Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

 

വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി കേരള ഹൈക്കോടതി തള്ളി. വാളയാറിൽ മരിച്ച സഹോദരികളുടെ അമ്മ നൽകിയ ഹർജിയിൽ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എംജെ സോജന് കൺഫേ‍ർഡ് ഐ.പി.എസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയത്.

 

ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ‘ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.

 

എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.ക്യാമ്പിന് രണ്ട് ദിവസത്തെ അവധി നൽകിയതിനുശേഷം 26 ഡിസംബർ 2024 ന് പുനരാരംഭിക്കുമെന്ന് ഒഫീഷ്യാറ്റിംങ് അഡീഷണൽ ഡയറക്ടർ ജനറൽ എൻ സി സി. അറിയിച്ചു.

 

2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച് ഡിസംബര്‍ 26 വ്യാഴാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.

 

കട്ടപ്പനയിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കെതിരെയാണ് ചുമത്തിയത്. മൂവരെയും ഇന്ന് സഹകരണ സൊസൈറ്റിയിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു.

 

കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബസിന് പിന്നാലെയെത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഡോക്ടർ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. സർക്കാർ പുതിയ ഉത്തരവ് ഇറക്കിയതോടെയാണ് ആശാദേവി ചുമതലയേറ്റത്. ഡിസംബർ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

 

ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം അന്തർ സംസ്ഥാന തർക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിനും തമിഴ്‌നാടിനുമാണ് നിർദേശം. മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയവർക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോ‍ർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട ട്രൈബ്യൂണൽ, മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയെന്ന് തമിഴ്‌നാടിനോടും ചോദിച്ചു.

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണെന്ന് മന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു.

 

ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.

2040-ഓടെ ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നൽകിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയർമാൻ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും എന്നും അദ്ദേഹം പറഞ്ഞു.

 

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ജസ്റ്റിസ് വി രാമസുബ്രമണ്യനെ നിയമിച്ചതിനെതിരെ കോൺഗ്രസ്. ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ തീരുമാനം എടുത്തതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ നല്കിയ വിയോജന കുറിപ്പ് പുറത്തു വിട്ടു.

 

കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍.തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

 

1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് . 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ, പൊതുജനാഭിപ്രായമില്ലാതെ ഏകപക്ഷീയമായി മാറ്റങ്ങൾ നടപ്പിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്.ഡിസിപിയും എസിപിയും നേതൃത്വം നല്‍കുന്ന സംഘമാണ് ചോദ്യം ചെയ്തത്.ചോദ്യങ്ങള്‍ക്കൊന്നും അല്ലു അര്‍ജുന്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും അല്ലു അർജുൻ വ്യക്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ടെന്ന് നടന്റെ അഭിഭാഷക സംഘം പറയുന്നു.

 

ബലാത്സംഗം, ആസിഡ് ആക്രമണം, ലൈം​ഗികാതിക്രമം, പോക്‌സോ കേസുകളിൽ അതിജീവിച്ചവർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സക്ക് അർഹതയുണ്ടെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. അതിജീവിതർക്ക് ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായം നൽകുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും കോടതിയുടെ നിർദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു.

 

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.

കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ. കുക്കെ സുബ്രഹ്മണ്യയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിയതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *