Untitled design 20250112 193040 0000

 

മണിപ്പൂരിൽ രാഷ്രപതി ഭരണം. വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്. പാര്‍ലമെന്‍റ് സമ്മേളനത്തിനുശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

പാതിവില തട്ടിപ്പിൽ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സമീപകാലത്തൊന്നും കാണാത്ത വമ്പൻ സംഘവുമായി പാതിവില തട്ടിപ്പ് അന്വേഷണം തുടങ്ങിയ ക്രൈംബ്രഞ്ച് ആദ്യം പിടിയായി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ അരിച്ചു പെറുക്കുകയാണ്.

പെരളശ്ശേരി എകെജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി. കെട്ടിടത്തിന്റെ പഴയതും പുതിയതുമായ ചിത്രം പങ്കുവച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്. 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂളുകൾ ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചുവെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

 

ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ വനിതാ എംഎല്‍എമാര്‍ക്കും വനിതാ ജീവനക്കാര്‍ക്കുമുള്ള കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

 

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കേറ്റത്.ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയിൽ ഉമ തോമസ് എംഎൽഎ പങ്കെടുത്തിരുന്നു.

 

വലിയ അപകടത്തിൽ നിന്നാണ് കരകയറിയതെന്നും എല്ലാവരും ചേര്‍ത്തുനിര്‍ത്തിയെന്നും കരുതലിന് നന്ദിയുണ്ടെന്നും ഉമ തോമസ് എംഎൽഎ. കല്ലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു. എല്ലാവരും തന്‍റെ കൂടെ നിന്നുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എം.എൽഎ പറഞ്ഞു.

 

സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വീണ്ടും കോടതി മാറ്റിവെച്ചു. ഏത് ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത് എന്ന വിവരം പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയാദ് ക്രിമിനല്‍ കോടതിയാണ് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്. ഇത് എട്ടാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.

 

കോട്ടയം നേഴ്സിങ് കോളേജിലെ റാഗിങിന് പിന്നിൽ എസ്എഫ്ഐ നേതാക്കളാണെന്ന് എംഎസ്എഫ് ആരോപിച്ചു. എസ്.എഫ്.ഐ നഴ്‌സിങ് സംഘടനയായ കെജിഎസ്എന്‍എയുടെ സംസ്ഥാന പ്രസിഡന്‍റും എസ്എഫ്ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി ഭാരവാഹിയുമായ അഖിൽ രാജ് ഉൾപ്പെടെ അഞ്ച് പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ് ആരോപിച്ചു.നിയമത്തിന് പൂർണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും എം.എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ് പറഞ്ഞു.

വരും നാളുകളിൽ കർഷകർക്കും വിവിധ പരിശീലനങ്ങൾ നൽകുന്നതിനുള്ള കേന്ദ്രമായി ‘സമേതി’യെ (സ്റ്റേറ്റ് അഗ്രികൾച്ചർ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) മാറ്റുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കാർഷിക മേഖലയിലെ ഒരു സെന്റർ ഓഫ് എക്സല്ലെൻസ് എന്ന തരത്തിൽ രൂപം കൊടുത്തിട്ടുള്ള സ്ഥാപനമാണ് സമേതിയെന്ന് മന്ത്രി പറഞ്ഞു.

 

പെരിന്തൽമണ്ണ പുലാമന്തോളിൽ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പുലാമന്തോൾ ചെമ്മലശ്ശേരി ഭാഗങ്ങളിൽ ഇതരം സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കൊച്ചിയിലെ കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി. ജോളി മധുവിന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. എംഎസ്എംഇ നിയോ​ഗിച്ചിരിക്കുന്ന മൂന്നം​ഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്.പരാതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സമ​ഗ്രമായ റിപ്പോർട്ട് എംഎസ്എംഇ മന്ത്രാലയത്തിന് കൈമാറുക എന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട നിർദേശം.

 

ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭര്‍ത്താവ് സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സജിയുടെ തലയ്ക്ക് പിന്നിൽ ചതവും തലയോട്ടിയിൽ പൊട്ടലുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ് തലയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി ഒരു മാസത്തോളം ചികിത്സയിലിരുന്ന ശേഷമാണ് സജി മരിക്കുന്നത്.

 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‍ലാന്റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. എന്നാൽ പിടിയിലായ പഞ്ചാബ് സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

 

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട് മരിച്ചത്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പിന്നീട് ആനകളെ തളച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 5 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടിട്ടാണെന്ന് പ്രാഥമിക നിഗമനം. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു.

 

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ രണ്ട് സ്ത്രീകളെ ശരീരത്തിൽ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായി ദില്ലി അന്താരാഷ്ട്ര വിമാനത്തിൽ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസാണ് ഇരുവരെയും നിരീക്ഷിച്ചത്. വിശദ പരിശോധനയിൽ മയക്കുമരുന്ന് കടത്ത് കൈയോടെ പിടികൂടിയതോടെ ഇരുവരും പിടിയിലായി.രണ്ട് പേരെയും ലഹരിവിരുദ്ധ നിയമങ്ങൾ പ്രകാരം അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുകയാണ്.

സ്കൂളിൽ പോകാൻ അമ്മയ്ക്കൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ.ഇന്ന് രാവിലെ ഗ്വാളിയർ സിറ്റിയിലെ മൊറാൽ ഏരിയയിലായിരുന്നു സംഭവം.മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെ വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. ലോക് സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷത്തിന്‍റെ വിയോജന കുറിപ്പ് റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കാമെന്ന് അമിത് ഷാ സമ്മതിച്ചു. ഇരുസഭകളുടെയും നടുത്തളത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സഭാധ്യക്ഷന്മാര്‍ രൂക്ഷമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ വഖഫ് നിയമഭേദഗതി ബില്ല് മാര്‍ച്ച് 10ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്‍റെ അടുത്ത ഘട്ടത്തില്‍ പാസാക്കും.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളുമായി കോൺഗ്രസ്. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയതിൽ രാജ്യത്തിൻ്റെ രോഷം അറിയിക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാൻ ഇന്ത്യ സ്വന്തം വിമാനങ്ങൾ അയക്കുമോ, ഗാസ ഏറ്റെടുത്ത് ടൂറിസ്റ്റു കേന്ദ്രമാക്കും എന്ന ട്രംപിൻറെ വിചിത്ര വാദത്തിനെതിരെ പ്രതിഷേധം അറിയിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു.

 

പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. നികുതി സമ്പ്രദായം ലളിതമാക്കുകയും ആധുനിക വത്കരിക്കുകയുമാണ് ലക്ഷ്യമെന്ന് ബില്ല് അവതരിപ്പിച്ച ധനമന്ത്രി അവകാശപ്പെട്ടു. 23 അധ്യായങ്ങളിലായി 298 വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്ളത്. 2026 ഏപ്രില്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്.

 

ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *