ചൂട് കാലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നമ്മുടെ ചര്‍മത്തിനും മുടിക്കുമാണ്. നല്ല രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ കാലം കഴിയുമ്പോള്‍ മുടി കൊഴിഞ്ഞ്, ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വരും. വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യത്തിനായി നമുക്ക് വീട്ടില്‍ വച്ച് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. വേനല്‍കാലത്ത് ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ദിവസവും തല കഴുകുക എന്നതാണ് പ്രധാനം. എന്നാല്‍ എല്ലാ ദിവസവും ഷാംപൂ ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മൈല്‍ഡ് ഷാംപൂ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാക്കുക. കിണര്‍ വെള്ളം അല്ല എന്നുണ്ടെങ്കില്‍ ക്ലോറിനേറ്റ് വെള്ളം പിടിച്ചു വച്ചതിന് ശേഷം കുളിക്കുക. വേനല്‍ കാലത്ത് അമിതമായി എണ്ണ തേയ്ക്കരുത്. എന്നാല്‍ ചെമ്പരത്തി താളി ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്. ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ തല വിയര്‍ത്ത് ഫംഗസും താരനും കൂടാന്‍ സാധ്യതയുള്ളത് കൊണ്ട് തല കവര്‍ ചെയ്യുന്ന സ്‌കാര്‍ഫോ ഹെയര്‍ ക്യാപ്പോ ഉപയോഗിക്കണം. മാത്രമല്ല ഇത് കൃത്യമായ ഇടവേളകളില്‍ കഴുകുകയും വേണം. മുടിയില്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നവര്‍ വേനല്‍ കാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മുടിയില്‍ ഹീറ്റ് ചെയ്യുന്നവര്‍ വേനല്‍ കാലത്ത് അത് ഒഴിവാക്കുന്നതാകും നല്ലത്. പുറത്തിറങ്ങുമ്പോള്‍ മുടി അഴിച്ചിടാതെ കെട്ടി വയ്ക്കുന്നതാകും ഉചിതം. നെല്ലിക്കയും കറിവേപ്പിലയും കറ്റാര്‍വാഴയും അരച്ചെടുത്ത് തലയില്‍ ഹെയര്‍ പാക്കായി ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവും വേനല്‍ കാലത്ത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം. ഏറ്റവും പ്രധാനമായും സാധാരണയായി നമ്മള്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ചൂട് കാലത്ത് കുടിക്കാന്‍ ശ്രദ്ധിക്കണം. അയണ്‍, സിങ്ക്, ബയോട്ടിന്, വൈറ്റമിന്‍ സി, ഒമേഗ3സി, വൈറ്റമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം. കശുവണ്ടി പരിപ്പ്, ബദാം, വാല്‍നട്ട്, ഫ്‌ളക്‌സ് സീഡ്സ് എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. യോഗര്‍ട്ട്, നെല്ലിക്ക, മുരിങ്ങയില, മധുരക്കിഴങ്ങ് ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.