Untitled design 20250222 135156 0000

സുനിത വില്യംസ് ഉള്‍പ്പെടെ ഭാഗമായ ക്രൂ -9 സംഘത്തിന്‍റെ മടക്കയാത്രയുടെ സമയം പുനക്രമീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്‍റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം 19ന് പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്.

 

 

 

 

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി എന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്നവരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിബുദ്ധിമാന്മാരാണെന്നും മിടുക്കന്മാരാണെന്നുമാണ് മലയാളികളുടെ പൊതു ധാരണയെന്നും സതീശൻ പരിഹസിച്ചു. ജഡ്ജിമാർ പോലും പറ്റിക്കപ്പെടുന്നുവെന്ന് സ്പീക്കർ ഇതിനു മറുപടി നല്കി . എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

 

 

 

 

സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ. സർക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ ഉപരോധം ആരംഭിച്ചു. പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. റോഡില്‍ കിടന്നാണ് ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം.

 

 

 

 

അട്ടപ്പാടിയിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ ഭൂമി വിൽപന. കോട്ടത്തറ വില്ലേജ് ഓഫീസര്‍ നൽകിയ സാക്ഷ്യപത്രത്തിന്‍റെ ബലത്തിൽ 575 ഏക്കര്‍ വിറ്റെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി. ഇതിനെതിരെ ആധാരമെഴുത്ത് അസോസിയേഷൻ നൽകിയ പരാതിയിലും എതിര്‍ പരാതിയിലും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു.

 

 

 

 

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്പനി ഒയാസിസിൽ നിന്ന് രണ്ട് കോടി കൈപ്പറ്റിയെന്ന ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

 

 

 

 

 

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വഖഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോർഡിനാണെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

 

 

മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തിൽ കെ ടി ജലീൽ എം എൽ എ നടത്തിയ പ്രസംഗം വിവാദമായി. മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നും മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകൾക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി.

 

 

 

 

 

കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണൻ ഇന്ന് ഇ ഡിക്ക് മുമ്പിൽ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണമെന്നതിനാല്‍ ഇഡിയോട് സാവകാശം തേടും. കെ രാധാകൃഷ്ണൻ ചേലക്കരയിലാണ് ഇപ്പോഴുള്ളത്. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു നോട്ടിസ്. കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.

 

 

 

 

 

നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും. പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തിൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

 

 

 

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് ദൗത്യസംഘം വലയിലാക്കിയിരുന്നു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തിയതായും അധികൃതർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയുമാണ് പിടിച്ചത്. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്.

 

 

 

 

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വിഎ ബാലു ജോലിയിൽ തിരികെ പ്രവേശിച്ചില്ല. അവധി നീട്ടി ചോദിച്ച് ബാലു ക്ഷേത്രത്തിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നൽകി. 15 ദിവസത്തേക്കാണ് അവധി നീട്ടി ചോദിച്ചത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ യാത്ര ചെയ്യാൻ കഴിയില്ലെന്നാണ് കത്തിൽ പറയുന്നത്.

 

 

 

 

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസമായെന്നാണ് പൊലീസ് കണ്ടെത്തൽ. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാൽ 2 കിലോ മാത്രമാണ് പിടിച്ചെടുത്തത്. കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.

 

 

 

 

കൈക്കൂലി കേസില്‍ പിടിയിലായ ഐ ഒ സി ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പിന് പണം വാങ്ങി കൂട്ടുനിന്നുവെന്ന ആരോപണങ്ങളുമായി തൊഴിലാളി നേതാക്കളും രംഗത്തെത്തി. ഐഒസിയുമായി ബന്ധപ്പെട്ട പരാതികള്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിജിഎം അലക്സ് മാത്യു അട്ടിമറിച്ചെന്ന ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രൻ വെങ്ങോലത്ത് ആരോപിച്ചു.

 

 

 

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. മകൻ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു.

 

 

 

 

 

പത്തനംതിട്ട തിരുവല്ല റൂട്ടിൽ ഇലന്തൂരിൽ ബ്ലോക്ക് പടിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം. കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

 

 

 

സൈനികൻ ഓടിച്ച കാറിനുള്ളിൽ നിന്നും കഞ്ചാവും വലിക്കാനായി ഉപയോഗിക്കുന്ന കടലാസ് അടക്കമുള്ളവയും പൊലീസ് കണ്ടെത്തി. കാറോടിച്ചിരുന്ന പ്ലാവൂർ സ്വദേശി ഹിറോഷിനെ(31) പൊലീസ് കസ്റ്റഡിയിലെടുത്തു. മാറനല്ലൂർ മാവുവിളയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ അപകടമുണ്ടാക്കിയ കാറിൽ നിന്നുമാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.

 

 

 

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു.

 

 

 

പാലക്കാട് ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പൻകാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസൻ (60) ആണ് കുളത്തിൽ വീണു മരിച്ചത്.

