കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള നോ യുവര്‍ കസ്റ്റമര്‍ നടപടികളിലാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. ഒരിക്കല്‍ ഒരു ബാങ്കില്‍ കെവൈസി നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് അതേ സ്ഥാപനത്തില്‍ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങള്‍ക്കോ വീണ്ടും കെവൈസി നടപടികള്‍ വേണ്ടിവരില്ലെന്നതാണ് പ്രധാന നേട്ടം. മാറ്റങ്ങള്‍ നവംബര്‍ ആറുമുതല്‍ പ്രാബല്യത്തിലായി. 2016ലെ കെവൈസി നിര്‍ദ്ദേശത്തിന് കീഴിലുള്ള ബാങ്കുകള്‍ അടക്കമുള്ള നിയന്ത്രിത സ്ഥാപനങ്ങള്‍ക്കാണ് പുതിയ വ്യവസ്ഥ ബാധകം. ഒരു ഉപഭോക്താവില്‍ നിന്ന് അധികമോ അപ്‌ഡേറ്റ് ചെയ്തതോ ആയ വിവരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം ഉടന്‍ തന്നെ നോ യുവര്‍ കസ്റ്റമര്‍ റെക്കോര്‍ഡ് രജിസ്ട്രിയില്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. രജിസ്ട്രി ഉപഭോക്താവിന്റെ നിലവിലുള്ള കെവൈസി റെക്കോര്‍ഡ് അപ്‌ഡേറ്റ് ചെയ്യും. ഒരു ഉപഭോക്താവിന്റെ കെവൈസി വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാണ് റെക്കോഡ് ചെയ്യുക. ഇത്തരത്തില്‍ കെവൈസി രേഖകള്‍ സ്വീകരിക്കുകയും സംഭരിക്കുകയും സുരക്ഷിതമാക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് നോ യുവര്‍ കസ്റ്റമര്‍ റെക്കോഡ് രജിസ്ട്രി.