vizhinjam 1 2

സംഘർഷ സാധ്യതയുള്ളതിനാൽ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പ്രദേശങ്ങളിൽ കളക്ടർ ഇന്നലെ തന്നെ നടപടികൾക്ക് ഉത്തരവിട്ടിരുന്നു.  പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്.

ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. കണ്ണൂർ സർവ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗൺസിലിനിടെ ഗവർണറെ വധിക്കാൻ ശ്രമിച്ചു  എന്ന് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ സാധ്യതയുണ്ട്. സർവ്വകലാശാലയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുന്ന മുഖ്യമന്ത്രിയുടെ കത്തും ഗവർണർ പുറത്തുവിട്ടേക്കും. സിപിഎം നേതാക്കൾ ഉയർത്തിയ വിമർശനങ്ങൾക്കും ഗവർണർ മറുപടി പറയും എന്നാണ് കരുതുന്നത്.

സിൽവർലൈൻ പാത മംഗളൂരു വരെ നീട്ടുന്നതടക്കമുള്ള കാര്യങ്ങളുടെ ചർച്ചയ്ക്കായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തുന്നത്. ശേഷം കർണാടക ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പിണറായി പങ്കെടുക്കും.

കോഴിക്കോട് ചേവായൂരിലെ ആര്‍ ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്നും സര്‍ക്കാര്‍ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ സസ്പെന്‍ഷനിലായ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കും. ഈ സ്ഥാപനം വഴി ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കൈക്കൂലി കൈപ്പറ്റിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രാഹുൽ ​ഗാന്ധി തന്നെ പാർട്ടി പ്രസിഡന്റ് ആകണമെന്ന്  രാജസ്ഥാൻ കോൺ​ഗ്രസ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന്റെ നിർദ്ദേശപ്രകാരമാണ് ജയ്പൂരിൽ ചേർന്ന യോ​ഗത്തിൽ പാർട്ടി പ്രമേയം ഐകകണ്ഠ്യേന പാസ്സാക്കിയത്. ​കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന വ്യക്തിയാണ് അശോക് ​ഗെഹ്ലോട്ട്.  പാർട്ടി ഒറ്റക്കെട്ടാണ്. രാഹുൽ ​ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമില്ല എന്ന് പ്രമേയം പാസ്സാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിം​ഗ് കച്ചാരിയ യോ​ഗത്തിന് ശേഷം പറഞ്ഞു.

ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്ത്മൃഗങ്ങൾക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതി വേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ പൂർത്തിയാക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിൽ ഉച്ചഭാഷിണികളൂടെ അറിയിപ്പുകൾ കൊടുക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *