹവുമുണ്ട്.

ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്റെ സഹായിയായി പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം. നരബലി ചെയ്ത് കുഴിച്ചുമൂടിയ പദ്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ട് ഫോറന്‍സിക് വിദഗ്ധര്‍ ഉന്നയിച്ച സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *