കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് റിപ്പോർട്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി..
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നടന്നിരിക്കുന്നത് മൂന്നാറിനേക്കാൾ വലിയ ഭൂമി കയ്യേറ്റമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കയ്യേറ്റത്തിന് റവന്യൂ സർവേ ഉദ്യോഗസ്ഥർ കൂട്ടു നിന്നതായും ഐജി കെ.സേതുരാമൻ, മുൻ ഇടുക്കി ജില്ല കളക്ടർ എച്ച്. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കയ്യേറ്റം മറച്ചു വയ്ക്കാൻ റവന്യൂ രേഖകൾ ഉദ്യോഗസ്ഥർ മനപൂർവം നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരിസൺ മലയാളത്തിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഇല്ല. ഇടക്കാല ഉത്തരവ് നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിക്കുകയും പുനരധിവാസം തടസപ്പെടരുതെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിക്കുകയും ചെയ്തു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും.
വയനാട് പുനരധിവാസത്തിൽ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞുള്ള ഉപരോധം സംഘർഷത്തിലായി. സമരം ചെയ്യുന്ന ദുരന്തബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാപ്പകൽ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം. സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.
വയനാട്ടിലെ ദുരന്തബാധിതരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തുവെന്നും ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയതെന്നും ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന് കോൺഗ്രസ് നൽകിയത് ഒരു എംപിക്ക് ലഭിക്കാവുന്ന ഉയർന്ന പരിഗണനയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. അദ്ദേഹത്തിന് വ്യക്തിപരമായ സ്വാധീനം വോട്ടർമാർക്കിടയിൽ കുറഞ്ഞുവെന്നും മണ്ഡലത്തിൽ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതെന്നും പിജെ കുര്യൻ പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാക്കള്‍. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പിബി ഹര്‍ഷകുമാര്‍ അധിക്ഷേപിച്ചു. സമരത്തിൻ്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണെന്നും കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് അതിൻ്റെ നേതാവാണ് മിനിയെന്നുമായിരുന്നു പി.ബി. ഹർഷകുമാറിന്റെ ആരോപണം.
മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്.
പിസി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോൺ ജോർജ്. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്ന് പി.സി. ജോർജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ അക്രമണങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. വ്യാപകമായ ആക്രമണം നടക്കുന്നതിനിടയിലാണ് സിനിമയിലെ വയലന്‍സ് കൂടുന്നതെന്നും ആര്‍ഡിഎക്സ്, കൊത്ത, മാര്‍ക്കോ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും, ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് ആപത്കരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കാമെന്നാണ് ഖാർഗെയ്ക്ക് എഴുതിയ കത്തിൽ മുല്ലപ്പള്ളി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു.
തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്‌സറേ യന്ത്രങ്ങള്‍ പണി മുടക്കിയതോടെ രോഗികള്‍ ദുരിതത്തിലായി.
ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഡിജിറ്റല്‍ എക്‌സറേ യന്ത്രങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണവും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഒപി യില്‍ എത്തുന്ന രോഗികളും വാര്‍ഡില്‍ കഴിയുന്ന രോഗികളും എക്‌സറേ ലഭിക്കാന്‍ സ്വകാര്യ എക്‌സറേ സെന്‍ററുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം രാവിലെ 7.45 ഓടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. തുടർന്ന് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തൽ. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. അഫാനെ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്യാനായി പൊലീസ് കോടതിയെ സമീപിച്ചു. ആശുപത്രിയിൽ തന്നെ റിമാൻഡ് ചെയ്യും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.
കോഴിക്കോട് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പത്താം ക്ലാസുകാരുടെ ഫെയർ വെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.
തൃശ്ശൂർ കൊരട്ടി ചെറുവാളൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോൽ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്. ഇട റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം. നാട്ടുകാരും ഫയർഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കരുണപ്പൊടി ദേഹത്തെറിഞ്ഞതായി പരാതി. ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാതെ ഇരിക്കുകയാണ് പത്താം ക്ലാസുകാരി. എന്നാൽ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.
ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്.
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനലബ്ദിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമാണ് കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്. ഇദ്ദേഹവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. റോമിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തിനടുത്തുള്ള കർദിനാളിൻ്റെ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ധനകാര്യ കമ്മീഷന് മുന്നിൽ കേന്ദ്രസർക്കാർ നിർദ്ദേശം സമർപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനൽ ഒക്ടോബർ 31-നകം ശുപാർശകൾ സമർപ്പിച്ചേക്കും.
കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. കോയമ്പത്തൂർ ആസ്ഥാനമായ കമ്പനി, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിൽ ആണ് നീക്കം.
കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.
പുണെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കൊടുംകുറ്റവാളി ദത്താത്രേയ ഗഡേ (37) കവര്‍ച്ചയ്ക്കും അതിക്രമത്തിനും ഇരയാക്കിയിരുന്നത് പ്രായംചെന്ന സ്ത്രീകളെയെന് പോലീസ്. പതിമൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു കുറ്റവാളിക്കായുള്ള പോലീസ് അന്വേഷണം. നൂറ് പേരടങ്ങുന്ന സംഘം ഡ്രോൺ ഉൾപ്പടെയുള്ള സാധ്യത വിനിയോഗിച്ചാണ് പ്രതിയെ പിടികൂടിയത്.
ഇസ്രായേലിനുള്ളിൽ പ്രവേശിച്ച് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്ന് ഇസ്രായേൽ. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൈന്യത്തിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി ഏറ്റെടുത്തു.
അഞ്ചു മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറുള്ള സമ്പന്നരായ വിദേശ നിക്ഷേപകരെ ആകർഷിക്കാനായി കൊണ്ടുവന്ന ഗോൾഡ് കാർഡ് പൗരത്വ പദ്ധതിക്ക് കീഴിൽ അമേരിക്കൻ കമ്പനികൾക്ക് യുഎസ് സർവകലാശാലകളിൽ നിന്ന് ഇന്ത്യൻ ബിരുദധാരികളെ നിയമിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ കുടിയേറ്റ സമ്പ്രദായം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾക്ക് യുഎസിൽ താമസിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും കാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞു.