ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പി’ന്റെ ട്രെയ്ലര് പുറത്തെത്തി. ഫാന്റസി സ്പോര്‍ട്സ് ഡ്രാമയെന്നാണ് അണിയറക്കാര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫുട്ബോള്‍ വേള്ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്, ഐ എം വിജയന്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന പുതിയ സിനിമയാണ് ‘ഐഡി’. നവാഗതനായ അരുണ്‍ ശിവവിലാസം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സ്, ദിവ്യ പിള്ള, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. ‘ഐഡി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ‘ഐഡി’ എന്ന ചിത്രത്തില്‍ അണിനിരക്കുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. 82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു. ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്. എണ്ണവില കുതിച്ചുയരുന്നതും ഡോളര്‍ സൂചിക കുതിച്ചതും രൂപയെ തളര്‍ത്തി. എണ്ണവില ഇനിയും ശക്തിപ്രാപിച്ചാല്‍ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴഞ്ഞ മാസം 28 ന് രൂപ 81.93 എന്നതിലേക്ക് എത്തിയിരുന്നു.
രാജ്യത്ത് എട്ടു നഗരങ്ങളില്‍ ഫൈവ് ജി സേവനം മെച്ചപ്പെട്ട നിലയില്‍ പുരോഗമിക്കുന്നതായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരാണസി എന്നിവിടങ്ങളിലാണ് സര്‍വീസ് തുടങ്ങിയത്. ഫൈവ് ജി സേവനം പ്രയോജനപ്പെടുത്തുന്നവര്‍ ഫോര്‍ ജി പ്ലാനിന് വരുന്ന ചാര്‍ജ് നല്കിയാല് മതി. കഴിഞ്ഞ 27 വര്‍ഷമായി ടെലികോം രംഗത്ത് ഉണ്ടായ മാറ്റങ്ങളില്‍ വലിയ സംഭാവനയാണ് കമ്പനി നല്‍കിയത്. ഫൈവ് ജി സിഗ്നല്‍ ലഭിക്കുന്നവര്‍ക്ക് ഫൈവ് ജിയിലേക്ക് മാറാം. എന്നാല്‍ ഡേറ്റയുടെ ഉപഭോഗം കൂടുതലാണ് എന്ന് തോന്നിയാല്‍ ഫോര്‍ ജിയിലേക്ക് മാറാനുള്ള ഓപ്ഷനുമുണ്ട്. വരിക്കാരന്റെ സ്വാതന്ത്ര്യം അനുസരിച്ച് ഫൈവ് ജി തെരഞ്ഞെടുക്കാം. ആപ്പിള്‍, സാംസങ്, ഷവോമി, ഓപ്പോ, വണ്‍ പ്ലസ് തുടങ്ങിയ മൊബൈല്‍ കമ്പനികളുടെ ഫൈവ് ജി മോഡലുകളില്‍ എയര്‍ടെല്‍ ഫൈവ് ജി സേവനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഈ വര്‍ഷം ഓഗസ്റ്റ് 15 നാണ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്ക് ഒല എസ് 1 ഇലക്ട്രിക് സ്കൂട്ടറിനെ പുറത്തിറക്കുന്നത്. കമ്പനിയുടെ മുന്‍നിര എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ വിലകുറഞ്ഞ പതിപ്പായിരുന്നു ഇത്. ഇപ്പോഴിതാ ഉത്സവ ദിനങ്ങളിലെ ഈ മോഡലിന്റെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ദസറയില്‍ ഏകദേശം 10 മടങ്ങ് അധികം വില്‍പ്പനയ്ക്ക് ഒല എസ് 1 സാക്ഷ്യം വഹിച്ചു. നിലവില്‍ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്. ഒല ഇലക്ട്രിക്ക് അതിന്റെ ട1 ഇലക്ട്രിക് സ്കൂട്ടറിന്റെ പര്‍ച്ചേസ് വിന്‍ഡോ സെപ്റ്റംബര്‍ ഒന്നിനാണ് തുറന്നത്. ഡെലിവറി സെപ്റ്റംബര്‍ 7-ന് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച എസ്1 പ്രോയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് സ്കൂട്ടറും നിര്‍മ്മിച്ചിരിക്കുന്നത്. ഈ സ്കൂട്ടറിന്റെ 70,000 യൂണിറ്റുകള്‍ കമ്പനി ഇതിനകം വിറ്റുകഴിഞ്ഞു.
പാശ്ചാത്യ സാഹിത്യചിന്തകളെ കാലാനുക്രമത്തില്‍ അവതരിപ്പിച്ചുകൊണ്ട് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു സമഗ്രപഠനമാണ് ഈ ഗ്രന്ഥം. വ്യത്യസ്ത സാഹിത്യസൈദ്ധാന്തികരുടെ നിലപാടുകളെ താരതമ്യംചെയ്ത് അവയുടെ താത്ത്വികാടിത്തറ വിശകലനം ചെയ്യുകയും ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളോട് അവയ്ക്കുള്ള ചായ്വുകളും വേറിടലുകളും വിവരിക്കുകയും ചെയ്യുന്ന ഈ പഠനം പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. ‘പാശ്ചാത്യ സാഹിത്യദര്‍ശനം’. എം അച്യുതന്. എട്ടാം പതിപ്പ്. ഡിസി ബുക്സ്. വില 664 രൂപ.
പ്രായം കൂടുമ്പോള്‍ നമ്മുടെ പല്ല്, മോണ തുടങ്ങിയവയുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 46 ശതമാനം ആളുകളിലും മോണ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. വായിലുള്ള ബാക്ടീരിയ ഹൃദയാഘാതത്തിന് കാരണമാകുന്ന അണുബാധയ്ക്ക് വരേ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അടങ്ങിയഭക്ഷണം കഴിവതും ഒഴിവാക്കണം. ധാരാളം അസിഡിറ്റി ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഇനാമലിനെ ദുര്‍ബലപ്പെടുത്തും. അതുകൊണ്ട് ശരീരത്തിന് വിറ്റാമിന്‍ പ്രധാനം ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലിക്കുന്നത് പല്ലിലെ എല്ലുകളെയും മൃദു കോശഘടനകളെയും ബാധിക്കും. അതുകൊണ്ട് പുകവലിക്കുന്നവര്‍ക്ക് പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മോണകളിലെ കോശഘടനകളുടെ സാധാരണ പ്രവര്‍ത്തനത്തെപ്പോലും പുകയില ഉത്പന്നങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ അവ പാടെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ദിവസവും രണ്ട് നേരം പല്ല് തേക്കുമെങ്കിലും അത് ഒരു ഡെന്റിസ്റ്റ് പല്ലുകള്‍ വൃത്തിയാക്കുന്നിടത്തോളം പൂര്‍ണ്ണമായി വായിലെ അഴുക്കിനെ നശിപ്പിക്കില്ല. അതുകൊണ്ട് ഇടയ്ക്കെങ്കിലും പല്ല് കാണിച്ച് ശരിയായി വൃത്തിയാക്കണം. ടൂത്ത് ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിത്ത അഴുക്കുകള്‍ ഇത്തരത്തില്‍ വൃത്തിയാക്കാം. ഇതിലുപരി ഇടയ്ക്കിടെ ഡോക്ടറെ കാണുന്നതുവഴി പല്ലുകളുടെ ആരോഗ്യപ്രശ്നങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും സാധിക്കും. പ്രായം കൂടുന്തോറും പല്ലിന്റെ ഇനാമലിന്റെ പുറം പാളിക്ക് തകരാറുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റില്‍ ഫ്ളൂറൈഡ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് ഇനാമല്‍ ശക്തിപ്പെടുത്തുകയും നല്ല സംരക്ഷണം നല്‍കുകയും ചെയ്യും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.35, പൗണ്ട് – 92.03, യൂറോ – 80.69, സ്വിസ് ഫ്രാങ്ക് – 83.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.81, ബഹറിന്‍ ദിനാര്‍ – 218.18, കുവൈത്ത് ദിനാര്‍ -265.56, ഒമാനി റിയാല്‍ – 213.82, സൗദി റിയാല്‍ – 21.91, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.96.