കേന്ദ്രസർക്കാരിന്റെ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നീട്ടി. പദ്ധതി നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീട്ടിയത് . കൊവിഡ് മഹാമാരിയുടെ കാലത്തു തുടങ്ങിയ പി എം ജി കെ വൈ പദ്ധതി കഴിഞ്ഞ മാർച്ചിലും ആറ് മാസത്തേക്ക് നീട്ടിയിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങൾക്കും ഇന്റലിജൻസ് വിഭാഗം ജാഗ്രതാ നിർദേശവും നല്‍കിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ നിലവിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കുന്നതിനായി ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തി. രാത്രിയോടെ ദില്ലിയിലെത്തുന്ന കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനാർഥി ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി ഇനിയും സമയം അനുവദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി.