കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയാറാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധ്യക്ഷ പദവി രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടും. അധ്യക്ഷനായി രാഹുല്‍ ജോഡോ യാത്ര നയിച്ചാല്‍ ഫലം മറ്റൊന്നാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
സര്‍വകലാശാല, ലോകായുക്ത ബില്ലുകള്‍ ഒഴികെയുള്ള അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. സഭ പാസാക്കിയ 11 ബില്ലുകളില്‍ അഞ്ച് ബില്ലുകളിലാണ് ഒപ്പുവച്ചത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി. രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ സന്ദര്‍ശിക്കുന്നുണ്ട്. ഇന്നു ഡല്‍ഹിക്കു പോകുന്ന ഗവര്‍ണര്‍ അടുത്ത മാസം ആദ്യവാരത്തിലേ തിരിച്ചെത്തൂ.
രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനവും എഐസിസി പ്രസിഡന്റു സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകണമെന്ന അശോക് ഗെലോട്ടിന്റെ മോഹം എഐസിസി അനുവദിക്കില്ല. ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ രാജസ്ഥാനില്‍ പകരം സംവിധാനം ഉണ്ടാകും. ഇക്കാര്യം സോണിയാഗാന്ധി തന്നെ അശോക് ഗെലോട്ടിനെ അറിയിക്കും. സച്ചിന് പൈലറ്റിനു മുഖ്യമന്ത്രി സ്ഥാനം നിരസിച്ചാല്‍ രാജസ്ഥാന് കോണ്‍ഗ്രസില്‍ പിളര്പ്പിനുവരെ സാധ്യതയുണ്ടാകും. സച്ചിന് പൈലറ്റ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം കൊച്ചിയിലുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കേ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്. വോട്ടര്‍ പട്ടിക പരിശോധിക്കാനാണ് ശശി തരൂര്‍ എത്തിയത്. അതേസമയം, രാഹുല്‍ ഗാന്ധി അധ്യക്ഷനാകില്ലെങ്കില് സോണിയ ഗാന്ധി തുടരണമെന്ന നിര്‍ദ്ദേശം ശശി തരൂര്‍ മുന്നോട്ടുവച്ചു. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെങ്കില്‍ മത്സരിക്കും എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തരൂര്‍. രാഹുല്‍ഗാന്ധി
ശശി തരൂരും അശോക് ഗെലോട്ടും കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിവുള്ളവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്. സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും പി.ജെ കുര്യന് പറഞ്ഞു. കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ശശി തരൂരിനോട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.
പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാറില്‍. ഒരു ഷട്ടര്‍ താനേ ഉയര്‍ന്നു. അടയ്ക്കാനാകുന്നില്ല. ഡാമില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കൂടി. പറമ്പിക്കുളം ആദിവാസി മേഖലയിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു. ചാലക്കുടി പുഴയോരത്തും ജാഗ്രതാ നിര്‍ദേശം.
പറമ്പിക്കുളം ഡാമിലെ വെള്ളം ഒഴുകി പോകാതെ ഷട്ടറിന്റെ അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി മുന്‍ ചെയര്മാന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍. അറ്റക്കുറ്റപ്പണിയില്‍ തമിഴ്നാടിന് വീഴ്ചയുണ്ടായി. അണക്കെട്ടില്‍ കേരള ഡാം സേഫ്റ്റി അതോറിറ്റിയെ പരിശോധിക്കാന്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഴിഞ്ഞം സമരക്കാരെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച്ച നടത്തി. സമരത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രശ്നപരിഹാരത്തിന് ഇടപെടാമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ഉറപ്പു തന്നെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിക്കു പോകുന്നതിനു മുമ്പാണ് ഗവര്‍ണര്‍ സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.