web cover 105

സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണം. ഇത്രയും പണം ചെലവാക്കിയതെന്തിന്? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് എന്തിനെന്നും കോടതി ചോദിച്ചു.

ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറിച്ചെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ അട്ടിമറി യോഗം ഗെലോട്ടിന്റെ ആസൂത്രണമാണെന്ന് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്കു റിപ്പോര്‍ട്ടു നല്‍കി. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി അശോക് ഗെലോട്ടിനെ പരിഗണിക്കില്ല. ഇതേസമയം, അജയ് മാക്കന്‍ സച്ചിന്‍ പൈലറ്റിനുവേണ്ടി ഒത്തുകളിച്ചെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ ആരോപണം.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ ഇന്നലെതന്നെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സര്‍വകലാശാല തള്ളി. ഗവര്‍ണര്‍ ഏകപക്ഷീയമായി രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് വിസി കത്തു നല്‍കിയിരുന്നു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 1404 പേര്‍ അറസ്റ്റിലായി. 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 834 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റു ചെയ്തത്. 215 പേരെ. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍.

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സിലബസില്‍ റോഡ് നിയമങ്ങളുടെ പാഠപുസ്തകം വരുന്നു. പുസ്‌കത്തിന്റെ പ്രകാശനം നാളെ നടക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസാകുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കൊച്ചി വിമാനത്താവളത്തില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ 28 ാം വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. രണ്ടോ മൂന്നോ സമ്പന്നരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. രാഹുല്‍ കുറ്റപ്പെടുത്തി.

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തിലെ അഴിമതിക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മൂവരേയും ഓരോ ലക്ഷം രൂപയുടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോണ്‍ഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മോശമായി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു.

എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും സ്ഫോടകവസ്തു എറിയുന്ന സമയത്ത് ധിരിച്ചിരുന്ന ടീ ഷര്‍ട്ട് പൊലീസിന് കണ്ടെത്താനായില്ല. എന്നാല്‍ ഷൂസ് കണ്ടെത്തി. ടീ ഷര്‍ട്ട് വേളി കായലില്‍ പ്രതി ഉപേക്ഷിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.

ഇടതു സര്‍ക്കാര്‍ കേരളത്തിനു ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോക്ക്. കൊവിഡ് കാല ഉപകരണങ്ങള്‍ വാങ്ങിയതില്‍ പോലും അഴിമതി നടത്തിയവരാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനവുമെല്ലാം ഉദാഹരണങ്ങളാണ്. ബിജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി ബസില്‍നിന്നു കളഞ്ഞുകിട്ടിയ അവകാശികളില്ലാത്ത 363 പവന്‍ സ്വര്‍ണാഭരണങ്ങളും 1,942 ഗ്രാം വെള്ളി ആഭരണങ്ങളും 30 നു ലേലം ചെയ്യും. 2012 മുതല്‍ 2019 വരെ ഏഴു വര്‍ഷത്തിനിടെ ബസുകളില്‍നിന്നു ലഭിച്ചവയാണു ലേലം ചെയ്യുന്നത്.

ഒരു തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ നിരോധനംകൊണ്ടു കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രണ്ട് വര്‍ഗീയത ഏറ്റുമുട്ടുന്ന രാജ്യത്ത് ഒന്നിനെ നിരോധിച്ചാല്‍ വര്‍ഗീയ ശക്തിപ്പെടുമെന്നതായിരിക്കും അനന്തര ഫലമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയില്‍ സിഐടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ഗോവിന്ദന്‍.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പമുള്ള കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

അട്ടപ്പാടി മധു കേസില്‍ വിചാരണയ്ക്കിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് 29 ാം സാക്ഷി സുനില്‍ കുമാര്‍. കോടതിയില്‍ ആദ്യ ദിവസം ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ വ്യക്തമാകാത്തതിനാലാണ് കാണുന്നില്ലെന്ന് പറഞ്ഞതെന്നും സുനില്‍കുമാര്‍ മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയില്‍ പറഞ്ഞു. കാഴ്ചശക്തി പരിശോധിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഡോക്ടറെ വിസ്തരിക്കണമെന്നും സുനില്‍കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന് പോക്സോ കേസില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പോക്സോ കേസുള്‍പ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോന്‍സണെതിരെയുള്ളത്. നേരത്തെ ഹൈക്കോടതി മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം തിരിച്ചിറക്കി. രാവിലെ ഒമ്പതരയ്ക്കു കോഴിക്കോടുനിന്നു പുറപ്പെട്ട ഡല്‍ഹി വിമാനമാണ് കണ്ണൂരില്‍ ലാന്‍ഡ് ചെയ്തശേഷം ടേക്ക് ഓഫ് ചെയ്ത് പത്തു മിനിറ്റിനകം തിരിച്ചിറക്കിയത്. പകരം വിമാനം ഏര്‍പ്പെടുത്താത്തതിനു യാത്രക്കാര്‍ പ്രതിഷേധിച്ചു.

ചരിത്ര പണ്ഡിതനായ ഡോ. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് ആക്ഷേപിച്ച ഗവര്‍ണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍. വീണ്ടും ജയിലില്‍ പോകാന്‍ സമയമില്ലാത്തതിനാലാണ് അതു ചെയ്യാത്തതെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് സാബിറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സ്വര്‍ണ പ്ലേറ്റുകളാക്കി എമര്‍ജന്‍സി ലൈറ്റിനകത്ത് ഒളിപ്പിച്ച 1634 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.

നാട്ടികയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാറ്ററിംഗ് സ്ഥാപനമുടമ അറസ്റ്റില്‍. നാട്ടിക ബീച്ച് സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്.

തൊഴില്‍ തട്ടിപ്പിനിരയായി മ്യാന്‍മറില്‍ തടങ്കലിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ മാഫിയാ സംഘം രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ട്രക്കുകളില്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലാവോസ് അടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് മാറ്റുകയാണെന്നാണ് ആയുധധാരികള്‍ പറഞ്ഞതെന്ന് തടങ്കലിലുള്ള മലയാളികള്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു താനില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കമല്‍നാഥിനെ സോണിയാഗാന്ധി വിളിച്ചുവരുത്തി രാജസ്ഥാനിലെ പ്രതിസന്ധിയില്‍ ഇടപെടാനും പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാനും ആവശ്യപ്പെട്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എഐസിസി പ്രസിഡന്റാകാന്‍ ഇല്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. കോണ്‍ഗ്രസിനേയും ഹൈക്കമാന്‍ഡിനേയും അപഹസിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഇനി പ്രസിഡന്റു സ്ഥാനത്തേക്കു പരിഗണിക്കേണ്ടെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനും നേതാക്കള്‍ക്കും.

കോയമ്പത്തൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന റെയ്ഡിന് പിന്നാലെ ആര്‍എസ്എസ്, ഹിന്ദുമുന്നണിപ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തതിന് അഞ്ചുപേരെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്.

കാസിരംഗ നാഷണല്‍ പാര്‍ക്കിലും ടൈഗര്‍ റിസര്‍വിലും നിയമവിരുദ്ധമായി നൈറ്റ് സഫാരി നടത്തിയ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും സദ്ഗുരു ജഗ്ഗി വാസുദേവും വിവാദത്തില്‍. കഴിഞ്ഞ സെപ്തംബര്‍ 24 നാണ് ഇവര്‍ രാത്രി സംരക്ഷിത വനത്തില്‍ സഫാരി നടത്തിയത്. ഇതിനെതിരേ രണ്ടു പേര്‍ പരാതി നല്‍കിയിട്ടുണ്ട്.

ബലാത്സംഗ പരാതിയില്‍ കേസെടുക്കാതെ പോലീസ് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ എലൂരുവിലാണു സംഭവം. പ്രതിഷേധങ്ങള്‍ ശക്തമായതോടെ എസ്ഐ അടക്കം നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ബലാല്‍സംഗകേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മതസ്പര്‍ധയുണ്ടാക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രാജ്യത്തെ പത്തു യുട്യൂബ് ചാനലുകളിലെ 45 വീഡിയോകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.

ഉത്തര്‍പ്രദേശിലെ ലക്നോവില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ഉണ്ണായി ഗ്രാമത്തിലെ ദുര്‍ഗാദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ട്രാക്ടറാണ് മറിഞ്ഞത്.

കൊലക്കേസില്‍ ജയിലിലുള്ള പഞ്ചാബിലെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ദു മൗനവ്രതത്തില്‍. റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് സിദ്ദു. നവരാത്രിയോടനുബന്ധിച്ച് ഒമ്പതു ദിവസം നവ്ജ്യോത് സിംഗ് സിദ്ദു മൗനവ്രതത്തിലാണെന്ന് ഭാര്യ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

റഷ്യയിലെ സ്‌കൂളില്‍ അക്രമി നടത്തിയ വെടിവയ്പില്‍ കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളും രണ്ട് പേര്‍ അധ്യാപകരുമാണ്. നാസി ചിഹ്നമുള്ള ടീ ഷര്‍ട്ട് ധരിച്ചയാളാണു വെടിവച്ചത്. കൊലപാതകത്തിനു പിറകേ, അക്രമി ജീവനൊടുക്കിയെന്നും പൊലീസ് അറിയിച്ചു.

അമേരിക്ക ഇന്റര്‍നെറ്റ് സേവനദാതാക്കളിലൂടെ ഫോണ്‍ സംഭാഷണം അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുതായി വെളിപെടുത്തിയ മുന്‍ രഹസ്യാന്വോഷണ ഉദ്യോഗസ്ഥന്‍ എഡ്വോഡ് സ്നോഡന് റഷ്യ പൗരത്വം നല്‍കി. അമേരിക്കയില്‍ നിന്ന് 2013 ല്‍ റഷ്യയില്‍ അഭയം തേടിയ ഇയാള്‍ക്കെതിരേ അമേരിക്ക നിയമനടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് റഷ്യ പൗരത്വം നല്‍കിയത്.

തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം. ഇന്നു വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിറങ്ങും. നാളെ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി 20 മല്‍സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജമായി. മൂന്നു വര്‍ഷത്തിനുശേഷമാണ് ഗ്രീന്‍ഫീല്‍ഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്നത്.

ബ്രീട്ടീഷ് പൗണ്ട് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 1971ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് പൗണ്ടിന്റെ മൂല്യത്തില്‍ സംഭവിച്ചത്. ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള ആശങ്കകളാണ് പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. 1.0373 ഡോളര്‍ എന്ന നിലയിലേക്കാണ് പൗണ്ടിന്റെ വിനിമയ മൂല്യം താഴ്ന്നത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ 1.07 ഡോളര്‍ എന്ന നിലയിലേക്ക് പൗണ്ട് കൂപ്പുകുത്തിയിരുന്നു. പിന്നീട് തിരിച്ചുകയറുകയായിരുന്നു. നിലവില്‍ തന്നെ പണപ്പെരുപ്പനിരക്ക് ഉയരത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വീണ്ടും പൗണ്ടിന്റെ മൂല്യം ഇടിയാന്‍ ഇത് ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച മുതല്‍ ഡോളറിനെതിരൈ അഞ്ചുശതമാനത്തിന്റെ ഇടിവാണ് പൗണ്ടിന്റെ മൂല്യത്തില്‍ ഉണ്ടായത്.

സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള വലിയ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ 2022 സെപ്റ്റംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. പരിഷ്‌ക്കരണത്തെത്തുടര്‍ന്ന്, 2 കോടിയുടെയും 5 കോടിയുടെയും നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 3.75% മുതല്‍ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 50 കോടി മുതല്‍ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.65% മുതല്‍ 6.90% വരെ പലിശ ലഭിക്കും.

സമീപകാല മലയാള സിനിമയിലെ വലിയ വിജയങ്ങളില്‍ ഒന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ട്രെന്‍ഡ് സൃഷ്ടിച്ച ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ലോല ലോല ലോലാ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വിഷ്ണു വിജയ്യും ചേര്‍ന്നാണ്. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍.

തമിഴകത്തിന്റെ കാത്തിരിപ്പുകളില്‍ ആദ്യ സ്ഥാനങ്ങളിലൊന്ന് വിജയ്യുടെ വരിശിന് ആയിരിക്കും. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് വിറ്റുപോയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ്സ്വ ന്തമാക്കിയിരിക്കുന്നത്. തമിഴകത്ത് ഡിജിറ്റല്‍ റൈറ്റ്സിന് ഇന്നോളം ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ‘വരിശ്’ സ്വന്തമാക്കിയിരിക്കുന്നത്. പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

ഹീറോയുടെ ജനപ്രിയ മോട്ടോര്‍സൈക്കിളായ സ്പ്ളെന്‍ഡര്‍ പ്ളസിന് ഇനി പുതിയ നിറഭേദവും – സില്‍വര്‍ നെക്‌സസ് ബ്ളൂ. നിലവിലെ മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, ഫയര്‍ഫ്ളൈ ഗോള്‍ഡന്‍, ബ്ളാക്ക് വിത്ത് റെഡ്, ബ്ളാക്ക് വിത്ത് സില്‍വര്‍, ബ്ളാക്ക് വിത്ത് പര്‍പ്പിള്‍, ഹെവി ഗ്രേ ഗ്രീന്‍, ബീറ്റില്‍ റെഡ്, ബമ്പിള്‍ ബീ യെല്ലോ എന്നീ ആകര്‍ഷക നിറഭേദങ്ങള്‍ക്ക് പുറമേയാണ് പുത്തന്‍ ഷെയ്ഡും ഹീറോ നല്‍കിയത്. 70,658 രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള ബൈക്കാണ് സ്പ്ളെന്‍ഡര്‍ സീരീസ്. പ്രതിമാസ ശരാശരി വില്പന 2.5 ലക്ഷം യൂണിറ്റുകളാണ്. 97.2 സി.സി എന്‍ജിനാണ് സ്പ്ളെന്‍ഡര്‍ പ്ളസിനുള്ളത്. ഗിയറുകള്‍ നാല്. 7.9 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. ഇന്ധനടാങ്ക് ശേഷി 9.8 ലിറ്റര്‍.

വാക്കുകളില്‍ ദാര്‍ശനികതയും കാല്പനികതയും വിപ്ലവവും സൗന്ദര്യവും ആത്മീയതയും നിറച്ച ജിബ്രാന്റെ പ്രണയാനുഭവങ്ങളുടെ അമൂല്യശേഖരം, മേസിയാദക്കെഴുതിയ പ്രണയലേഖനങ്ങള്‍, പ്രണയകഥകള്‍, കവിതകള്‍. ‘പ്രണയകാലം’. ഖലീല്‍ ജിബ്രാന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 128 രൂപ.

ചില മനുഷ്യര്‍ വര്‍ത്തമാനകാല അനുഭവങ്ങളില്‍ നിന്ന് പെട്ടെന്ന് ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ അധികവും മോശം ഓര്‍മ്മകളിലേക്ക് തന്നെ പോകാറുണ്ട്. ചില സമയങ്ങളില്‍ സന്തോഷകരമായ ഓര്‍മ്മകളിലേക്കും മനസ് സഞ്ചരിക്കാം. എങ്ങനെയാണ് പെടുന്നനെ ഓര്‍മ്മകളിലേക്ക് ഇത്തരത്തില്‍ പോയിപ്പെടുന്നത്? ഇതിനുള്ള ഉത്തരമാണ് ഈ പഠനം നല്‍കുന്നത്. തലച്ചോറിലെ ഒരു പ്രോട്ടീന്‍ ആണത്രേ ഇതിന് കാരണമാകുന്നത്. ‘ന്യൂറോടെന്‍സിന്‍’ എന്നാണിതിന്റെ പേര്. ‘നേച്ചര്‍’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. യുഎസിലെ സാല്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. വര്‍ത്തമാനകാല അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ തലച്ചോറില്‍ എത്ര ‘ന്യൂറോടെന്‍സിന്‍’ ഉത്പാദിപ്പിക്കപ്പെടുന്നു. അത് ഏതെല്ലാം പഴയ ഓര്‍മ്മകളെ ഉണര്‍ത്തുന്നു എന്നതാണ് വിഷയം. ചിലരില്‍ ഇത് അധികവും മോശം ഓര്‍മ്മകളെ തന്നെ ഉണര്‍ത്തുന്നു. ചിലരില്‍ രണ്ടും ഉണ്ടാകാം. എന്തായാലും വര്‍ത്തമാനകാലത്തില്‍ നടക്കുന്ന സംഭവം ഇതില്‍ പ്രധാന പങ്ക് തന്നെയാണ് വഹിക്കുന്നത്. സന്തോഷകരമായ ഒരു പാട്ട് കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ദുഖമോ ആഘാതമോ അനുഭവപ്പെടുമ്പോള്‍ എല്ലാം ഇതുമായി ബന്ധപ്പെട്ട ഓര്‍മ്മകളിലേക്ക് തന്നെ നാം പോകുന്നത് ഇങ്ങനെയാണ്. മുന്നില്‍ കാണുന്നവയോടും സംഭവിക്കുന്നവയോടും പേടി തോന്നുന്നതിനും കാരണമാകുന്നത് ന്യൂറോടെന്‍സിന്‍ തന്നെയാണ്. ഇങ്ങനെയൊരു ധര്‍മ്മവും ഇതിനുണ്ട്. എന്തായാലും മനുഷ്യന്റെ ഓര്‍മ്മകളെ കുറിച്ച് അത്ര വിശാലമായി മനസിലാക്കാന്‍ ഇന്നും ഗവേഷകലോകത്തിന് സാധിച്ചിട്ടില്ല എന്നത് തന്നെയാണ് വാസ്തവം. ഇതിനിടെ ഇത്തരം പഠനറിപ്പോര്‍ട്ടുകള്‍ ഈ വിഷയങ്ങളില്‍ തല്‍പരരായവര്‍ക്ക് ആശ്വാസം തന്നെയാണ്. ഒപ്പം തന്നെ വിഷാദരോഗം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളുടെ ചികിത്സയിലും ഇതെല്ലാം വലിയ സ്വാധീനം ചെലുത്താം.

