പുരോഗമന സംസ്കാരത്തിന് ഇടിവ് വരുത്തുന്ന പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾ നൽകി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വർദ്ധിക്കുകയാണ്. കൂട്ടത്തോടെ മാധ്യമ മേഖലയെ കോർപ്പറേറ്റ് ഏറ്റെടുക്കുകയാണ്. മാധ്യമ രംഗത്ത് കോർപ്പറേറ്റ് ആധിപത്യം വരുമ്പോൾ ജനതാൽപര്യം ഹനിയ്ക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചർച്ച നടത്തി മന്ത്രിമാർ. നിയമ മന്ത്രിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ് ചർച്ച നടത്തിയത്. വിസി നിയമനത്തിലെ അനിശ്ചിതത്വം അടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി.
സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്. സിപിഐയുടെ എതിർപ്പ് മൂലമാണ് മാറ്റം. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി തിങ്കളാഴ്ച മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകും.
മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
വിജിലൻസിന്റെ മിന്നൽ പരിശോധയിൽ രജിസ്ട്രേഷൻ വകുപ്പിലെ ആറ് ഓഫീസർമാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോൺഫറൻസിന്റെ പേരിൽ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന. ഇവരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 33O50 രൂപ പിടിച്ചെടുത്തു. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ മദ്യപിച്ചോ എന്നറിയാൻ വൈദ്യ പരിശോധനയ്ക്ക് ഇവരെ മാറ്റി.
കൊല്ലംകോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. അന്ന് തന്നെ താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി.
ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ശ്രാവിൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.
പനമരം പഞ്ചായത്ത് പ്രസിഡൻ്റ് പദവിയെ കുറിച്ചുള്ള സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രഭാകരന്റെ വിവാദ പരാമർശത്തെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ലീഗ് പനമരം പഞ്ചായത്ത് പ്രസിഡൻ്റ് പദം നൽകിയത് യോഗ്യയായ വനിതയ്ക്കാണെന്നും ജനറൽ സീറ്റിലാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതയ്ക്ക് പ്രസിഡൻറ് സ്ഥാനം നൽകിയതെന്നും ഷാജി പറഞ്ഞു.
ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍. ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്കി. ക്ഷേത്രോത്സവങ്ങള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൂരപ്രേമി സംഘം ഉന്നയിക്കുന്നത്. എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. കൊല്ലങ്കോട്- തൃശ്ശൂർ പാതക്കായി പഠനം നടത്തിയെങ്കിലും ഗതാഗതം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാൻ നടപ്പിലാക്കിയ മറ്റ് പദ്ധതികൾക്ക് പുറമെ അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികൾക്കുമായി മാത്രമായി മുപ്പത്തിഏഴ് കോടി എൺപത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കി പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന് പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍.സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. കൊമ്പുകുത്തിയില്‍ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
സംവിധായകൻ സനൽകുമാർ ശശിധരനെതിരേ കോടതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരിയായ നടി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നൽകിയിരുന്നു. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ആലപ്പുഴ വാടയ്ക്കലിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. സംഭവത്തിൽ അയൽവാസിയായ കിരണിനെ പുന്നപ്ര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാടത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ദിനേശന്റെ ശരീരമെന്നും മദ്യപിച്ച് കിടക്കുകയാണ് എന്നാണ് കരുതിയതെന്നും നാട്ടുകാരിലൊരാൾ പറയുന്നു. പിന്നീട് ഉച്ച കഴിഞ്ഞതിന് ശേഷവും ഇയാൾ എഴുന്നേൽക്കാതെ വന്നപ്പോഴാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുന്നത്.
പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നേതാക്കാള്‍ നിരുപാധികം മാപ്പപേക്ഷിച്ചു. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്ന് വ്യക്തമാക്കിയ കോടതി പോലീസ് സത്യവാങ്മൂലങ്ങളിലുള്ള അതൃപ്തിയും പ്രകടമാക്കി.
ജനങ്ങളിൽ നിന്ന് പിരിച്ച പണം ഈ പ്രോജക്ടിന് വേണ്ടി തന്നെയാണ് വിനിയോഗിച്ചതെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണൻ. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ ഫണ്ട് സമാഹരണം നടത്തുകയാണെന്നും അതിലൂടെ അപേക്ഷകർക്ക് അവരുടെ കാര്യങ്ങൾ തീർക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നും അനന്തുകൃഷ്ണൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പറയുന്ന പല പേരുകളും ശരിയല്ലെന്നും അനന്തുകൃഷ്ണൻ പ്രതികരിച്ചു.
പാതിവില തട്ടിപ്പ് കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് ആശ്വാസം. ഇദ്ദേഹത്തിൻ്റെ വാദം ശരിവെച്ച് കൊണ്ട് കേസിലെ പ്രതി അനന്തുവും രംഗത്ത് വന്നു. ഇന്ന് കോടതിയിൽ ഹാജരാക്കനെത്തിച്ചപ്പോഴായിരുന്നു അനന്തുവിൻ്റെ പ്രതികരണം. മാത്യു കുഴൽനാടൻ എംഎൽഎ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെയും മേൽനോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും.
പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദം തെറ്റെന്ന് രേഖകള്‍. അനന്തുവും ബി.ജെ.പി നേതാവും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതായുംപ്രമീളാദേവി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളിൽ പറയുന്നു.
മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണൽ തള്ളി. കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ ഹർജി നാളെ ട്രൈബ്യൂണൽ പരിഗണിക്കും.
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 19 കാരി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർമി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ ആരോപിച്ചു.
സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റെയിൽവെയുടെ ബദൽ നിർദേശം തള്ളി ഇ ശ്രീധരനും രംഗത്ത് വന്നു. ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരൻ്റെ നിലപാട്.
അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു.
നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ വിദ്യാർത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമർദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കൊല്ലത്ത് വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിലായി. കൊല്ലം താലൂക്ക് സർവ്വേയറായ അനിൽ കുമാറാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. അഞ്ചൽ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി. കൊല്ലം മുളവനയിലുള്ള രണ്ടര സെൻ്റ് ഭൂമി അളന്നു തിരിക്കാൻ സർവ്വേയർ 3000 രൂപ ആവശ്യപ്പെട്ടത് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു.
വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പേടി കൊണ്ടാണ് ഇത്രയും നാള് പൊലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനങ്ങള്‍ക്ക് വീടോ ശുദ്ധ ജലമോ നല്കാന് സാധിക്കാത്ത സാഹചര്യത്തില്‍ സൈക്കിള്‍ പാതയെ പറ്റി പകല്‍ കിനാവ് കാണുകയോണോ എന്ന് സുപ്രീം കോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കണം എന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
മഹാ കുംഭമേളയ്ക്കെത്തുന്നവരെയും യുപി നിവാസികളെയും ദുരിതത്തിലാക്കി വഴികളിലെല്ലാം വൻ ഗതാഗത കുരുക്ക്. പ്രയാഗ്രാജിൽ നിന്നും 300 കിലോമീറ്റർ അകലെവരെ ഗതാഗതം താറുമാറായെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കുംഭമേളയിൽ പങ്കെടുത്ത് സ്നാനം നടത്തി.പ്രയാഗ് രാജിൽനിന്നും മുന്നൂറ് കിലോമീറ്റർ അകലെവരെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 40 മണിക്കൂർ വരെ ഗതാഗതകുരുക്കിൽ കുടുങ്ങിയവരുണ്ട്. തിരക്ക് നിയന്ത്രണാതീതമായതിന് പിന്നാലെ പ്രയാഗ്രാജ് സംഗം റെയിൽവേ സ്റ്റേഷൻ അടച്ചു.
ബീരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായം എത്താനായില്ലെങ്കിൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു.
എഞ്ചിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖിന് കസ്റ്റഡി ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. അവാമി ഇത്തേഹാദ് പാര്‍ട്ടി സ്ഥാപകനും ജമ്മു-കശ്മീരിലെ ബരാമുള്ള മണ്ഡലത്തിലെ എംപിയുമാണ് എഞ്ചിനീയര്‍ റാഷിദ്. തീവ്രവാദ ഫണ്ടിങ് കേസില്‍ 2019 ല്‍ അറസ്റ്റിലായ റാഷിദ് നിലവില്‍ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി ജാമ്യമാണ് കോടതി അനുവദിച്ചത്.