കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് ഒരുങ്ങി സുപ്രീംകോടതി. ദിവസേന എല്ലാ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുക.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏര്‍പെടുത്തുന്നത്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും തന്‍റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ദിവ്യ ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നത്.
എഡിഎo നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, പിപി ദിവ്യക്കെതിരെ പൊലീസിന് മൊഴി നൽകി കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ. എഡിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.
പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. നാളെത്തന്നെ നടപടികൾ തുടങ്ങുമെന്നും, കണ്ണൂർ കലക്ടറുടെ കത്തിൽ തൃപ്തരല്ലെന്നും കുടുംബം അറിയിച്ചു. കണ്ണൂർ കലക്റ്ററുടെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചതായി ജോയിൻ്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖിൽ പറഞ്ഞു.സബ് കളക്ടറുടെ കൈവശം കവറിൽ കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി. അവസരവാദിയായ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സി പി എം ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരിക്കുകയാണന്നും, സി പി എമ്മിന്റെ അടവ് നയം അല്ല അടിയറവാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അപേക്ഷകനായ പ്രശാന്തൻ തന്നോട് പറഞ്ഞെതെന്ന് നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്ത് വെളിപ്പെടുത്തി. പെട്രോൾ പമ്പിനായി ഭൂമി പാട്ടത്തിന് നൽകിയ വൈദികന്റേതാണ് വെളിപ്പെടുത്തൽ. സ്ഥലം പരിശോധിക്കുന്നതിനായി എഡിഎം എത്തിയിരുന്നെങ്കിലും താൻ കണ്ടിരുന്നില്ലെന്നും ഫാദർ പോൾ അറിയിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.എഡിഎമ്മിന്‍റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചത് ഗത്യന്തരമില്ലാതെയാണ്. ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിന്‍മാറ്റം മാത്രമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് . എ.ഡി.എമ്മിന്റെ മരണത്തിന് പിന്നിലെ നിർണ്ണായക വിവരങ്ങൾ ഉൾകൊള്ളിച്ച് പി.പി ദിവ്യയും ജില്ലാ കളക്ടറും ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു.
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍ എന്ന് മന്ത്രി എം.ബി രാജേഷ്. കുടുംബത്തിന്റെ സങ്കടവും മാനസികാവസ്ഥയും എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ആ വികാരം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടന്നാൽ നേട്ടം ബിജെപിക്കായിരിക്കുമെന്ന്പി വി അൻവർ. രണ്ട് മുന്നണികളും അവരവരുടെ വോട്ടുപിടിച്ചാൽ ബിജെപിക്ക് അനായാസം വിജയിക്കാം . മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിൽക്കണം.പൊതുസ്ഥാനാർത്ഥിയെ പാലക്കാട് നിർത്തുകയാണെങ്കിൽ ഡിഎംകെ പിന്തുണക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പൊതുസ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അൻവർ പറഞ്ഞു.
രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തി പരമായി വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ബിജെപിയുടെ അണ്ടർ കവർ ഏജൻ്റാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകിയേക്കില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നിർദ്ദേശം നൽകിയത്.
സംസ്ഥാനത്ത് സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ വലിയ പാടായെന്ന് കെ മുരളീധരൻ്റെ പരിഹാസം. ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ലെന്ന പേടിയാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി സഖാക്കൾ തന്നെ പാർട്ടിയെ കുളംതോണ്ടുന്നതിന് ഉദാഹരണമാണ് പി.പി ദിവ്യയെന്നും അദ്ദേഹം വിമർശിച്ചു.
പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തണം എന്നും മന്ത്രി വ്യക്തമാക്കി .ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്.
ഡിഫൻസ് ഇലക്ട്രോണിക്സ് മേഖലയിൽ ഏറ്റെടുത്ത പദ്ധതി പൂർത്തിയാക്കി കെൽട്രോൺ. ഇന്ത്യൻ നാവികസേന കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന 7 പ്രധാന ഉപകരണങ്ങൾ എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ഡി ശേഷഗിരിക്ക് കൈമാറിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ആണ്റവന്യൂ വകുപ്പ് നടപടി.
വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്.എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.
ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. ശൈശവ വിവാഹം പ്രായപൂർത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിലാണ് നിര്‍ണായക വിധി.
ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ ചെന്നൈയിൽപ്രതിഷേധം ശക്തമാവുന്നു.മുഖ്യമന്ത്രി സ്റ്റാലിൻ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തിയാൽ പ്രാദേശിക ഭാഷയെ ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം.
കര്‍ണാടക സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 5,8, 9 ക്ലാസുകളില്‍ ഇനി പരീക്ഷയില്ല. ഈ ക്ലാസുകളില്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി മധു ബംഗാരപ്പ വെളളിയാഴ്ച അറിയിച്ചു. പരീക്ഷ സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനത്തിന്റെ തീരുമാനം.
രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. യമുന നദി വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നു. നദിയുടെ ചില ഭാഗങ്ങൾ വെള്ള നിറത്തിൽ നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.
ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി. 8 പേരുടെ കൂടി മരണം ഇന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 13 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആകെ 79 പേരാണ് വ്യാജ മദ്യം കഴിച്ച് ചികിത്സ തേടിയതെന്നും, 30 പേർ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെന്നും അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ബിഹാർ സർക്കാർ ആവർത്തിച്ചു.
തായ്‌വാനിലെ തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെൻ്റർ മുംബൈയിൽ പുതുതായി സ്ഥാപിച്ച ഓഫീസിനെതിരെ നയതന്ത്ര പ്രതിഷേധം അറിയിച്ചതായി ചൈന. ലോകത്ത് ഒരൊറ്റ ചൈന മാത്രമേയുള്ളൂവെന്നും തായ്‌വാൻ ചൈനയുടെ പ്രദേശത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യാഴാഴ്ച പറഞ്ഞു.ഏക ചൈന തത്ത്വം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട രാഷ്ട്രീയ പ്രതിബദ്ധതയാണെന്നും ഇന്ത്യ-ചൈന ബന്ധത്തിൻ്റെ രാഷ്ട്രീയ അടിത്തറയാണെന്നും വക്താവ് പറഞ്ഞു.
ദില്ലി മുൻ ആരോഗ്യ മന്ത്രിയും മുതിർന്ന ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം. ദില്ലി റൗസ് അവന്യൂ കോടതിയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചത്. ഇഡി രെജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി രണ്ട് വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
ഇസ്രായേലുമായുള്ള യുദ്ധത്തിൽ പ്രതിസന്ധിയിലായ ലബനനിലേക്ക് 33 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. 11 ടൺ സാധനങ്ങൾ ഇന്ന് കയറ്റിയയച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് ഇസ്രയേലിന്റെ ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.