*ശുഭദിനം*

*കവിത കണ്ണന്‍*

കണ്ണാടിക്കൊട്ടാരം… അങ്ങനെയാണ് ആ പളുങ്കുകൊട്ടാരം അറിയപ്പെട്ടിരുന്നത്. ആ കൊട്ടാരത്തില്‍ വലിയൊരു ഹാളുണ്ടായിരുന്നു. ആ ഹാളില്‍ ആയിരം കണ്ണാടികളും. പല വലിപ്പത്തിലും രൂപത്തിലുമുള്ള കണ്ണാടികളായിരുന്നു അവ. ഒരു ദിവസം ഒരു നായ്ക്കുട്ടി ആ കൊട്ടാരത്തില്‍ എത്തി. അവന്‍ ആ ഹാളില്‍ കയറിനിന്ന് ചുറ്റിലും നോക്കി. അത്ഭുതം! ആയിരം നായ്ക്കുട്ടികള്‍ തന്നെ സൂക്ഷിച്ചുനോക്കുന്നു. അവന്‍ അവയുടെ നേരെനോക്കി മന്ദഹസിച്ചു. അപ്പോള്‍ അവയും സ്‌നേഹഭാവത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു. സന്തോഷചിത്തനായി തീര്‍ന്ന അവന്‍ അവയ്ക്കുനേരെ നോക്കിക്കൊണ്ട് വാലാട്ടി. അതേ നിമിഷംതന്നെ അവയും വാലാട്ടി. സന്തോഷംകൊണ്ട് നായ്ക്കുട്ടി തുള്ളിച്ചാടി. അപ്പോള്‍ ആയിരം നായ്ക്കുട്ടികളും അവനോടൊപ്പം തുള്ളിച്ചാടി. അവന്റെ ഹൃദയം ആനന്ദംകൊണ്ട് നിറഞ്ഞു. അന്നു തുള്ളിച്ചാടിയാണ് അവന്‍ തന്റെ ഉടമസ്ഥനോടൊപ്പം വീട്ടിലേക്ക് തിരിച്ചുപോയത്. വീട്ടില്‍ മടങ്ങിയെത്തിയ നായ്ക്കുട്ടി അയല്‍വക്കത്തെ ഒരു നായ്ക്കുട്ടിയോട് താന്‍ കണ്ണാടിക്കൊട്ടാരത്തില്‍ കണ്ട നായ്ക്കുട്ടികളുടെ കഥ പറഞ്ഞു. പക്ഷേ, കഥ കേട്ടിട്ട് അയലത്തെ നായ്ക്കുട്ടിക്കു അത്ര വിശ്വാസം വന്നില്ല.എങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ നായ്ക്കുട്ടി കൊട്ടാരം കാണുവാന്‍ പോയി. പേടിച്ചരണ്ടാണ് കണ്ണാടിക്കൊട്ടാരത്തിലെ ഹാളിലേക്ക് അവന്‍ കടന്നുചെന്നത്. അപ്പോള്‍ അവന്‍ കണ്ടതെന്താണ്? പേടിച്ചു നില്‍ക്കുന്ന അസംഖ്യം നായ്ക്കുട്ടികള്‍! അല്‍പസമയം കഴിഞ്ഞപ്പോള്‍ അവന്‍ അല്പമൊന്നു മുരണ്ടു. അപ്പോള്‍ ആയിരക്കണക്കിന് നായ്ക്കുട്ടികളും അവനുനേരെ മുരണ്ടു. അവനു ദേഷ്യംവന്നു. അവന്‍ അവയ്ക്കുനേരെ കുരച്ചു. അതേനിമിഷംതന്നെ മറ്റുനായ്ക്കുട്ടികളും അവനെ നോക്കി കുരച്ചു. ആയിരം പേരും തനിക്ക് എതിരായോ? അവന്‍ പിന്നെ അവിടെ നിന്നില്ല. അതിവേഗം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ലോകത്തിലുള്ള മനുഷ്യരുടെ മുഖങ്ങളെല്ലാം കണ്ണാടികളാണ്. ആ മുഖങ്ങളില്‍ നാം നോക്കുമ്പോള്‍ എന്തുതരം പ്രതിഫലനമാണ് നാം കാണുന്നത്.. ആദ്യത്തെ നായ്ക്കുട്ടി കണ്ടതുപോലെ സ്‌നേഹവും സൗഹാര്‍ദ്ദവും തുടിക്കുന്ന പ്രതിഫലനമാണോ അതോ രണ്ടാമത്തെ നായ്ക്കുട്ടി കണ്ടതുപോലെ വിദ്വേഷം സ്ഫുരിക്കുന്ന പ്രതിബിംബങ്ങളോ.. ആ മുഖങ്ങളില്‍ നാം കാണുന്നത് എന്തുതന്നെയായാലും അതൊരു പരിധിവരെയെങ്കിലും നമ്മുടെ രൂപത്തിന്റെയും ഭാവത്തിന്റെയും പ്രതിഫലനമാണ്. നാം വിചാരിച്ചാല്‍ നമുക്കു ചുറ്റും പ്രകാശമാനവും പ്രസാദാത്മകവുമായ ലോകം സൃഷ്ടിക്കാന്‍ സാധിക്കുക തന്നെ ചെയ്യും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *