മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടക്കമാകും. കരുതലും കൈത്താങ്ങും എന്ന പേരിൽ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വയനാട് പുനരധിവാസത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് റിപ്പോര്‍ട്ട് വൈകിയതിന്റെ പേരിലാണ് കേന്ദ്രം സഹായത്തിൽ തീരുമാനമാകാത്തതെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന മനുഷ്യത്വ രഹിതമാണെന്നും വയനാട് ജനതയുടെ ദുരിതം നേരിട്ട് മനസിലാക്കിയിട്ടും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം തുടരുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുതി മന്ത്രിയെ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ക്രമക്കേടുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നതെന്നും എന്നാൽ കരാറില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് ഈ കരാര്‍ റദ്ദാക്കിയില്ല എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിന് പിന്നാലെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്കെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം വിശദീകരിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണെന്നും അവർ പറഞ്ഞു.
എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പിവി അൻവർ. കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ് മോർട്ടം നടപടികളിൽ സർവത്ര ദുരൂഹതയുണ്ടെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ നവീൻ ബാബുവിന് അറിയാമായിരുന്നുവെന്നും ശശിയുടെ സമ്മർദ്ദത്തെ കുറിച്ച് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ലെന്ന് ഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഫേസ്ബുക്കിൽ കുറിച്ചു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രസ്താവനയെന്ന് പി ശശി പരിഹസിച്ചു. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കേതിരെ പി. വി അൻവർ നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങളിലെ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. അൻവർ ഇപ്പോൾ മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നവീൻ ബാബുവിന്റെ മരണം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുന്നു അതിൽ ആത്മാർത്ഥത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസിൽ നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയെന്നും കെ സുധാകരന്റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്നും സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പ്രതികരിച്ചു. കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്ന് തരൂർകൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാനുള്ള നീക്കത്തിന് പാര്‍ട്ടിയില്‍ ആലോചന തുടങ്ങി. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് പുതിയ ചര്‍ച്ചകള്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുധാകരന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും.
സിബിസിഐ ദില്ലിയിൽ വിളിച്ചു ചേർത്ത ക്രിസ്ത്യൻ എംപിമാരുടെ യോഗത്തിൽ വഖഫ് ബില്ലിനെ എതിർക്കണമെന്ന നിലപാട് അറിയിച്ചെന്ന് കോൺഗ്രസ് നേതാക്കൾ. വഖഫ് ബിൽ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് സിബിസിഐ നേതൃത്വത്തെ അറിയിച്ചെന്ന് പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി. മുനമ്പം സമരത്തിൻറെ പേരിൽ മാത്രം വഖഫ് ബില്ലിൽ ബിജെപി നിലപാടിനൊപ്പം ചേരരുത് എന്നാണ് കോൺഗ്രസ് എംപിമാർ വ്യക്തമാക്കിയത്.
ഡോക്ടർമാർക്ക് നിയമസംരക്ഷണം നൽകാനുള്ള സ്കീമിന്റെ നടത്തിപ്പിൽ ഐഎംഎ കോടികളുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി ഇന്റലിജൻസ്. ഇൻഷുറൻസ് പദ്ധതികൾക്ക് സമാനമായ സ്കീം നടത്തിപ്പിലാണ് മൂന്ന് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവപല്മെന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ അനധികൃതമായിട്ടായിരുന്നു സ്കീം നടത്തിപ്പ്.
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി അന്താരാഷ്ട്ര അംഗീകാരം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ നൽകുന്ന “ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ” എന്ന അംഗീകാരമാണ് സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.
ദിലീപിന് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നുവെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാർഡുമാര്‍ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകും. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥി ചൈതന്യ ഇന്നലെ രാത്രി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. മൻസൂർ ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്.
ശബരിമല ഭക്തന്മാര്ക്കായി പത്തനംതിട്ട ജില്ലാ ഭരണസംവിധാനം തയ്യാറാക്കിയ ‘സ്വാമി ചാറ്റ്ബോട്ട് ‘ മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടായിരത്തി ഇരുന്നൂറിലധികം എമർജൻസികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തികൾ, മെഡിക്കൽ അത്യാഹിതങ്ങൾ, വാഹന തകരാർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു.
റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചന ഹർജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും. ഡിസംബർ 12 ന് ഉച്ചക്ക് 12.30നാണ് അടുത്ത സിറ്റിങ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു.
എൻ. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമോ. നിലവിൽ സസ്പെൻഷനിലായ പ്രശാന്ത് ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരാമർശം നടത്തിയെന്നും സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി, സർവ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും ചീഫ് സെക്രട്ടറി നൽകിയ മെമോയിലുണ്ട്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക് അദ്ദേഹത്തിനെതിരെയായിരുന്നു പ്രശാന്തിൻ്റെ ആരോപണങ്ങൾ.
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് വികസനത്തിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഗുരുവായൂരിലെ യാര്‍ഡ് വികസനം, തിരുനാവായ പദ്ധതിയില്‍ നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര പ്രവൃത്തിയായി ഡിവിഷന് തലത്തില്‍ ഏറ്റെടുക്കണമെന്ന് യാത്രക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. പ്രസ്തുത ആവശ്യം അംഗീകരിച്ചുകൊണ്ടാണ്, ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചിരിയ്ക്കുന്നത്.
29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരടങ്ങിയ ജൂറിയുടെ ചെയർപേഴ്സൺ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി കണ്ടു വിലയിരുത്തും.
ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയൻ തകർത്തുവെന്നും ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ. തൃണമൂലുമായുളള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണെന്നും അൻവർ പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല എന്നും അദ്ദേഹം പറഞ്ഞു.
പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത കേസിൽ നിർണായക മൊഴികൾ പൊലീസിന് ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ വെച്ച് അജാസ് ഇന്ദുജയെ മർദിച്ചിരുന്നുവെന്നും മർദിച്ചതിന് ശേഷം അജാസ് ഇന്ദുജയെ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. മരണവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനേയും സുഹൃത്തായ അജാസിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്.
പൂരം സുഗമമായി നടത്താൻ നിയമനിർമ്മാണം വേണമെന്ന് സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധം അറിയിക്കുന്നതിനായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ തൃശ്ശൂരിലെ ക്ഷേത്ര ഉത്സവ കൂട്ടായ്മയാണ് ആചാര സംരക്ഷണ സംഗമം സംഘടിപ്പിച്ചത്.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
തിരുവനന്തപുരം മാറനല്ലൂരിൽ ഓഡിറ്റോറിയത്തിന് അകത്ത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാറനല്ലൂർ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തിൽ കണ്ടെത്തിയത്. പൊലീസും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ, ബാഹുബലി ചിത്രത്തിന്റെ നിർമാതാവായ ഷോബു യർലഗഡ്ഡ, സന്തോഷ് ശിവന്റെ അസിസ്റ്റന്റ് എന്നിവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾ കയ്യേറി. വാട്സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച് മറ്റൊരു ഫോണിൽ നിന്ന് വാട്സ്ആപ്പ് ലോഗിൻ ചെയ്യുകയാണ് സൈബര്‍ കുറ്റവാളികൾ ചെയ്യുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്താൽ പണം ചോദിക്കുന്നതുൾപ്പെടെയുള്ള തട്ടിപ്പുകളാണ് ഇക്കൂട്ടർ കാണിക്കുന്നത്.
സ്കൂള്‍കുട്ടികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വനയം നടപ്പാക്കുന്നതിന് കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ രണ്ടാം തീയതിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വനയത്തിന് അംഗീകാരം നല്‍കിയത്.
രണ്ട് വർഷം മുൻപ് യുഎസിലെ ഒർലാൻഡോയിലെ ഐക്കണ്‍ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് ടൈർ സാംപ്സണ് എന്ന 14കാരന് ദാരുണാന്ത്യം സംഭവിച്ചതിനെ തുടർന്ന് കുടുംബത്തിന് നഷ്ടപരിഹാരമായി 310 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. കുട്ടിയുടെ മാതാപിതാക്കളായ നെകിയ ഡോഡ്, യാർനെൽ സാംപ്സൺ എന്നിവർക്ക് 155 മില്യൺ ഡോളർ വീതം നൽകണമെന്നാണ് ഓറഞ്ച് കൗണ്ടി ജൂറി ഉത്തരവിട്ടത്.
ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ ഭരണ നിയന്ത്രണം വിമത സായുധ സംഘം പിടിച്ചെടുത്തു. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടോടിയെന്നാണ് പുതിയ റിപ്പോർട്ട്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി സർക്കാർ സേന പിന്മാറുകയായിരുന്നു.
സിറിയയുടെ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതര്‍ ദമാസ്കസ് പിടിച്ചെടുക്കുന്നതിന് മുന്‍പ് അല്‍ അസദ് ഐ.എല്‍ -76 എയര്‍ക്രാഫ്റ്റില്‍ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിമാനം വെടിവെച്ചിട്ടതാകാമെന്ന് സംശയിക്കപ്പെടുന്നു. എഞ്ചിന് തകറിലായതാണെന്ന് മറ്റൊരു വാദവുമുണ്ട്.
പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം നടത്തുന്ന കർഷകരുടെ ദില്ലി മാർച്ച് തൽക്കാലം നിർത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയമാണ് 11-ാം റൗണ്ട്മത്സരത്തിൽ ഗുകേഷ് സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻ ഡിങ് ലിറൻ, ഗുകേഷിനോട് തോൽവി സമ്മതിച്ചത്.