മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ. ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റിൽ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നൽകിയില്ല. സിവിൽ ഏവിേഷൻ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിന്‍റെ മേൽനോട്ടത്തിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ. ഇതടക്കം സുപ്രധാന തീരുമാനങ്ങൾ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.വയനാട് ഉരുൾപ്പൊട്ടൽ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്.
കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം.കെ.രാഘവൻ എംപി. കേരളത്തിൽ ഭരണത്തിൽ വരിക എളുപ്പമല്ലെന്നും ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ചതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കണമെന്നില്ലെന്നും എം.കെ.രാഘവൻ അഭിപ്രായപ്പെട്ടു. ജയിക്കുമെന്ന ആത്മവിശ്വാസം അബദ്ധത്തിലേക്കുള്ള പോക്കാണ്. നിലവിൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച അനാവശ്യമാണെന്നും രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കുറ്റാരോപിതരായ എം എസ് സൊല്യൂഷന്‍സിൻ്റെ സിഇഒക്കെതിരെ വിശദമായ അന്വേഷണവുമായി ക്രൈം ബ്രാഞ്ച്. ഷുഹൈബിന്‍റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് മെറ്റാ കമ്പനിക്ക് ഇ മെയിലയച്ചു. വാട്സ്ആപ്പ്, ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവിലെ അക്കൗണ്ടുളുടെ വിവരങ്ങളാ് തേടിയത്.
ശബരിമല മണ്ഡലകാലതീർഥാടനത്തിനു വ്യാഴാഴ്ച സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പ്രശാന്തിന്‍റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കസ്റ്റഡിയിൽ. സ്ത്രീകൾ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.
ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ കേസിലുൾപ്പെടുത്താതെ പൊലീസിന്റെ മെല്ലെപ്പോക്ക്. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗം വി ആർ സജിക്കെതിരെയാണ് കേസെടുക്കാത്തത്.സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്‍റെ ഫോൺ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള തെളിവുകൾ കൂടി കിട്ടിയ ശേഷം സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാണ് പൊലീസിന്റെ നീക്കം.
ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ എന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സി.പി.എം കരുതരുതെന്നും ഏത് ഗവർണർ വന്നാലും സി.പി.എം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കേരള ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ആരിഫ് മുഹമ്മദ് ഖാന് ദീര്‍ഘായുസും ആരോഗ്യവും നല്ലബുദ്ധിയുമുണ്ടാവട്ടേയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. ഇവിടെ കാണിച്ചത് പോലെ തന്നെ അദ്ദേഹം ബിഹാറിലും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുകള്‍ ഉപയോഗിക്കുമെന്ന് ആശിക്കുന്നതായും എകെ ബാലന്‍ പറഞ്ഞു.
സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
കൊല്ലം ശാസ്താംകോട്ടയിൽ പെയിന്‍റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ആലപ്പുഴ കോട്ടപ്പുറം സ്വദേശിയായ വിനോദാണ് കമ്പി വടികൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയത്തിൽ സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിനെ കൊല്‍ക്കത്തയലെത്തി പിടികൂടി കൊച്ചി പൊലീസ്. ലിങ്കൺ ബിശ്വാസ് രാജ്യവ്യാപകമായി പണം തട്ടാൻ ഉപയോഗിച്ചത് നാനൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകൾക്ക് രാജ്യത്ത് നേതൃത്വം നൽകുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ യുവമോർച്ച നേതാവായിട്ടുള്ള ഇയാൾ തട്ടിപ്പ് പണം എങ്ങനെ ചെലവഴിച്ചു എന്നതിലും അന്വേഷണം തുടരുകയാണ്.
തീർത്ഥാടകർക്ക് ദർശനപുണ്യമേകി ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു. 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ചടങ്ങുകൾ നാളെ നടക്കും. ഉച്ചയ്ക്ക് 1.30ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ പമ്പയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. വൈകിട്ട് അഞ്ചരയോടെ ദേവസ്വത്തിന്‍റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തി ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു.
തൃശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്ക്കെതിരെ നടപടി വേണമെന്ന് സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ് ആണ് എസ്ഐയ്ക്കെതിരെ പ്രസ്താവനയിലൂടെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എസ്.ഐയുടെ പള്ളിയിലെ ഇടപെടൽ അനാവശ്യമെന്ന് സി.പി.എം അഭിപ്രായപ്പെട്ടു. എസ്ഐ വിജിത്തിനെതിരെ നടപടി വേണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയിൽ പ്രവേശിച്ചു. തൃശൂർ ചാവക്കാട് എസ്.ഐ വിജിത്താണ് തൻ്റെ നടപടി വലിയ വിവാദമായതോടെ അവധിയിൽ പ്രവേശിച്ചത്. ശനിയാഴ്ച മുതൽ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സിപിഎം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് വിജിത്ത് അവധിയിൽ പോയത്.
തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.
തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നും കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പ്രതി പിടിയിൽ. സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന 37കാരനാണ് പിടിയിലായതെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറയുന്നു.
പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ ബാഗ്‌പത് സ്വദേശിയായ ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്ന് ദില്ലി പൊലീസ് വിലയിരുത്തുന്നു.
ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.
പുനഃസംഘടനക്ക് സമയ പരിധി നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. നാളെ കര്‍ണ്ണാടകയിലെ ബെലഗാവിയില്‍ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. ഗാന്ധിജി പങ്കെടുത്ത ബെലഗാവി കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണ പുതുക്കിയാകും ബെലഗാവിയിൽ പ്രവര്‍ത്തക സമിതി ചേരുക.
ക്രിസ്തുമസ് ദിനത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദില്ലി സേക്രട്ട് ഹാർട്ട് പള്ളിയിലെ ബിഷപ്പ് ഹൌസിൽ എത്തി. ദില്ലി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി.ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി. പ്രാർത്ഥനകളിൽ പങ്കെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. അതിഷിയെ അറസ്റ്റ് ചെയ്യാനും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കെജ്‌രിവാള്‍ തുറന്നടിച്ചു.
ക്രിസ്മസ് ദിനത്തില്‍ യുക്രൈന്റെ ഊര്‍ജ സംവിധാനം തകര്‍ത്ത് റഷ്യ. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടന്‍ അല്ലു അര്‍ജുന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആര്‍ ഭൂപതി റെഡ്ഡി. അല്ലു അര്‍ജുന്റെ സിനിമകള്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ മുന്നറിയിപ്പ് നല്‍കി.
കസാഖ്സ്താനിലെ അക്തൗവില്‍ നടന്ന വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 30-ഓളം പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥായാണ് അപകടകാരണമെന്നാണ് നിഗമനം.
അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്‍റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം തുടങ്ങും. ദില്ലിയിൽ നടന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് ബിജെപി തീരുമാനം. ഇക്കാര്യത്തില്‍ ഘടകകക്ഷികളോടും ബിജെപി പിന്തുണ തേടി. പാര്‍ലമെന്‍റില്‍ നടന്ന കാര്യങ്ങള്‍ യോഗത്തില്‍ അമിത് ഷാ വിശദീകരിച്ചു.
മഹാകുംഭ മേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആർസിടിസി. ഏകദേശം 3000 ഫെയർ സ്‌പെഷ്യൽ ട്രെയിനുകൾക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാർക്ക് താമസ സൗകര്യവുമാണ് ഒരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആർസിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഭീംതാല്‍ ടൗണിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു.