കേരള ഹൈക്കോടതിയെക്കുറിച്ച് കഴിഞ്ഞ ദിവസം വായിച്ചിരിക്കുമല്ലോ. ഇനി നമുക്ക് കേരള ഹൈക്കോടതിയുടെ ചരിത്രം ഒന്ന് പരിശോധിക്കാം…!!!
കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹൻ പാലസിലാണ്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 1994 മാർച്ച് 14-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എൻ. വെങ്കിട ചെല്ലയ്യ നിർവഹിച്ചു. 2005-ൽ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. 2006 ഫെബ്രുവരി 11-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ വൈ.കെ. സബർവാൾ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇനി ജില്ലാ കോടതികളെയും,ഉപകോടതികളെയും കുറിച്ച് നോക്കാം.14 ജില്ലാ കോടതികളാണ് കേരളസംസ്ഥാനത്തിലുള്ളത്. ഇവയിൽ തൊടുപുഴ, മഞ്ചേരി, തലശ്ശേരി എന്നിവ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന ജില്ലാ കോടതികളാണ്. 29 അഡിഷണൽ ജില്ലാ കോടതികളുണ്ട്. ഇവയിൽ മാവേലിക്കര, ഉത്തര പറവൂർ എന്നിവിടങ്ങളിലെ കോടതികൾ ജില്ലാ കോടതികൾക്ക് തുല്യമായ ഫയലിംഗ് പവർ ഉള്ളവയാണ്.
അഡിഷണൽ സബ് കോടതികൾ ഉൾപ്പെടെ 51 സബ് കോടതിളാണ് സംസ്ഥാനത്തുള്ളത്. 82 മുൻസിഫ് കോടതികളും, 16 മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്. 38 ഫാസ്റ്റ് ട്രാക്ക് കോടതികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി കവറത്തിയിലാണ്. ആന്ത്രോത്ത്, അമിനി എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ (NDPS Court) തൊടുപുഴ, വടകര എന്നിവിടങ്ങളിലാണ്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി (EC Court) തൃശൂരാണ്. അബ്കാരി കേസുകൾക്ക് മാത്രമുള്ള പ്രത്യേക കോടതികൾ (Abkari Court) നെയാറ്റിൻകര, കൊട്ടരക്കര എന്നിവിടങ്ങളിലാണ്. അഴിമതി നിരോധന നിയമപ്രകാരം ഉള്ള കേസുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക വിജിലൻസ് കോടതികൾ (Vigilance Courts) ഉണ്ട്.
സി.ബി.ഐ രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൈകാര്യം ചെയ്യാനായി സിബിഐ സ്പെഷ്യൽ കോടതികൾ അഥവാ സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെൻറ് കോടതികൾ (CBI, SPE Court) ഉണ്ട്. കുടുംബപരമായ കേസുകൾ ഉദാഹരണത്തിന് ഡിവോഴ്സ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കുടുംബ കോടതികൾ (Family Court) ഉണ്ട്. കൂടാതെ പ്രത്യേക കേസുകൾ ഉദാഹരണത്തിന് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (POCSO) പോലുള്ളവ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളും ഉണ്ട്.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ (SC/ST Courts) ഉണ്ട്. മോട്ടോർ വാഹന അപകടവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനായി എല്ലാ ജില്ലയിലും മോട്ടോർ മോട്ടോർ വാഹന അപകട ക്ലെയിംസ് ട്രൈബ്യൂണൽ (MACT) ഉണ്ട്. കൂടാതെ ഫോറസ്റ്റ് നിയമലംഘനങ്ങൾ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികളും (forest offences court) ഉണ്ട്.
സംസ്ഥാനത്തൊട്ടാകെ 22 മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളും 3 വക്കഫ് ട്രൈബ്യൂണലുകളുമുണ്ട്.16 കുടുംബ കോടതികൾ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഏറ്റുമാന്നൂർ, തൃശ്ശൂർ, മഞ്ചേരി, കോഴിക്കോട്, തിരുവല്ല,പത്തനംതിട്ട,കണ്ണൂർ, നെടുമങ്ങാട്, കൊട്ടരക്കര, ആലപ്പുഴ, കാസർകോട്, പാലക്കാട്, തൊടുപുഴ, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കുടുംബ കോടതികൾ സ്ഥിതിചെയ്യുന്നത്.
ലോകരുടെ കോടതി’ അഥവാ ‘ജനങ്ങളുടെ കോടതി’ (Peoples court) എന്നാണ് ‘ലോക് അദാലത്’ എന്ന പദത്തിന്റെ അർഥം. അനുരഞ്ജനത്തിലൂടെ കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനമാണിത്. മൂന്ന് പേരടങ്ങിയ ഒരു സമിതിയാണ് ലോക് അദാലത്തിൽ കേസുകൾ ഒത്തുതീർപ്പാക്കുക. സേവനത്തിൽനിന്ന് വിരമിച്ച ന്യായാധിപനാകും അധ്യക്ഷൻ. സാധാരണയായി ഒരു അഭിഭാഷകനോ, സാമൂഹിക പ്രവർത്തകനോ ആവും അദാലത്തിലെ മറ്റു രണ്ടംഗങ്ങൾ.
ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക്ക് തുടർന്ന് അപ്പീൽ പറ്റില്ല. കേരളത്തിൽ ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നത് ‘കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി’യാണ്. കേരളത്തിലെ കോടതികളെ കുറിച്ച് ഏകദേശം ധാരണയായി കാണുമല്ലോ. ഇനി അടുത്ത ഭാഗത്തിൽ പുതിയ വിഷയവുമായി എത്താം.