കെ.എസ്.എഫ്.ഇ യുടെ അമ്പത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി
കെ.എസ്.എഫ്.ഇ സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് എന്ന പുതിയ പദ്ധതിയും ചിട്ടി ഡോര്‍കളക്ഷന്‍ സംവിധാനം സുതാര്യവും സുഗമവുമാക്കുന്ന ഏജന്റ് ആപ്പും അവതരിപ്പിച്ചു. സ്വര്‍ണ്ണം ജാമ്യമായി സ്വീകരിച്ചു കൊണ്ടുള്ള ഓവര്‍ ഡ്രാഫ്റ്റ് പദ്ധതിയാണ് കെ.എസ്.എഫ്.ഇ സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ്. ഉപഭോക്താക്കള്‍ക്ക് ശാഖയില്‍ വരാതെ തന്നെ കെ.എസ്.എഫ്.ഇ പവര്‍ ആപ്പ് ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാനും തിരിച്ചടവു നടത്താനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഏജന്റ് ആപ്പ് വരുന്നതോടെ കെ.എസ്.എഫ്.ഇ ചിട്ടിയിലേയ്ക്കുള്ള ദൈനംദിന പിരിവു സമ്പ്രദായം ഡിജിറ്റലൈസ് ചെയ്യപ്പെടുകയാണ്. ഉപഭോക്താക്കള്‍ക്ക് അടച്ച തുകയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ എസ്.എം. എസ് വഴി ലഭിക്കുന്നതായിരിക്കും.
കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ.വരദരാജനാണ് കെ.എസ്.എഫ്.ഇ സ്മാര്‍ട്ട് ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒപ്പം ഏജന്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപകരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കുകയുണ്ടായി. കെ.എസ്.എഫ്.ഇ മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എസ്.കെ സനില്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ പ്ലാനിങ്ങ് വിഭാഗം എ.ജി.എം ഷാജു ഫ്രാന്‍സിസ് സ്വാഗതവും ഐ ടി വിഭാഗം ഡി.ജി.എം, എ ബി നിശ നന്ദിയും പറഞ്ഞു. കെ.എസ്.എഫ്.ഇ.യിലെ ജനറല്‍ മാനേജര്‍മാരായ എസ്. ശരത്ചന്ദ്രന്‍, ശ്രീകുമാര്‍ പി. തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.