Untitled design 20241217 141339 0000

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസും, എതിർപ്പുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ബില്ല് പിൻവലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബില്‍ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാർട്ടിയും ആരോപിച്ചു.

 

 

 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ടി വന്നതിന് കാരണം കോൺഗ്രസെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. 1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നുവെന്നും ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു 8 തവണയും ഇന്ദിര ഗാന്ധി 50 തവണയും രാജീവ് ഗാന്ധി 9 തവണയും മൻമോഹൻ സിംഗ് 10 തവണയും ഈ നിയമം ഉപയോഗിച്ചു ഇതാണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ട സാഹചര്യം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ ചില നിയമസഭകളുടെ കാലാവധി കൂട്ടുകയോ ചിലതിന്റേത് കുറയ്ക്കുകയോ ചെയ്യേണ്ടി വരും. അതിൽ 2026ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം പോലെയുള്ള ചില സംസ്ഥാനങ്ങളുടെ നിയമസഭകളുടെ കാലാവധി ഇതിനായി കുറയ്ക്കേണ്ടി വരുമെന്ന് റിപ്പോർട്ട്.

 

 

കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വി സി നിയമനത്തിനെതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്.

 

 

 

കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമര്‍ജെന്‍സി ലാന്‍ഡിങിലൂടെ സുരക്ഷിതമായി കൊച്ചിയിൽ തിരിച്ചിറക്കി. ടയറിന്‍റെ ഔട്ടര്‍ ലെയര്‍ ഭാഗം റണ്‍വേയിൽ കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ച് വിളിച്ചത്. അരമണിക്കൂറിലധികം നീണ്ട ആശങ്കകള്‍ക്കൊടുവിൽ 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയിൽ ലാന്‍ഡ് ചെയ്തത്.

 

 

 

 

തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും. അതോടൊപ്പം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികൾ അല്ലെന്നും പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രൻ പറഞ്ഞു.

 

 

 

കോതമംഗലം – കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതായി ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് അറിയിച്ചു. ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയ്കിടെ രണ്ട് പേരുടെ ജീവനുകളാണ് നഷ്ട്ടപെട്ടത്.

 

 

 

 

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മാനന്തവാടി പൊലീസ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. മറ്റു രണ്ടു പ്രതികളായ വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

 

 

 

നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി. ബാലിശമായ വാദമെന്ന് പറ‍ഞ്ഞാണ് ഹൈക്കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.

 

 

 

വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിനായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം കണക്കാക്കുന്നതിൽ കടുത്ത വിവേചനമെന്ന് പരാതി. കേന്ദ്ര മാനദണ്ഡ പ്രകാരം കാലപ്പഴക്കം കണക്കാക്കി പണം നൽകുമ്പോൾ വീടിന്‍റെ പകുതി വിലപോലും കിട്ടുന്നില്ലെന്നാണ് പരാതി. ദേശീയപാതയ്ക്കായി ഏറ്റെടുത്ത വീടുകൾക്ക് കാലപ്പഴക്കം കണക്കാക്കാതെ പണം നൽകിയപ്പോഴാണ് വിഴിഞ്ഞത്ത് വിവേചനമെന്ന ആക്ഷേപമുണ്ടായിരിക്കുന്നത്.

 

 

 

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നും ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എൽദോസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്പുഴയിലേക്ക് കൊണ്ടുപോയത്. നാല് പൊലീസ് ജീപ്പും ഒരു പൊലീസ് ബസും ആംബുലൻസിനൊപ്പമുണ്ട്. പ്രതിഷേധം കനത്തിലെടുത്താണ് സുരക്ഷ കടുപ്പിച്ചത്.

 

 

 

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ മാലിന്യ പരിപാലന സന്ദേശവുമായി കേരള ഖര മാലിന്യ പരിപാലന പദ്ധതി. മേളയുടെ പ്രധാന വേദികളിൽ ഒന്നായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഇൻഫർമേഷൻ കിയോസ്കിൽ വ്യത്യസ്തവും ആകർഷണീയവുമായ ഗെയിമുകൾ നടത്തിയാണ് ബോധവത്കരണം.

 

 

 

കോഴിക്കോട് നടുവണ്ണൂരിൽ സിപിഎം നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരായ പരാമർശമടക്കം സിപിഎമ്മിന്‍റെ ന്യൂന പക്ഷങ്ങളെ സംശയമുനയിൽ നിർത്തുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അക്ബറലി വ്യക്തമാക്കി.

 

 

 

മലപ്പുറം ചേളാരിയിൽ നടന്ന മെക് 7 വ്യായാമ കൂട്ടായ്മയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു. വ്യായാമത്തെ വർഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് അദ്ദേഹം പറഞ്ഞു. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നതെന്നും ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ല ഇത് പ്രോത്സാഹിപ്പിക്കണമെന്നും അബിൻ വർക്കി പറഞ്ഞു.

 

 

 

ക്രിസ്തുമസ് പരീക്ഷ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബർ സെല്ലിന്റെ സഹായവും തേടും. എഐഎസ്എഫിന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

 

 

 

തൃശൂർ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡൽ എന്ന 26 കാരൻ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂർ നഗരത്തിൽ മറ്റൊരു വാഹനത്തിൽ പിടിച്ച് സ്കേറ്റിംഗ് നടത്തിയതോടെയാണ് ഇയാളെ പൊലീസ് തെരഞ്ഞത്. എന്നാൽ കണ്ടെത്താൻ ആയിരുന്നില്ല. ഇന്ന് നഗര മധ്യത്തിലേക്ക് വീണ്ടും വന്നതോടെയാണ് പൊലീസിൻ്റെ പിടിയിലായത് .

 

 

 

ആലപ്പുഴ ജില്ലയിലെ അരൂരിൽ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാംവർഷ എം. ഡി. വിദ്യാർഥിനിയായിരുന്നു ഫാത്തിമ.

 

 

കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയുടെ മുഖ്യ പ്രതി എസ് എ ബാഷ (84) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോയമ്പത്തൂരിലെ പിഎസ്ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

 

 

 

ആലപ്പുഴ അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങൾ കടൽത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. തീരത്തടിഞ്ഞ രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിയാണ്. ഇത് ആരുടേതാണ് എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

 

 

 

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്നാടിൻ്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

 

 

സ്കോട്‍ലന്‍ഡില്‍ മലയാളി യുവതിയെ കാണാതായി. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് സാന്ദ്ര സാജു എന്ന 22കാരിയെ കാണാതായത്. സാന്ദ്രയെ കാണാതായിട്ട് 10 ദിവസത്തിലേറെയായി.സാന്ദ്രയെ കണ്ടെത്താന്‍ എഡിന്‍ബറോ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.

 

 

 

ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ് പ്രിയങ്ക ഗാന്ധി ഇന്ന് പാർലമെൻറിൽ ഇന്നെത്തിയത് . ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.പ ലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാർലമെന്‍റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

 

പുതുക്കിയ ലിസ്റ്റ് പ്രകാരം കേരളത്തിൽനിന്ന് രണ്ട് വ്യാജ സർവകലാശാലകളുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM), വ്യാജ സർവകലാശാലയുടെ പട്ടികയിലാണ്. രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്.

 

 

 

 

 

30 വർഷത്തിലേറെയായി കുടുങ്ങികിടക്കുകയായിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല A23a ദക്ഷിണ സമുദ്രത്തിൽ ഒഴുകാൻ തുടങ്ങിയതായി റിപ്പോർട്ട്. ഗ്രേറ്റർ ലണ്ടന്‍റെ ഇരട്ടി വലിപ്പവും ഏകദേശം ഒരു ട്രില്യൺ ടൺ ഭാരവുമുള്ള കൂറ്റൻ മഞ്ഞുമല 1986-ൽ അന്‍റാർട്ടിക്കയിലെ ഫിൽഷ്‌നർ ഐസ് ഷെൽഫിൽ നിന്നാണ് അടർന്നത്. അന്നുമുതൽ, വെഡൽ കടലിലെ സൗത്ത് ഓർക്ക്‌നി ദ്വീപുകൾക്ക് സമീപമുള്ള കടൽത്തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

 

കനേഡിയൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. രാജി കത്തിൽ, ട്രൂഡോ തന്നെ ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതായും മറ്റൊരു കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഫ്രീലാൻഡ് വെളിപ്പെടുത്തി. സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം വ്യക്തിപരമായ നേട്ടത്തിനായി പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമുയർത്തിയാണ് ഫ്രീലാൻഡ് രാജിവെച്ചത്.

 

 

 

 

ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തി യെമനിലെ ഹൂതികൾ. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യം ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരെ സൈനിക നടപടികൾ തുടരുമെന്ന് ഹൂതികൾ അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *