എ ഐ സാങ്കേതികവിദ്യയിൽ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യുമെന്നും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുമെന്നും മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി അറിയിച്ചു
സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. വയനാട്ദുരന്തം നടന്ന് 61 ദിവസം കൂട്ടായി പാർക്കാനുള്ള സ്ഥലം കണ്ടെത്തി തത്വത്തിൽ ഉത്തരവ് പുറപ്പെടുവിച്ചു. അന്നുതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു എങ്കിൽ പകുതിയോളം പൂർത്തിയാകുമായിരുന്നു.നിർഭാഗ്യവശാൽ കോടതി ഇടപെട്ടു. ദുരിതബാധിതർക്ക് ഒരു പേടിയുടെയും ആവശ്യമില്ലെന്നും ഒരു സമരത്തിനും ഇറങ്ങേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മോദി സർക്കാർ ഫാസിസ്ററ് ആയെന്ന് മുമ്പും പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതൃത്വം.ഫാസിസ്റ്റ് പ്രവണതകൾ കാണിക്കുന്നു എന്നാണ് നേരത്തെയും സ്വീകരിച്ച നിലപാട്.ഫാസിസ്റ്റ് സർക്കാരായാൽ പിന്നെ എല്ലാവരെയും ചേർത്ത് എതിർക്കാൻ ഐക്യമുന്നണി രൂപീകരിക്കുകയേ വഴിയുള്ളു എന്നും സിപിഎം പുതിയ നയം സ്വീകരിച്ചു എന്നത് ദുർവ്യഖ്യാനം എന്നും നേതൃത്വം വ്യക്തമാക്കി.
മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ് എസ് നയിക്കുന്ന മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ തന്നെയാണെന്നും ആർ എസ് എസ് പൂർണ ഫാസിസ്റ്റു സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം വേണമെന്ന ആവശ്യം പരസ്യമാക്കി ശശി തരൂര്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് വ്യക്തമാക്കുന്ന തരൂര്‍, കേരളത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് കൂടി പറഞ്ഞുവെയ്ക്കുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷമെന്ന് റിപ്പോർട്ട്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തരൂരും വേണമെന്ന് ഒരു വിഭാഗം പറയുമ്പോൾ അദ്ദേഹം ദേശീയ തലത്തിൽ പ്രവര്‍ത്തിക്കട്ടെയെന്നാണ് മറുചേരിയുടെ നിലപാട്.
ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്റെ പ്രതികരണം ശരിയായില്ല എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. തരൂർ പാർട്ടി വിടില്ല സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ലെന്നും തരൂരിന് ഇനിയും തിരുത്താമെന്നു സുധാകരൻ പറഞ്ഞു. തരൂർ തന്നെ തിരുത്തക്കോട്ടെയെന്നും പ്രവർത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി
നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു പരിധി കടന്ന് ലീഗ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല എന്നത് സ്വാഭാവിക കാര്യമാണെന്നാണ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താത്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്കി. താത്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.
ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പത്തനംതിട്ട റാന്നിയിൽ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം. പ്രതിഷേധം കണ്ട് വാഹനം നിർത്തി മന്ത്രി പുറത്തിറങ്ങി. നടുറോഡിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാഗ്വാദവുമുണ്ടായി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ദേശീയ ഗെയിംസില്‍ വെള്ളി നേടിയ ബീച്ച് ഹാന്‍ഡ്ബോൾ വനിതാ ടീമിനെ അവഹേളിച്ച കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ പരസ്യ പ്രതികരണവുമായി ഹാന്‍ഡ് ബോള്‍ അസോസിയേഷന്. ടീമിനെ പിന്തുണച്ചതിന്റെ പേരിൽ തന്നെ തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും വനിതാ താരങ്ങളെ അപമാനിച്ച മന്ത്രി മാപ്പു പറയുകയാണ് വേണ്ടതെന്നും ഹാന്‍ഡ്ബോൾ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജനറൽ പറഞ്ഞു.
ആശ വർക്കർമാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ്. മന്ത്രിയുടെ വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാൻ കൂട്ടാക്കിയില്ല എന്ന പരാമർശത്തിലാണ് നോട്ടീസ് അയച്ചത്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസപ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.അതേ സമയം നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു.
കേരളത്തിൽ സൾഫ്യൂരിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ ഖത്തർ ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിയ്വു ഇന്റർനാഷണൽ. എറണാകുളം അമ്പലമേട്ടിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരണാപത്രം സംസ്ഥാന സർക്കാരിന് കൈമാറി.
പട്ടയത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ തിരുവാലി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഹമത്തുള്ളയാണ് പിടിയിലായത്.
കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ചത് ട്രെയിൻ അട്ടിമറിക്കാനെന്ന് എഫ്ഐആർ. ട്രെയിൻ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റ് കൊണ്ടിട്ടതെന്നും കുണ്ടറ പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതികളായ അരുണിനെയും രാജേഷിനെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
നാളെ എറണാകുളം, കണ്ണൂർ, കാസർകോട് എന്നീമൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 25-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.
കണ്ണൂർ ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. വൈകിട്ടാണ് സംഭവമുണ്ടായത്. ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.സംഭവത്തില്‍ രൂക്ഷപ്രതിഷേധമാണ് പ്രദേശത്തുള്ളത്.
ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അത്തരം വിദേശ ശക്തികൾ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന കുംഭമേള ഐക്യത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദില്ലി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ ദില്ലി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ദില്ലി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തെക്ക് വനിതാ നേതാവ് എത്തുന്നത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്.അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
20 മാസത്തോളം ഭരിച്ചത് നിലവിലില്ലാത്ത വകുപ്പെന്ന വിവാദത്തിൽ പ്രതികരണവുമായി പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാള്‍. അവർ ഇപ്പോൾ വകുപ്പ് ഇല്ലാതാക്കിയെന്ന് നമ്മൾ വന്നിരിക്കുന്നത് പഞ്ചാബിന്റെ രക്ഷയ്ക്കാണ് വകുപ്പ് ഏതാണെന്നത് മുഖ്യമല്ല പഞ്ചാബാണ് മുഖ്യമെന്നാണ് കുല്‍ദിപ് സിങ് ധലിവാള്‍ പ്രതികരിച്ചത്.
തെലങ്കാനയിലെ നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പുരോഗതി. ടണലിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് തകർന്ന ബോറിംഗ് മെഷീന്റെ അടുത്ത് വരെ ദൗത്യസംഘം എത്തി. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ് സ്പീക്കർ വഴി സംസാരിക്കാൻ ദൗത്യ സംഘം ശ്രമിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുന്നുവെന്നും സംഘം അറിയിച്ചു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പെറുവിൽ ഷോപ്പിങ് മാളിന്റെ മേൽക്കൂര തകർന്ന് വൻ ദുരന്തം. ആറ് പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേൽക്കൂര വീണത്. അപകട കാരണം വ്യക്തമല്ല.
അനന്തരസ്വത്തിൽ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്ലീം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതുവരെ ദില്ലി ജന്തര്‍മന്തറിയിൽ ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ച് വിപി സുഹ്റ. വൈകിട്ടോടെ വിപി സുഹ്റയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അനുവദിച്ചതിലും കൂടുതൽ സമയം സമരം തുടർന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം മുന്‍നിശ്ചയിച്ചതിലും നേരത്തെ പ്രവര്‍ത്തനരഹിതമാക്കണം എന്ന ആവശ്യവുമായി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. ഐഎസ്എസിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കാന്‍ നാസയും രാജ്യാന്തര പങ്കാളികളും തീരുമാനിച്ചിരിക്കേയാണ് അതിലും നേരത്തെ നിലയം പൊളിച്ചടുക്കണമെന്ന മസ്ക്കിൻ്റെ ആവശ്യം.
ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ. അടുത്ത ഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളുടെ കാര്യത്തിൽ ഉറപ്പു വേണമെന്ന് കാട്ടിയാണ് നടപടി. 63 ഇസ്രയേലി ബന്ദികൾ തുടർന്നുള്ള ഘട്ടങ്ങളിൽ ഇനിയും മോചിപ്പിക്കപ്പെടാനുണ്ട്. അതിനായി ചർച്ചകൾ നടക്കാനിരിക്കെയാണ് തടവുകാരുടെ മോചനം നീട്ടിവെച്ച ഇസ്രയേൽ നടപടി.
യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ് റഷ്യ ഒറ്റദിവസം ഒരേസമയം വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയത്. യുക്രൈനെതിരേ റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.