Untitled design 20250112 193040 0000 3

 

മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാൽ കാരണം അറിയിച്ചിരുന്നില്ല. പരിപാടി മന്ത്രി തലത്തിലുള്ളവർ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തതായാണ് വിവരം.

വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് അമിത് ഷാ. പല ഘട്ടങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് നൽകിയ സാമ്പത്തിക സഹായത്തിൻ്റെ കണക്ക് അവതരിപ്പിച്ചാണ് മന്ത്രിയുടെ പ്രതികരണം. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചർച്ചക്കിടെ പാർലമെൻ്റിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇപ്പോൾ ചെയ്യാൻ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ എസ്‌പി സുജിത് ദാസിന് പുതിയ നിയമനം. ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായാണ് അദ്ദേഹത്തെ നിയമിച്ചത്. എഡിജിപി എം.ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുൻപാണ് തിരിച്ചെടുത്തത്.

 

ജനപ്രതിനിധികൾക്കും പൊലീസിനും മറ്റ് സേനാംഗങ്ങൾക്കും നൽകുന്ന സല്യൂട്ട് നിർത്തണമെന്നാവശ്യപ്പെട്ടുള്ള വിൻസന്‍റ് എം എൽ എയുടെ സബ്മിഷന് അനുമതി നിഷേധിച്ചു. സലൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു സബ്മിഷൻ നൽകിയത്.37 സബ്മിഷൻ ഇന്ന് ഉണ്ടായിട്ടും എം വിൻസന്‍റ് നൽകിയ നോട്ടീസ് അനുവദിച്ചില്ല.

 

സംസ്ഥാനത്ത് രണ്ട് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

നെൻമാറ ഇരട്ടക്കൊലപാതക കേസിൽ  അന്വേഷണസംഘം ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ദൃക്സാക്ഷിയുടെ മൊഴിയും ഡിഎൻഎ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്.

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. കഞ്ചാവുമായി പിടിയിലായ ആകാശ് റിമാൻഡിലാണുള്ളത്. പോളിടെക്നികിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് ആകാശ്. പരീക്ഷ നടക്കുന്ന സമയമാണ്, പരീക്ഷയെഴുതാൻ ജാമ്യം നൽകണമെന്നാണ് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്.

 

കൊടകര കുഴൽപ്പണ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൊലീസ് കണ്ടെത്തൽ തള്ളിയുള്ള കുറ്റപത്രത്തിൽ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമ‍ർപ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ദർമരാജ്, ഡൈവർ ഷംജീറിൻ്റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച്  കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

 

കൊടകര കുഴല്‍പ്പണക്കേസില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സത്യം പുറത്തുകൊണ്ടുവരാന്‍ തന്റെ നിയമപോരാട്ടം തുടരുമെന്നുംസതീഷ് പറഞ്ഞു. കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നതിന് ശേഷമായിരുന്നു പ്രതികരണം.

വാഹനാപകട കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി. 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍  നഴ്സും അച്ഛനും മരിച്ച കേസിൽ ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി  ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി. നെയ്യാറ്റിൻകര നഗരസഭാ മൈതാനത്ത് ആഘോഷപൂർവമായ ദിവ്യബലി അർപ്പണത്തോടെയായിരുന്നു സ്ഥാനാരോഹണം. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസൻ്റ് സാമുവൽ ചടങ്ങുകളിൽ മുഖ്യകാർമികനായി.

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളേജിലെ  നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്റ്റലിലെ 25ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണിത്. കിണറിൽ നിന്നാണ് ഹോസ്റ്റലിൽ കുടിവെള്ളം ലഭ്യമാകുന്നത്. ഇത് ക്ലോറിനൈസേഷൻ നടത്തിയ ശേഷം ഹോസ്റ്റൽ തുറന്നാൽ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിർദേശിച്ചതോടെയാണ് ഹോസ്റ്റൽ അടക്കുന്നത്.

കോഴിക്കോട് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സൻസ്കാർ കുമാറെന്ന ബിഹാർ സ്വദേശിയെ ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അധ്യാപകർ പറഞ്ഞു. സംഭവത്തിൽ   അന്യേഷണം ആവശ്യപ്പെട്ട്  സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

 

കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്. യാസിറിനെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യാസിറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഉടൻ തെളിവെടുക്കും.

 

ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തിൽ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്‌ തുക ലഭിക്കാൻ അർഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ വിവരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി) യുടെ അപ്പീൽ അനുവദിച്ചാണ്‌ കോടതി ഉത്തരവ്.

 

രാജ്യത്തെ 32 ലക്ഷം മുസ്ലീംകള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപിയുടെ ‘സൗഗത് ഇ മോദി’ ക്യാംപയിൻ. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയാണ് ഈദ് ആഘോഷത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള  മുസ്ലീം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്യുന്നത്. ദരിദ്രരായ മുസ്ലീം കുടുംബങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പെരുന്നാൾ ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി പറയുന്നു.

പെൻഷൻകാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാരിൻ്റെ നീക്കം. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടു വന്നു. പെൻഷൻകാരെ വിരമിക്കൽ തീയതിക്കനുസരിച്ച് തരം തിരിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടാണ് നീക്കം.ശമ്പള കമ്മീഷൻ നിർദ്ദേശങ്ങൾക്ക് മുൻകാല പ്രാബല്യം നൽകുന്നത് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിമ‍ർശിച്ചു.

അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറച്ചേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് നികുതി കുറയ്ക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഈടാക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *