ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന കാരണമായിരുന്നത്. ഇന്ന് അതു മാറി. ജീവിത രീതികളും ഭക്ഷണവുമെല്ലാം മാറ്റം വരുത്തി എന്നുവേണം പറയാന്‍. അമിതവണ്ണവും ഭാരവുമെല്ലാം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാല്‍ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം, ഓട്സ്, റവ, മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അളവില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നുമാത്രം. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവര്‍ഗങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, സലാഡുകള്‍ എന്നിവ ഉദാഹരണങ്ങളാണ്. പ്രാതലിനു ശേഷം പ്രമേഹരോഗികളില്‍ ചിലപ്പോള്‍ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗര്‍ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാര്‍, പയര്‍, കടല എന്നീ മാംസ്യം അടങ്ങിയ കറികള്‍ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും. വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അത്താഴം ഉറങ്ങാന്‍ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുന്‍പു കഴിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, ലഹരി ഒഴിവാക്കുക കുറച്ചുനാള്‍ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിര്‍ത്തരുത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കും കാരണമാകും. ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കുക.