bf91e7f5 a54c 4182 b27c 2d7a9c563b6b 20250324 141707 0000

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി.

 

 

 

രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് കാസർകോട് തുടക്കം. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കാലിക്കട് മിനി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നിന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.ആദ്യ സര്‍ക്കാരിന് നേതൃത്വം നൽകിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തിൽ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണിൽ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാൻ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് പിണറായി പറഞ്ഞു.

 

 

 

മുതലപ്പൊഴിയില്‍ സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്നും വിഷയത്തിൽ എം.എൽ.എയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയിൽ മണൽ നീക്കാൻ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായതെന്നും മണൽ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

തിരുവനന്തപുരം മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം തുടരും. നിലവിലെ സാഹചര്യത്തിൽ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മുതലപ്പൊഴിയിൽ ഇന്ന് ചേർന്ന സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. കൂടുതൽ മണൽ നീക്കിയ ശേഷം മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂവെന്നും കൂടുതൽ എസ്‌കവേറ്ററുകൾ എത്തിക്കണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ വെല്ലുവിളിച്ചല്ല സമരം നടത്തുന്നതെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.

 

 

 

 

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെര‌ഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയേറ്റിൽ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത്. എം എൽ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി സത്യൻ, സി ലെനിൻ, പി എസ് ഹരികുമാർ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായി. മുതിർന്ന നേതാവ് സി ജയൻബാബു സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായി. 12 അംഗ സെക്രട്ടേറിയറ്റിനെയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.

 

 

 

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിന്റെയും പി വി അൻവറിന്റെയും യുഡിഎഫ് മുന്നണി പ്രവേശനത്തിന് സമ്മർദം ശക്തമാക്കി തൃണമൂൽ കോൺഗ്രസ്. പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കാൻ ആവില്ലെന്ന് തൃണമൂൽ നേതൃത്വം അറിയിച്ചു. തൃണമൂലിനെ മുന്നണിയിൽ എടുക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. മുന്നണിയിൽ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അതിന് തടസ്സമുള്ള രാഷ്ട്രീയ സാഹചര്യം ഒന്നും നിലവിലില്ലെന്നും തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്ദുറഹ്മാൻ പ്രതികരിച്ചു.

 

 

 

 

ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ 2014 മുതൽ 2024 വരെയുള്ള കാലയളവിൽ വർധിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു ഈ വിഷയത്തിലാണ് രാഹുലിന്റെ പ്രതികരണം.

 

സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കിയെന്നും വിതരണക്കാരെ പിടികൂടുന്നതിനായി നീക്കം തുടങ്ങിയെന്നും എഡിജിപി മനോജ് എബ്രഹാം. സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണ് കൃത്യമായ വിവരം ഇതുസംബന്ധിച്ച് പൊലീസിനുണ്ട് സിനിമ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

 

ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചുവെന്നും സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ടെന്നും ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയതയാണ് വിവരം.

 

 

 

 

ന‍ടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണൽ കംപ്ലയിന്‍റ് അതോറിറ്റിക്കും നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.

 

 

 

 

 

കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ ലഹരിക്ക് അടിമകളായ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ബിംബൂങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവര്‍ക്ക് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ ആക്രമണം നടത്തിയത്. ഇവർ ലഹരിക്കടിമകളാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

 

സര്‍ക്കാരിന്‍റെയും പാര്‍ലമെന്‍റിന്‍റെയും അധികാരത്തില്‍ കൈകടത്തുന്നുവെന്ന ആരോപണം പരാമര്‍ശിച്ച് സുപ്രീംകോടതി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുർഷിദാബാദിലടക്കം നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലെ ബംഗാള്‍ കേസിനിടെ ഇക്കാര്യം പരമാര്‍ശിച്ച കോടതി, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ എങ്ങനെ ഇടപെടാനാകുമെന്ന് ചോദിച്ചു. മുര്‍ഷിദാബാദ് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് പുറത്ത് ശക്തമാകുന്ന രാഷ്ട്രീയ ആക്രമണത്തെ കുറിച്ച് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.

 

സുപ്രീംകോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ നിഷികാന്ത് ദുബെയെ പ്രതിരോധിച്ച് ബിജെപി.ഇന്ദിര ഗാന്ധിയുടെ അഭിമുഖ വിഡിയോ പങ്കുവച്ചാണ് പ്രതിരോധം.ജസ്റ്റിസ് ഷായെ ഇന്ദിര വിമർശിക്കുന്ന വിഡിയോയാണ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്. കോൺസുകാർ സ്വന്തം ഭൂതകാലം മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് ദില്ലിയിലെത്തിയ ജെഡി വാൻസിനെ ദില്ലി വിമാനത്താവളത്തിൽ വെച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസ് മക്കളായ ഇവാൻ, വിവേക്, മിരാബൽ എന്നിവർക്കൊപ്പം എത്തിയ വാൻസിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നൽകും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാർ പ്രധാന ചർച്ചയാകാനാണ് സാധ്യത.

 

 

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് കത്ത് നൽകിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.

 

ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മണ്ണിടിച്ചലിനെ തുടർന്നുണ്ടായ ഗതാഗതതടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജമ്മു ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗതാഗതം പുനസ്ഥാപിക്കാൻ 48 മണിക്കൂർ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്.

 

 

 

ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും ഉൾപ്പെടും. മാവോയിസ്റ്റുകൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന്ക്കിറങ്ങിയ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

 

ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് (SPADEX) ഡോക്കിംഗ് പരീക്ഷണവും വിജയം. കാത്തിരിപ്പ് അവസാനിപ്പിച്ച് ബഹിരാകാശത്ത് വച്ച് സ്പെഡെക്സ് ഉപഗ്രഹങ്ങൾ വീണ്ടും ഒത്തുചേർന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രൊയുടെ പരീക്ഷണമാണ് സ്പേഡെക്സ് എന്നറിയപ്പെടുന്നത്. 2025 ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്.

 

 

സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാന്‍ രാജകുമാരന്‍റെ ക്ഷണം സ്വീകരിച്ച് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തും. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ഈ സന്ദര്‍ശനത്തില്‍ ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്‍റെ രണ്ടാം മീറ്റിങ്ങില്‍ ഇരു രാഷ്ട്ര നേതാക്കളും പങ്കെടുക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *