റാഗിങ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള ഹൈക്കോടതി തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈക്കോടതി കണക്കിലെടുത്തതായി കരുതുന്നുവെന്നും അതിന്റെ കൂടി ഫലമാണ് ഈ തീരുമാനമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി സംവരണത്തിനായി തസ്തികൾ മാറ്റിവെച്ച സാഹചര്യത്തിൽ എൻഎസ്എസിന് കീഴിലുള്ള സ്കുളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർദ്ദേശം. എൻഎസ്‌എസിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി അറുപത് സീറ്റുകൾ മാറ്റിവെച്ചതായി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.
പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് മര്‍ദനം. പത്തനംതിട്ട ഏനാത്ത് സഹോദരനെയും അടുത്ത ബന്ധുവിനെയും പ്ലസ് ടു വിദ്യാർത്ഥിയുടെ കൂട്ടുകാരാണ് തല്ലിച്ചതച്ചത്. മാർച്ച് 2 നായിരുന്നു സംഭവം.സംഭവത്തില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർത്ഥിയെയും പ്രതി ചേർത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ എസ് ഇ ബി. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവര്‍ത്തികള്‍ക്ക് ചുമതലപ്പെടുത്താവൂവെന്നും കെ എസ് ഇ ബി അറിയിച്ചു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു.ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു.കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക..10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും..ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്.
കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശിതരൂറിൻെറ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിർദ്ദേശവും ഹൈക്കമാണ്ട് നൽകിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്ന് മകന്റെ കൈ തല്ലിയൊടിച്ച് അച്ഛൻ. കൊച്ചി കളമശ്ശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ഓമശ്ശേരി പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച നേതാക്കളെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമരം ചെയ്യുന്ന ഒരാളേയും പരിഹസിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന നിലപാട് സി.പി.എമ്മിന്റേതല്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. തൊഴിലാഴിവര്‍ഗ പോരാട്ടങ്ങളും സമരങ്ങളും ഏറ്റക്കുറച്ചിലുകളോടുകൂടി ലോകത്ത് എമ്പാടും നടക്കുന്ന വര്‍ഗസമരത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ഇടയിൽ എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. വരാപ്പുഴ ഏലൂക്കര സ്വദേശി മുഹമ്മദ് നസീഫിനെയാണ് വരാപ്പുഴ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎ അടക്കം പിടികൂടിയിട്ടുണ്ട്. പ്രതിയിൽ നിന്നും മയക്കുമരുന്ന് തൂക്കി വിൽക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് വെയിങ്ങ് മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, പണം, മൊബൈൽ എന്നിവ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
2024-2025 സാമ്പത്തിക വർഷത്തിലെ 11 മാസം പിന്നിട്ടുമ്പോൾ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷൻ വകുപ്പ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 5219.34 കോടി മറികടന്ന് വരുമാനം 5500 കോടിയിൽ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികള്‍ക്ക് പൊലീസ് ഇൻസ്പെക്ടറായി നിയമനം നൽകാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവർക്ക് ഇൻസ്പെക്ടർ റാങ്കിൽ നിയമനം നൽകാനുള്ള തീരുമാനം വിവാദമായിരുന്നു.
തമിഴ്‌നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആൾമാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൈബർ ക്രൈം പൊലീസാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ പിടികൂടിയത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ- മെയിലിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
മഹാകുംഭമേളയിൽ ഉപയോഗിച്ച ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ഇനി സംസ്ഥാനത്തുടനീളമുള്ള രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ യുപി. പ്രയാഗ്‌രാജിലെ സെൻട്രൽ ഹോസ്പിറ്റലിൽ ഉപയോഗിച്ച അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ യുപിയിലെ വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് കൈമാറും. ഇതിനായി ജില്ലകളിലെ സിഎംഒ അപേക്ഷിക്കണം. അതിനുശേഷം മെഷീനുകൾ കൈമാറാനാണ് തീരുമാനം.
ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആശാ വർക്കർമാരുടെ സമരത്തിൽ കൂടുതൽ ഇടപെടലുകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് സമരത്തെ കുറിച്ച് സുരേഷ് ഗോപി വിശദീകരിച്ചു. ആശ വർക്കർമാർക്ക് വേതനം നൽകുന്നതിൽ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്ന് നദ്ദ സുരേഷ് ഗോപിയെ അറിയിച്ചു. ദില്ലിയിൽ ആരോഗ്യ മന്ത്രാലയത്തിൽ ആയിരുന്നു കൂടികാഴ്ച.
രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് സംഘത്തെ പിടികൂടി മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ . സംഘത്തിലെ 6 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട്. വിദ്യാസമ്പന്നരായ ആളുകൾ പ്രധാനികളായ മയക്കുമരുന്ന് സംഘത്തിലെ വിദേശ ബന്ധമാണ് ഞെട്ടിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 1,128 കോടി രൂപയുടെ മയക്കുമരുന്ന് വിറ്റഴിച്ച സംഘമാണ് കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് നിയമസഭാ ഹാളിൽ പാൻ മസാല ചവച്ച് തുപ്പിയ എംഎൽഎയെ വിമർശിച്ച് സ്പീക്കർ. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങൾ. അംഗങ്ങളോട് സംസാരിച്ച സ്പീക്കർ സതീഷ് മഹാന, ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം ലഭിച്ചപ്പോൾ താൻ നേരിട്ട് പോയി അത് വൃത്തിയാക്കുകയായിരുന്നു എന്നും പറഞ്ഞു.
ബി.ജെ.പിയുടെ അടുത്ത ദേശീയ അധ്യക്ഷനെ ഹോളിക്ക് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭ തുടങ്ങുന്ന മാര്‍ച്ച് 21-ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. മാര്‍ച്ച് 14-നാണ് ഹോളി. മാര്‍ച്ച് 21 മുതല്‍ 23 വരെ ബെംഗളൂരുവിലാണ് ആര്‍.എസ്.എസിന്റെ ഉന്നതതലയോഗം.