web cover 10 1

ബെല്‍ അമി | അദ്ധ്യായം 10 | രാജന്‍ തുവ്വാര
അനാര്‍ക്കി

രണ്ട് പ്രതിഭകള്‍ എന്റെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നും അവര്‍ ഈ വീട് സ്റ്റുഡിയോ ആയി ഉപയോഗിക്കുന്നുണ്ടെന്നും ഉളള വിവരം നൂതന്‍ ആണ് മാധ്യമസുഹൃത്തുക്കളിലൊരാളായ അഘോര്‍ കുല്‍ക്കര്‍ണിക്ക് നല്‍കിയത്. ബാംഗളൂര്‍ ഹെറാള്‍ഡിന്റെ കണ്‍ശാള്‍ട്ടന്റ് എഡിറ്റര്‍ ആയിരുന്നു കുല്‍ക്കര്‍ണി . ഒരു ദിവസം നൂതന്‍ വിളിച്ചപ്പോള്‍ ജൂഡിത്ത് വന്നുചേര്‍ന്ന വിവരവും അവളുടെ ചിത്രമെഴുത്തിന്റെ മികവിനെക്കുറിച്ചും ഞാന്‍ പറയുകയുണ്ടായി. നൂതന്‍ അപ്പോള്‍ സിംഗപ്പൂരില്‍ ഫാര്‍ ഈസ്റ്റ് ഇക്കണോമിക് റിവ്യൂവില്‍ ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റില്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു .ബാംഗ്ലൂര്‍ ഹെറാള്‍ഡില്‍ നിന്ന് ഒരു ഫോട്ടോഗ്രാഫറും അവിടത്തെ സീനിയര്‍ സബ് എഡിറ്ററും ബെല്‍ അമിയില്‍ എത്തുമെന്ന് കുല്‍ക്കര്‍ണി എന്നെ വിളിച്ചു പറഞ്ഞു. ബാംഗ്ലൂര്‍ ഹെറാള്‍ഡിന്റെ റസിഡന്റ് എഡിറ്റര്‍ യശ്വന്ത് ദേശ്മുഖ് എന്റെ ജൂനിയറായി ടൈംസില്‍ ഉണ്ടായിരുന്നു. അയാള്‍ തലേദിവസം എന്നെ വിളിച്ച് ഈ കാര്യം ഒര്‍മ്മപ്പെടുത്തി .
ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് ആ സംഘം എത്തുമ്പോള്‍ അതില്‍ ദേശ്മുഖ് ഉണ്ടാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല.
‘സര്‍ നമ്മള്‍ കണ്ടിട്ട് ഏഴു കൊല്ലമായി. സര്‍ മുംബയില്‍ നിന്ന് പോന്നതില്‍പിന്നെ ഞാന്‍ വല്ലപ്പോഴും ഒരു ആര്‍ട്ടിക്കിള്‍ ചോദിച്ചു വിളിച്ചതല്ലാതെ ഒരു ബന്ധവുമുണ്ടായിരുന്നില്ല.’
ഞാന്‍ പുഞ്ചിരിച്ചു.
‘നിങ്ങളുടെ കോളം ഞാന്‍ വായിക്കാറുണ്ട്. അത് നന്നായി പോകുന്നുണ്ടല്ലോ.’
‘ഉവ്വ് സര്‍.’
തന്നോടൊപ്പം വന്നിട്ടുള്ളവരെ അയാള്‍ പരിചയപ്പെടുത്തി.
‘ഇത്, ശ്രീദേവി മാലിനി, സീനിയര്‍ സബ്…’
മെലിഞ്ഞു നീണ്ട ആ ഇരുനിറക്കാരി എന്നെ അഭിവാദ്യം ചെയ്തു:
‘പ്ലെഷര്‍ ടു മീറ്റ് യു സര്‍.’
അടുത്തത് ഫോട്ടൊഗ്രാഫറുടെ ഊഴമായിരുന്നു.
‘വിശാഖ്, ഫോട്ടോഗ്രാഫര്‍ കം വിഡിയോഗ്രാഫറാണ്.’
‘ആരാണ് നിങ്ങളോട് ഇവിടെ മൂന്ന് പ്രതിഭകള്‍ ഒരുമിച്ചു താമസിക്കുന്നുണ്ടെന്ന് പറഞ്ഞത്?’ ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
‘സര്‍, ശ്രീദേവി ഹേഡ് കവേര്‍ഡ് ദാറ്റ് എക്‌സിബിഷന്‍ ബൈ ചാരുമതി . അവള്‍ അന്നുതന്നെ എന്നോട് പറഞ്ഞിരുന്നു അവളുടെ സ്റ്റുഡിയോയും താമസവും സാറിന്റെ ബംഗ്ലാവിലാണെന്ന്. അങ്ങിനെ ഇരിക്കെയാണ് ഞാന്‍ ദില്ലിയില്‍ നൂതനെ കണ്ടത്. അവള്‍ എല്ലാം വിശദമായി പറഞ്ഞു. കഴിഞ്ഞയാഴ്ച കുല്‍ക്കര്‍ണി സാബിന്റെ ഉത്തരവു വന്നപ്പോള്‍ കാര്യങ്ങള്‍ക്ക് തെളിച്ചം കിട്ടി.’
ഞങ്ങളുടെ സംസാരം കേട്ട് ചാരുമതി മുറിയില്‍ നിന്ന് ഹാളിലേക്ക് വന്നു.
ചാരുമതിയെക്കണ്ടപ്പോള്‍ ശ്രീദേവി മാലിനി അവളുടെ അടുത്തേക്ക് ചെന്നു.
‘ഞാന്‍ ശ്രീദേവി, അന്നത്തെ എക്‌സിബിഷനില്‍ വെച്ച് നമ്മള്‍ പരിചയപ്പെട്ടിരുന്നു. ഓര്‍ക്കുന്നോ?’
ചാരുമതി കൈകൂപ്പിക്കൊണ്ട് പുഞ്ചിരിച്ചു.
‘ഉവ്വ്, മനസ്സിലായി.’
‘ഇതാണ് ഒരു പ്രതിഭ…’ ഞാന്‍ യശ്വന്തിനോട് ചാരുമതിയെ ചൂണ്ടി പറഞ്ഞു.
യശ്വന്ത് ചിരിച്ചു.
‘ജോലിയിലായിരുന്നോ?’ അയാള്‍ ചോദിച്ചു.
ചാരുമതി പതിയെ തലയനക്കി.
‘രണ്ട് ചിത്രകാരികള്‍, ഒരെഴുത്തുകാരന്‍. അവര്‍ ഒരുമിച്ച് ഒരു വീട്ടില്‍ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു. പാരീസിലും ചില യൂറോപ്യന്‍ നഗരങ്ങളിലും ഇങ്ങനെ എഴുത്തുകാരും ആര്‍ട്ടിസ്റ്റുകളും ഒരുമിച്ച് താമസിച്ചു ജോലി ചെയ്തിരുന്നവെന്നു കേട്ടിട്ടുണ്ട്. ദാലി, ബുനുവല്‍, ഗാല, ഫ്രിദ കാല, റിവേറ, ട്രോട്‌സ്‌കി, ഗെര്‍ട്രൂഡ് സ്റ്റെയിന്‍, പിക്കാസോ… പക്ഷേ, അവിടെയൊന്നും രണ്ടു ചിത്രകാരികള്‍ ഒരു പുരുഷന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് ചിത്രമെഴുതിരുന്നതായി ഞാന്‍ കേട്ടിട്ടില്ല.’
യശ്വന്ത് പൊട്ടിച്ചിരിച്ചു, ഞാനും ചാരുമതിയും യശ്വന്തിന്റെ അനുചരരും ആ ചിരിയില്‍ പങ്കു ചേര്‍ന്നു
‘അരാജകജീവിതമെന്നാണ് ഇത്തരം കൂട്ടായ്മകള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. പോള്‍ എലുവരിന്റെ കാമുകിയായിരുന്ന ഗാല ദാലിയുടെ കാമുകിയായി. അവര്‍ മൂന്നുപേരും ഒരുമിച്ച് ശയിച്ചിട്ടുണ്ടെന്ന് ബുനുവല്‍ എഴുതിയിട്ടുണ്ട്.’
‘നിങ്ങള്‍ അങ്ങനെയുള്ള താരതമ്യങ്ങള്‍ ഇവിടെ അവതരിപ്പിക്കേണ്ട. മാത്രമല്ല ഞങ്ങളുടെ സ്വകാര്യതകള്‍ ഈ മതില്‌കെട്ടിനകത്തു നിന്ന് പുറത്തുപോകാന്‍ പാടില്ല.’
ഞാന്‍ യശ്വന്തിന് മുന്നറിയിപ്പ് നല്‍കി.
‘തീര്‍ച്ചയായും. അതൊരിക്കലുമുണ്ടാകില്ല.’
‘താങ്ക് യു…’ ഞാന്‍ പറഞ്ഞു:
‘ഞാന്‍ ഈ വീട് വാങ്ങിയതുതന്നെ ഇതൊരു ക്രീയേറ്റീവ് പ്ലാറ്റ്‌ഫോം ആയിരിക്കണം എന്ന ഉദ്ദേശത്തിലായിരുന്നു. എഴുത്തിനും വായനക്കും കൃത്യമായ സ്വകാര്യത ലഭ്യമാക്കുകയായിരുന്നു ഒറ്റപ്പെട്ട സ്ഥലത്തുള്ള ഈ വീടുകൊണ്ട് ഞാന്‍ ലക്ഷ്യമിട്ടത്. ബെല്‍ അമീ എന്ന പേര് എന്നെ ആകര്‍ഷിച്ചതും ഒരു കാരണമാണ്. ഈ രണ്ടു ജീനിയസുകള്‍ കൂടി ഇവിടെ താവളമാക്കിയതോടെയാണ് ആ ലക്ഷ്യത്തിന് ചെറിയ തോതിലെങ്കിലും ഫലപ്രാപ്തിയുണ്ടായത്.’
‘മറ്റേ ചിത്രകാരി എവിടെപ്പോയി?’ യശ്വന്തിന്റെ സഹായിപ്പെണ്‍കുട്ടി ചോദിച്ചു
ഞാന്‍ ചാരുമതിയെ നോക്കി.
‘ഞാന്‍ വിളിക്കാം, അവള്‍ ജോലിയിലായിരിക്കും…’ എന്നു പറഞ്ഞുകൊണ്ട് ചാരുമതി ജൂഡിത്തിനെ വിളിക്കാനായിപ്പോയി.
‘ജൂഡിത്ത് ഒരു എക്‌സിബിഷന് തയ്യാറെടുക്കുകയാണ്’ ഞാന്‍ പറഞ്ഞു.
‘ഓ… ദാറ്റ്‌സ് എ ഗ്രേറ്റ് ന്യൂസ്.’
‘ഈ വീട് മനോഹരമായ ഒരിടം തന്നെ. സര്‍ ഈ വീട് വാങ്ങിച്ചതാണോ.. അതോ…’
‘ഒന്‍പത് വര്‍ഷം മുന്‍പ് ഞാനിത് വാങ്ങി. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ വീട്ടില്‍ എഴുതാനായി ഞാന്‍ രണ്ടു തവണ വന്നിട്ടുണ്ട് . ആ മുറിയാണ് അന്ന് ഞാന്‍ ഉപയോഗിച്ചത്, ചാരുമതി താമസിക്കുന്ന മുറി ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു, അന്ന് എന്റെ ആദ്യത്തെ പുസ്തകത്തിന്റെ ജോലി പൂര്‍ത്തീകരിക്കാനാണ് ഇവിടെ എത്തിയത്. മുംബൈയില്‍ ഇരുന്ന് എനിക്ക് ആ ജോലി തീര്‍ക്കാന്‍ കഴിയില്ലെന്ന് തോന്നി. നമ്മുടെ നൂതന്‍ ആണ് എനിക്കീ വീട്ടില്‍ താമസിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കിയത്. അന്ന് ഇത് വാങ്ങിക്കുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍പോലും സാധിക്കില്ലായിരുന്നു. മുംബയിലെ മൂന്നു മുറിയുള്ള ഫ്‌ളാറ്റ് ആയിരുന്നു അതുവരെ ജോലി ചെയ്തതില്‍ നിന്നുണ്ടായ പ്രധാന സമ്പാദ്യം. അതു വിറ്റ് കുറച്ചു ലോണും നാട്ടിലെ ഭൂമി വിറ്റ പണവും ചേര്‍ത്ത് ഞാനിത് വാങ്ങിച്ചു. ഇത് വാങ്ങുവാന്‍ നൂതന്‍ എന്നെ ഒരു പാട് സഹായിച്ചു.’
‘സര്‍ ഹംപി എഴുതിയത് ഇവിടെ വെച്ചായിരുന്നോ?’ ശ്രീദേവി മാലിനി ചോദിച്ചു.
‘ഹംപി പൂര്‍ത്തിയാക്കിയത് ഇവിടെ വെച്ചായിരുന്നു. ആ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി വായിച്ച നൂതന്‍ എന്നോടത് ഒരു വട്ടം കൂടി വായിച്ച് എഡിറ്റ് ചെയ്യാന്‍ പറഞ്ഞു. മുംബൈയിലിരുന്ന് എഴുതാന്‍ ് വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടു. അപ്പോഴാണ് നൂതന്‍ ഈ വീട്ടിലിരുന്ന്‌കൊണ്ട് എഴുതാനുള്ള സൗകര്യം ചെയ്തു തന്നത്. ഇത്ര വിസ്താരമുള്ള മുറികള്‍ ഞാന്‍ കണ്ടിട്ടുള്ളത് ടാജിലും അശോകിലും ഒബെറോയിയിലുമൊക്കെയാണ് .’
‘വീടിനേക്കാള്‍ ഇതിന്റെ പശ്ചാത്തലമാണ് ചേതോഹരം…’
മാവിന്‍തറയിലേക്കും വീടിനെ പുല്‍കുന്ന മരക്കൂട്ടങ്ങളിലേക്കും ചൂണ്ടി യശ്വന്ത് പറഞ്ഞു.
ജൂഡിത്ത് ഞങ്ങള്‍ക്കിടയിലേക്ക് നടന്നു വന്നു
‘ക്ഷമിക്കണം, ഞാന്‍ അല്പം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.’
ജൂഡിത്ത് ക്ഷമാപണം നടത്തി.
‘നമ്മള്‍ മൂന്നുപേരെയും വിചാരണ ചെയ്യുവാനാണ് ഈ ജേണലിസ്റ്റ് സിംഹങ്ങള്‍ എത്തിയിട്ടുള്ളത്’ ഞാന്‍ പറഞ്ഞു
‘ഇതിലൊരാള്‍ സിംഹിയാണ്, സര്‍’ പത്രപ്രവര്‍ത്തകയെ ചൂണ്ടി ജൂഡിത്ത് കൗതുകം കൊണ്ടു.
‘ഇത് യശ്വന്ത് റസിഡന്റ് എഡിറ്റര്‍’ ഞാന്‍ ജൂഡിത്തിന് അതിഥിയെ പരിചയപ്പെടുത്തി.
‘സര്‍ ഇവരുടെ വര്‍ക്കുകള്‍ ഒന്ന് കവര്‍ ചെയ്യട്ടെ?’
ശ്രീദേവി യശ്വന്തിനോട് ചോദിച്ചു.
‘ചെയ്യാമല്ലോ…’
പിന്നെ അയാള്‍ ജൂഡിത്തിനെ നോക്കി.
‘മാഡം ജൂഡിത്ത്, ഈ പയ്യന് നിങ്ങളുടെ ചിത്രങ്ങള്‍ ഒന്ന് കവര്‍ ചെയ്യണമെന്നുണ്ട്.’
‘സര്‍, ഞാന്‍ ഇവിടെ വന്നശേഷം നാല് ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്.’
ജൂഡിത്ത് ചെയ്ത എന്റെ വീടിന്റെ പോട്രെയ്റ്റ് കണ്ടപ്പോള്‍ ശ്രീദേവി കണ്ണെടുക്കാതെ അതിലേക്ക് കുറച്ചുനേരം നൊക്കിനിന്നു. അതിന്റെ തുടര്‍ച്ചയായി അവള്‍ ഇങ്ങനെ ആശ്ചര്യം കൊണ്ടു.
‘ഓ… ദിസ് ഈസ് അബ്‌സോല്യൂട്ട്‌ലി ഗ്രേറ്റ്…’
എന്നിട്ട് അവള്‍ യശ്വന്തിനെ നോക്കി.
‘ദാറ്റ് ഈസ് ഇറ്റ്. റിയലി ഗ്രേറ്റ്.’
‘താങ്ക് യൂ…’
ഔപചാരികമായി അവരുടെ സംഭാഷണം നീങ്ങി. വിശാഖ് അവിടെ ഉണ്ടായിരുന്ന ചിത്രങ്ങള്‍ എല്ലാം ക്യാമറയിലാക്കി. ഫക്ക് മെഷീന്‍ എന്ന ചിത്രം കണ്ടപ്പോള്‍ യശ്വന്തിന്റെ കണ്ണുകള്‍ തള്ളി.
‘ഓഹ് വാട്ട് എ ട്രീറ്റ്‌മെന്റ്…’ അയാള്‍ അതിശയിച്ചു.
പട്ടിയുടെ ശരീരവും സ്ത്രീയുടെ മുഖവുമുള്ള രൂപം. അതിനെ പിന്നില്‍നിന്ന് ഭോഗിക്കുന്ന മരം കൊണ്ടുള്ള ലിംഗം. അത് ഒരു മോട്ടോറിനോട് ഘടിപ്പിച്ചിരിക്കുന്നു. ചിത്രത്തിന് ത്രിമാന സ്വഭാവം അനുഭവ പ്പെടുന്നതായി ചെറുപ്പക്കാരിയായ ആ പത്രപ്രവര്‍ത്തകക്ക് തോന്നി.
‘ഇതിനെക്കുറിച്ച് വിശദീകരിക്കാനൊന്നുമില്ല. പോര്‍ണോഗ്രഫിക് ഫിലിമുകളുടെ വ്യാപനത്തോടെ ചിത്രമെഴുത്തിന് പരിമിതികളില്ലാതായി. ഇറോട്ടിക് ഈസ്‌തെറ്റിക്‌സിന് ചിത്രകലയില്‍ സാധ്യതകള്‍ കുറഞ്ഞു. അതിലുള്ള അസ്വസ്ഥതയാണീ ചിത്രം.’
ജൂഡിത്തിന്റെ പ്രതികരണം കേട്ട് യശ്വന്ത് അവളെത്തന്നെ നോക്കി.
‘ഈ ടൈറ്റില്‍… അതാണ് എനിക്ക് അത്ഭുതമായി തോന്നിയത്.’
ജൂഡിത്ത് മലര്‍ക്കെ ചിരിച്ചു…
‘ഞാന്‍ ചാള്‍സ് ബുക്കോവ്‌സ്‌കിയുടെ ഒരു നോവല്‍ വായിച്ചിരുന്നു. അതിന്റെ പേര് ഈ ചിത്രത്തിന് നല്‍കി… ഫക്ക് മെഷീന്‍.’
ഒന്നും മനസ്സിലാവാത്തവനെപോലെ യശ്വന്ത് ജൂഡിതിനെ നോക്കി, പിന്നെ അങ്ങോട്ട് കടന്നുചെന്ന എന്നെ അവിശ്വാസത്തോടെ നോക്കി.. ഈ സ്ത്രീയുടെ ഒപ്പമാണോ ജീവിക്കുന്നതെന്ന ചോദ്യം ആ കണ്ണുകളിലുണ്ടെന്ന് എനിക്ക് തോന്നി.
ജൂഡിത്തിന്റെ മുറിയില്‍ നിന്നിറങ്ങിയ ആ സംഘം ചാരുമതിയുടെ മുറിയിലേക്ക് നീങ്ങി
അവിടെ പുതിയതായി ഒരു ചിത്രമേ ഉള്ളൂ. ദി ആര്‍ട്ടിസ്റ്റ് മേക്ക്‌സ് ടെയ്‌ലര്‍. കസേരയിലിരുന്ന് ഷര്‍ട്ടിന്റെ കീറിയ കക്ഷം തയ്ക്കുന്ന ജൂഡിത്തിന്റെ പോര്‍ട്രെയ്റ്റ്. സ്റ്റുഡിയോയുടെ ചിത്രം കൂടി ക്യാമറയിലാക്കി അവര്‍ പുറത്തിറങ്ങി.
അതിനുശേഷം അവര്‍ മുകളില്‍ എന്റെ മുറിയിലേക്ക് കയറി വന്ന് അതിനകം ക്യാമറയിലാക്കി. അവരോടൊപ്പം ഞാന്‍ താഴേക്കിറങ്ങി വന്നപ്പോള്‍ ചാരുമതി നല്ല ആതിഥേയയായി. ഡൈനിങ് ടേബിളില്‍ കാപ്പിയും ഉപദംശങ്ങളും. ഒരു വീട്ടുകാരിയുടെ മാനറിസമാണിപ്പോള്‍ അവള്‍ക്ക്. ആറു കസേരകളുള്ളതിനാല്‍ അതിഥികളടക്കമുള്ള ആറ് പേരും ഒരുമിച്ചിരുന്ന് ചായയും കാപ്പിയും കുടിച്ചു. ഞാനും യശ്വന്തും ചായപ്രിയരാണ്. മറ്റു നാലുപേരും കാപ്പി കുടിച്ചു. അടുക്കളയിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ചാരുമതി കേരള ബനാന ചിപ്‌സും മുറുക്കുമൊക്കെ വാങ്ങിക്കാറുണ്ട്. എനിക്ക് മാത്രമല്ല അവള്‍ക്കും ഇപ്പോള്‍ ജൂഡിത്തിനും അതൊക്കെ ഇഷ്ടമാണ്.
ഇപ്പോള്‍ അതിഥികളും അതെല്ലാം സന്തോഷത്തോടെ കഴിച്ചു.
ഹാളിലെ കസേരകളില്‍ ഞങ്ങള്‍ മൂന്നുപേരും സംസാരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം പകര്‍ത്തിയശേഷം അവര്‍ പോകാനിറങ്ങി. പോകുമ്പോള്‍ ഞാന്‍ യശ്വന്തിനോട് പറഞ്ഞു:
‘അനാര്‍ക്കി എന്ന വാക്ക് നിങ്ങളുടെ കവറേജില്‍ ഒരിടത്തും വരരുത്. പിന്നെ, എന്നെകുറിച്ച് ഹൈലൈറ്റ് ചെയ്തില്ലെങ്കിലും ഈ ചിത്രകാരികളെ പ്രകാശിപ്പിക്കണം. അടുത്ത മാസം ജൂഡിത്തിന്റെ സോളോ ഉണ്ടാകും. ഗാലറി ബുക്ക് ചെയ്താല്‍ അറിയിക്കാം. നിങ്ങള്‍ വരണം.’
തീര്‍ച്ചയായും എക്‌സിബിഷന് വരാമെന്നു പറഞ്ഞ് അവര്‍ യാത്രയായി.
(തുടരും)
Copy Right Reserved

ബെല്‍ അമി | അദ്ധ്യായം 11

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *