വയനാട് ഉരുൾപൊട്ടലിൽ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അംഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം. കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗൺഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ കേരളത്തിന് പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനം ഇപ്പോഴും ഇല്ലെന്നാണ് വിവരം.
2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി ദിനേഷ് കുമാറും വിമാനത്താവളത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കും.
കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ. സിനിമാതാരങ്ങൾക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും. മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകർ.സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നൽകിയ അനുമതിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ച് കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ . ഡി-ഡാഡ് സെന്‍ററെന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്‍ററിലൂടെ ചെയ്യുന്നത്.
വെടിക്കെട്ടിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയിൽ . കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിൽ നിന്ന് നിന്ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിജ്ഞാപനത്തിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വേല വെടിക്കെട്ടിന് ഇപ്പോൾ അനുമതി നിഷേധിച്ചത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും മകന്റെയും മരണത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങളിൽ വയനാട് എസ്പിക്ക് പരാതി നൽകി ഐ സി ബാലകൃഷ്ണൻ എംഎൽഎ. പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയിരുന്നില്ല . തന്റെ പേര് ഉപയോഗപ്പെടുത്തി ആരെങ്കിലും പണം കൈപ്പറ്റിയെങ്കിൽ അന്വേഷണം വേണമെന്നും എംഎൽഎ നൽകിയ പരാതിയിൽ പറയുന്നു.
പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. കൊച്ചിയിൽ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും 1000 പൊലീസുകാർ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നും കമ്മീഷ്ണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്രിസ്‍മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായില്ല. രാവിലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താനായിരുന്നു അന്വേഷണ സംഘം അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്. നാളെ ചോദ്യം ചെയ്യലിന് എത്താൻ മറ്റ് ചില അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലത്തെ കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിലായി . അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലാണ് ശ്രീനഗറിൽ നിന്ന് പിടിയിലായിത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്.
ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.
എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
കോഴിക്കോട് കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്.പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുക്കാൻ ബിഹാറിലേക്ക് തിരിച്ചു. ഇന്നലെ ദില്ലിയിലെത്തിയ ഗവർണർ കേരള ഹൗസിൽനിന്നാണ് ബിഹാറിലേക്ക് തിരിച്ചത്. കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും, കേരള ഹൗസ് ജീവനക്കാരും കൊച്ചിൻ ഹൗസിലെത്തി ഗവർണറെ കണ്ടു. കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് ഗവർണർ പറഞ്ഞു.
മന്‍മോഹന്‍ സിംഗിന്‍റ സ്മാരക വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. രാജ്യത്ത് ദുഃഖാചരണം തുടരുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ വിയറ്റ്നാമിലേക്ക് കടന്നെന്ന് ബിജെപി ആരോപിച്ചു. ചിതാഭസ്മ നിമജ്ജനത്തില്‍ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി.
മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നൽകി. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷൻ അരവിന്ദ് കെജരിവാൾ. ദില്ലിയിൽ ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രഖ്യാപിച്ചു. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും.
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.
കേരളത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി മന്ത്രി നിതേഷ് റാണെ. കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് ചെയ്തതെന്നാണ് റാണെയുടെ വിശദീകരണം. കേരളം മിനി പാകിസ്താന്‍ ആയതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചതെന്നായിരുന്നുനിതേഷ് റാണെയുടെ പരാമര്‍ശം.