എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. അതോടൊപ്പം മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തിൽ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സാധ്യത.
ഉത്തരവിന്‍റെ പകർപ്പ് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് പിപി ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ. ഏത് സാഹചര്യത്തിലാണ് മുൻകൂർ ജാമ്യഹർജി തളളിയതെന്ന് പരിശോധിക്കുമെന്നും ഉത്തരവിലെ കോടതിയുടെ പരാമർശങ്ങളും നോക്കും അതിനുശേഷമാകും അപ്പീൽ പോകുന്നതിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. ഉച്ചയ്ക്ക് ശേഷം ഉത്തരവിന്‍റെ പകർപ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഡ്വ. കെ വിശ്വൻ വ്യക്തമാക്കി.
പിപി ദിവ്യക്ക് സിപിഎം നിർദ്ദേശമൊന്നും നൽകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പൊലീസിൽ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നും അദ്ദേഹം മറുപടി പറഞ്ഞു. ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നില്ലെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം നേതാവുമായ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി.. വിഷയത്തിൽ പാർട്ടി കണ്ണൂർ ജില്ല നേതൃത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും സർക്കാർ മറ്റ് നിർദ്ദേശം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
നവിന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യപ്രേരണകുറ്റം ചുമത്തപ്പെട്ട പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷേ തള്ളിയതോടെ പൊലീസിന്‍റെ അനാസ്ഥ കൂടുതൽ വ്യക്തമായെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ദിവ്യയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും ഒളിവിൽ കഴിയാൻ സഹായിച്ച എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തളളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുൻകൂർ ജാമ്യഹർജി തളളിയാൽ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നവീൻ ബാബുവിന്റെ വിഷയത്തിൽ ഒറ്റ നിലപാടേയുളളു പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിനുപിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധം. കണ്ണൂരിൽ കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. കണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തി.
പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. വിധിയിൽ സന്തോഷമില്ല ആശ്വാസമാണെന്നും എന്നാൽ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്‍പ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ക്ഷേത്ര പരിസരത്ത് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായും തര്‍ക്കമുണ്ടായി. പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ഇത് മറച്ചുവെക്കാൻ വേണ്ടിയാണ് ക്ഷേത്ര ഭാരവാഹികളുടെ മുകളില്‍ വീഴ്ച ആരോപിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാൽ, അപകടം നടന്നയുടനെ ഇത്തരം ആരോപണങ്ങള്‍ നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ് സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തി.
നീലേശ്വരം അപകടത്തിൽ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണെന്നുംഅദ്ദേഹം പറഞ്ഞു. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നുവെന്നും ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കണമായിരുന്നുവെന്നും എം പി പറഞ്ഞു.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല എന്നാൽ ഉപതെരഞ്ഞെടുപ്പിൽ പൂരം ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്, എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത് ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി. അദ്ദേഹം പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ വെള്ളാപ്പള്ളി നടേശന്‍. രമ്യ ആദ്യമായിട്ട് അല്ലല്ലോ തെരഞ്ഞെടുപ്പിൽ നിൽക്കുന്നത് ഇപ്പോൾ മാത്രം തന്നെ കാണണമെന്ന ആവശ്യം എന്താണെന്നും അവർക്ക് തോന്നുമ്പോൾ കാണുകയും അല്ലാത്തപ്പോൾ കാണാതിരിക്കുകയും ചെയ്യുന്നതിന്‍റെ യുക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിനോട് വിരോധം ഇല്ല രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് പരിചയമില്ലാത്ത ആളാണ് താൻ ഇപ്പോൾ കൊല്ലത്ത് ആണ് പിന്നീട് ആലോചിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്‍മാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഒരോ കോളേജിനും 40 കോടി രൂപ വരെ സർക്കാർ നൽകാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിതാ കമ്മീഷന്‍ ഇടപെടുമെന്നും സതിദേവി പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്സണ്‍.
കൊല്ലത്ത് ലൈസൻസില്ലാതെ കള്ള് വിൽപനയ്ക്കായി സൂക്ഷിച്ച ഹോട്ടൽ ഉടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള സ്വദേശിയായ ഉപേന്ദ്രബാബുവാണ് അറസ്റ്റിലായത്. കൊല്ലം എക്സൈസ് റേഞ്ച് പരിധിയിൽ പ്രവർത്തിച്ചിരുന്ന ഓലയിൽ ഷാപ്പിലാണ് ലൈസൻസ് പുതുക്കാതെ അനധികൃതമായി ഇയാൾ കള്ള് വിൽപ്പന നടത്തി വന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു.
കെഎസ്ആർടിസി യുടെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള ഉല്ലാസയാത്ര 200 ട്രിപ്പ് പൂർത്തിയാക്കി. കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ഉല്ലാസ യാത്രകൾ സംഘടിപ്പിച്ച ആദ്യത്തെ ഡിപ്പോയാണ് വെഞ്ഞാറമൂട്. കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആളുകൾക്ക് അവസരം ഒരുക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കാനുമാണ് കെഎസ്ആർടിസി ഉല്ലാസ യാത്രകൾ തുടങ്ങിയത്.
തൃശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. സ്വർണ്ണാഭരണങ്ങളും വിഗ്രഹവും പണവും നഷ്ടപ്പെട്ടു. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങളും വിഗ്രഹവുമാണ് നഷ്ടപ്പെട്ടത്. ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അലമാര കുത്തി പൊളിച്ചാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിലെ കിരീടവും ശൂലവും സ്വർണ്ണ മാലകളും നഷ്ടപ്പെട്ടതായാണ് വിവരം.
കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ഏഴു പേരെ പ്രതികളാക്കി ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രതീഷ്, വിപിന്‍ലാല്‍ കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് പൊലീസ് കേസെടുത്തത്. രതീഷ് സ്കൂളിന്‍റെ പിടിഎ മുന്‍ പ്രസിഡന്‍റ് കൂടിയാണ്.
ഇടുക്കി ചെമ്മണ്ണാറിൽ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ കുട്ടിയുടെ അമ്മ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്. നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലാപതകമെന്ന് തെളിഞ്ഞിരുന്നു. കേസിൽ കുഞ്ഞിൻറെ അമ്മ ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു, ചിഞ്ചുവിൻറെ മാതാപിതാക്കളായ ഫിലോമിന, സലോമോൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ ഭിന്നശേഷിക്കാരിയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിഞ്ഞതാണ് മരണ കാരണമായതെന്ന് പൊലീസ് പറയുന്നു.
ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്തതില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. തൃശൂര്‍ പഴഞ്ഞി പെരുന്തുരുത്തി ദേശത്ത് മുതിരംപറമ്പത്ത് വീട്ടില്‍ രവീന്ദ്രന്‍ മകന്‍ അനീഷിന്റെ(41) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് തള്ളിയത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും അവഗണനയും ശാരീരിക പീഡനവും സഹിക്കുവാന്‍ കഴിയാതെ ഭാര്യയും മകളും ആത്മഹത്യ ചെയ്തതെന്ന കേസിലാണ് നടപടി.
ഓൺലൈൻ ഓർഡറുകളിലൂടെ തോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന സംഘത്തിലെ ഏഴ് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്‍ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ വഴിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ഓർഡർ പ്രകാരം ഒരു തോക്കുമായി പോകുന്നതിനിടെ ഉത്തർപ്രദേശിലെ മുസഫർനഗറിൽ വെച്ച് സംഘം പൊലീസിന്റെ കൈയിൽ അകപ്പെടുകയായിരുന്നു.
ഹരിയാനയിലെ റോത്തകിന് സമീപം ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചു. തുടർന്ന് ട്രെയിനിൽ തീ പടർന്നു .വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റിൽ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയിൽവേ പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. നാലിൽ അധികം യാത്രക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. പടക്കം പൊട്ടിയതിന് പിന്നാലെ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എൻസിപി നേതാവ് ബാബാ സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം സല്‍മാൻ ഖാന് ഉറങ്ങാൻ കഴിയാറില്ലെന്ന് ബാബ സിദ്ധിഖിയുടെ മകൻ സഷീൻ വെളിപ്പെടുത്തി. സിദ്ധിഖിയും സല്‍മാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു ലോറൻസ് ബിഷ്‍ണോയ്.
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കമല ഹാരിസിന് പരസ്യ പിന്തുണ നൽകാനുള്ള വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ നീക്കം തടഞ്ഞ് പത്രമുടമ ജെഫ് ബെസോസ്. അമേരിക്കയിൽ വ്യവസ്ഥാപിത മാധ്യമങ്ങളുടെ വിശ്വാസ്യത തകരുകയാണ്, പത്രത്തിന്റെ പിന്തുണപ്രഖ്യാപനം ആരേയും സ്വാധീനിക്കുന്നില്ല എന്നു മാത്രമല്ല പത്രത്തിന് പക്ഷപാതിത്വം ഉണ്ടെന്ന് തോന്നലുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ആമസോണിന്റെ ഉടമയും ബിസിനസ് മാഗ്നെറ്റ് കൂടിയായ ജെഫ് ബെസോസ് പറയുന്നത്.
ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇരച്ചുകയറി പരിശോധന നടത്തിയ ഇസ്രയേൽ സംഘം അവിടെ നിന്ന് നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ആശുപത്രിയിൽ ഒളിച്ചിരിക്കുകയായിരുന്ന ഹമാസ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഇസ്രയേൽ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടർ മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.