 

 

വിമാനങ്ങളിൽ ഇസ്രയേലിനെ നീക്കിയുള്ള മാപ്പ് കാണിച്ചതിന് പിന്നാലെ ക്ഷമാപണം നടത്തി എയർ കാനഡ. എയർ കാനഡയിലെ ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ എന്റർടെയിൻമെന്റ് സംവിധാനത്തിന്റെ ഭാഗമായി കാണിച്ച മാപ്പിലാണ് ഇസ്രയേലിന് പകരം പാലസ്തീൻ ടെറിറ്ററീസ് എന്ന് കാണിച്ചത്. അപ്ഡേറ്റിന് പിന്നാലെ ഈ മാപ്പ് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

 

 

 

യുഎഇയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യക്കാരുടെയടക്കം അഞ്ച് പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പ്രവാസിക്ക് ദുബൈ പോലീസിന്റെ ആദരവ്. ദുബൈയിൽ ട്രെയിനി ഓഡിറ്ററായ 28കാരൻ ഷാവേസ് ഖാനാണ് ആദരവ് ഏറ്റുവാങ്ങിയത്. ഷാവേസ് ഖാനെ മെഡലും 1000ദിർഹം കാഷ് അവാർഡും നൽകിയാണ് ആദരിച്ചത്.

 

 

 

 

ഇന്ത്യൻ രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്നാട് സർക്കാർ നടപടിയിൽ നിരാശയില്ലെന്ന് ചിഹ്നം തയ്യാറാക്കിയ തമിഴ്നാട് സ്വദേശി ഡി.ഉദയകുമാർ. രൂപ ചിഹ്നം തയ്യാറാക്കിയതിന് മുൻ മുഖ്യമന്ത്രി കരുണാനിധി തന്നെ പ്രത്യേകം അഭിനന്ദിച്ചതാണെന്നും കൂടിക്കാഴ്ചയിൽ കരുണാനിധി ഏറെ സന്തോഷവാനായിരുന്നുവെന്നും ഉദയകുമാർ പറഞ്ഞു.

 

 

 

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍. മൂന്ന് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്. എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്.

 

 

 

 

യുഎസ് ഗവൺമെന്റിന്റെ ധനസഹായത്തോടെ പ്രവർ‌ത്തിക്കുന്ന വോയ്‌സ് ഓഫ് അമേരിക്കയിൽ കൂട്ടപ്പിരിച്ചു വിടൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ് പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മെയിൽ വഴിയാണ് സന്ദേശമെത്തിയത്. മാർച്ച് അവസാനത്തോടെ പിരിഞ്ഞു പോകണമെന്നാണ് അറിയിപ്പ്.

 

 

 

 

 

അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ മനുഷ്യത്വ വിരുദ്ധമായ നാടുകടത്തൽ രീതികൾ തുടർന്ന് അമേരിക്ക. കോടതി ഉത്തരവ് മറികടന്ന് വെനസ്വേലന്‍ തടവുകാരെ എല്‍ സാവദോറിലേക്ക് ട്രംപ് ഭരണകൂടം നാടുകടത്തി. കുറ്റവാളികൾ എന്ന് ആരോപിച്ച് 200ലേറെ അധികം വെനസ്വേലക്കാരെയാണ് അമേരിക്ക എൽ സാൽവഡോറിലെ ജയിലിലേക്ക് കയറ്റി അയച്ചത്. യുഎസ് കോടതിയുടെ വിലക്ക് തള്ളിയാണ് ട്രംപ് സർക്കാരിന്റെ നടപടി.

 

 

 

തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കർശന പരിശോധനാ നടപടികൾ തുടരുന്നു. മാർച്ച് ആറ് മുതൽ 12 വരെ 23,865 ത്തോളം നിയമലംഘകരാണ് പിടിയിലായത്.

 

 

 

 

 

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ചതിന് ബോളിവുഡിലെ ബിഎഫ്എഫ് എന്ന അറിയപ്പെടുന്ന ഓറി അഥവാ ഓർഹാൻ അവത്രമണിക്കും മറ്റ് ഏഴ് പേർക്കെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. കത്രയിലെ നിരോധിത മേഖലയിൽ മദ്യപിച്ചതിന് ഓറി ഉൾപ്പെടെ എട്ട് പേർക്കെതിരെ സംസ്ഥാന പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

 

 

 

 

ചികിത്സയിൽ തുടരുന്ന ഫ്രാൻസീസ് മാർപ്പാപ്പ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്‍റിന്‍റെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു എന്ന കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രം പങ്കുവെച്ചത്. മാർപാപ്പ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്നതാണ് ചിത്രം.

 

 

 

 

മയക്കുമരുന്ന് കേസിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന വെറ്ററൻമാരും സൈനിക കോൺട്രാക്ടർമാരും ഉൾപ്പെടെയുള്ള ഒരു കൂട്ടം അമേരിക്കൻ തടവുകാരെ കുവൈത്ത് മോചിപ്പിച്ചു. രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് തടവുകാരുടെ പ്രതിനിധി പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ഉന്നത പ്രതിനിധിയായ ആദം ബോഹ്‌ലർ അടുത്തിടെ കുവൈത്ത് സന്ദർശിച്ചതിനെ തുടർന്നാണ് ഈ മോചനം.

 

 

 

കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും അധികാരത്തിലേറിയതിന് പിന്നാലെ നടപ്പാക്കിയ കർശനമായ കുടിയേറ്റ നയങ്ങളുടെ തുടർച്ചയായാണ് പുതിയ നിയന്ത്രണങ്ങൾ എന്നാണ് സൂചന. 43 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ബാധിക്കുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങൾ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയേക്കും. ഈ രാജ്യങ്ങളെ റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ടെന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *