കമ്പനിയുടെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് പ്രമുഖ ടെക് സ്ഥാപനമായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ മാനേജീരിയല്‍ റോളുകളില്‍ ജോലി ചെയ്യുന്ന 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സിഇഒ സുന്ദര്‍ പിച്ചൈ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഓപ്പണ്‍എഐ പോലുള്ള എഐ-അധിഷ്ഠിത എതിരാളികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന മത്സരത്തിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സുന്ദര്‍ പിച്ചൈയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ഗൂഗിളിന്റെ പുനഃസംഘടനാ തന്ത്രത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടി. ചില ജോലി റോളുകള്‍ വ്യക്തിഗത റോളുകളിലേക്ക് മാറ്റിയാണ് പുനഃസംഘടന നടത്തുന്നതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2022 സെപ്റ്റംബറിലാണ് ഗൂഗിള്‍ 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞത്. അടുത്ത ജനുവരിയില്‍ ഗൂഗിള്‍ 12,000 പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്.