മൂന്ന് മുതല്‍ അഞ്ച് വരെയാണ് സാധാരണഗതിയില്‍ സ്ത്രീകളിലെ ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ ചിലരില്‍ രണ്ട് ദിവസം കൊണ്ട് ആര്‍ത്തവം വന്നു പോകുന്ന അവസ്ഥയുമുണ്ട്. ഇത് മൂലം പ്രത്യുത്പാദനക്ഷമതയ്ക്കും ഗര്‍ഭധാരണ സാധ്യതയ്ക്കും കുഴപ്പങ്ങള്‍ ഉണ്ടാകുമോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാകാം. പ്രായം, സമ്മര്‍ദം, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ജീവിതശൈലി, വ്യായാമം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി രക്തത്തിന്റെ അളവും ആര്‍ത്തവ ദൈര്‍ഘ്യവും മാറാം. ഉയര്‍ന്ന മാനസിക സമ്മര്‍ദം ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത് ആര്‍ത്തവ ചക്രം ഹ്രസ്വമാകാനും ആര്‍ത്തവം തന്നെ ഉണ്ടാകാതിരിക്കാനും ചിലപ്പോള്‍ കാരണമാകാം. അവശ്യ പോഷണങ്ങള്‍ ശരീരത്തില്‍ ആവശ്യമായ തോതില്‍ ചെല്ലാതിരിക്കുന്നത് ഹോര്‍മോണ്‍ ഉത്പാദനത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കാം. അമിതമായ വ്യായാമം, പെട്ടെന്നുള്ള ഭാര നഷ്ടം എന്നിവ മൂലം ചിലപ്പോള്‍ ശരീരം ഊര്‍ജ്ജവിനിയോഗം വെട്ടിച്ചുരുക്കുന്നതിന് പ്രത്യുത്പാദന ഹോര്‍മോണ്‍ തോത് കുറച്ചെന്ന് വരാം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവരിലും ആര്‍ത്തവകാലയളവ് കുറയാം. ആര്‍ത്തചക്രത്തിന്റെ ദൈര്‍ഘ്യം കുറയുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവ കാലയളവ് കുറയുന്നത് അണ്ഡങ്ങള്‍ക്ക് 40 വയസ്സിന് മുന്‍പ് തന്നെ ശേഷി നഷ്ടമാകുന്ന പ്രീമെച്വര്‍ ഒവേറിയന്‍ ഇന്‍സഫിഷ്യന്‍സിയുടെ ലക്ഷണവുമാകാം. ഇത് വന്ധ്യത, നേരത്തെയുള്ള ആര്‍ത്തവവിരാമം എന്നിവയ്ക്ക് നയിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ആവരണം കട്ടി കുറഞ്ഞതാകുന്നതിന്റെ ലക്ഷണമായും ആര്‍ത്തവ കാലയളവ് കുറയുന്നതിനെ വിലയിരുത്താറുണ്ട്. ഇത് ഗര്‍ഭധാരണത്തിന്റെ സമയത്ത് ബീജസംയോഗം നടന്ന അണ്ഡം ശരിയായി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കപ്പെടാത്ത അവസ്ഥയുണ്ടാക്കാം.