വേനല്‍കാലത്തും ചൂടു കൂടുമ്പോഴും ദാഹം അടങ്ങാത്തത് സാധാരണമാണ്. എന്നാല്‍ ഏതു നേരവും വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്ന പ്രവണത അത്ര ആരോഗ്യകരമല്ല. ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ അമിതദാഹം അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോളിഡിപ്‌സിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. നിര്‍ജലീകരണമാണ് പോളിഡിപ്‌സിയക്കുള്ള പ്രധാന കാരണം. ചെറുപ്പക്കാര്‍ക്കിടയിലെ പോളിഡിപ്‌സിയ പ്രീ-ഡയബറ്റിസ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാല്‍, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരില്‍ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരില്‍ കാണാറില്ല. പ്രീ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാന്‍ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്കും നയിക്കുന്നു. റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീര്‍ണതകളും വരാനുള്ള സാധ്യത പ്രീ ഡയബറ്റിസുള്ളവരില്‍ കൂടുതലാണ്. അമിതവണ്ണമുള്ളവര്‍, അടുത്ത ബന്ധുക്കള്‍ക്ക് പ്രമേഹമുള്ളവര്‍, ഗര്‍ഭകാല പ്രമേഹമുണ്ടായിരുന്നവര്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം ഉള്ളവര്‍, വ്യായാമം ചെയ്യാത്തവര്‍ തുടങ്ങിയവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.