ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക് വരുമെന്ന് സൂചന. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. ഒമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രി ആയേക്കും. കശ്മീരിൽ മത്സരിച്ച രണ്ടിടത്തും ഒമർ അബ്ദുല്ല മുന്നേറുകയാണ്. മെഹബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റിൽ ഒതുങ്ങി. മെഹബൂബ യുംമുഫ്തിയുടെ മകൾ ഇൽതിജ തോറ്റു. കുൽഗാമയിൽ സിപിഎം നേതാവ് തരിഗാമി മുന്നിലാണ്.

 

 

 

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കൾ. രാവിലെ കോൺഗ്രസിനായിരുന്നു ലീഡെങ്കിലും പിന്നീട് ഹരിയാനയിലെ ഫലം മാറിമറിയുകയായിരുന്നു. അതോടൊപ്പം കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു.

 

 

 

തെരഞ്ഞെടുപ്പ് ഫലസൂചനകൾ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോൺഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു.

 

 

 

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ്, ഒടുവില്‍ വിജയം കൈവരിക്കുകയായിരുന്നു…

 

 

ബാനർ പിടിക്കുന്നതും സ്പീക്കറുടെ മുഖം മറയ്ക്കുന്നതും പ്ലക്കാർഡ് ഉയർത്തുന്നതും നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ട് നടക്കുന്ന സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം സഭയിൽ ബാനറും പ്ലക്കാർഡും പിടിച്ചതാണ് പരാതിയായി പറഞ്ഞിട്ടുള്ളത്. നടുത്തളത്തിൽ പ്രതിപക്ഷം ഇറങ്ങിയാൽ സഭാനടപടികൾ താത്കാലികമായി നിർത്തിവെച്ച് നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയാണ് സാധാരണ സ്പീക്കർ ചെയ്യുക. എന്നാൽ ഇപ്പോൾ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്ത ആളെ വിളിക്കുക പോലും ചെയ്യാതെ സ്പീക്കർ സഭ നിർത്തിവെക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

 

 

 

ആർഎസ്എസ് നേതാക്കളും എഡിജിപി എംആർ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചർച്ച നടക്കുന്നത്. തൊണ്ട വേദനയും പനിയും കാരണം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ നിന്നും വിട്ട് നിൽക്കുകയാണ്.

 

 

മലപ്പുറത്ത് എന്ത് ദേശ വിരുദ്ധ പ്രവർത്തനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് എംഎൽഎ ഷംസുദ്ദീൻ അടിയന്തര പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടു. മലപ്പുറത്തെ പാവപ്പെട്ട മനുഷ്യർ എന്തു പിഴച്ചുവെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിൽ സ്വർണ്ണ കടത്തുണ്ടെങ്കിൽ എന്ത് കൊണ്ട് തടയുന്നില്ല എന്നും പിആർ ഏജൻസിയുടെ പേരിൽ തടിയൂരാനാകില്ല. മലപ്പുറത്തെ സ്വർണ്ണക്കടത്തിനു പിന്നിൽ അജിത് കുമാർ എന്നാണ് അൻവർ പറയുന്നത്. മലപ്പുറത്തെ മുഖ്യമന്ത്രി സംശയ നിഴലിൽ നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

മഞ്ചേശ്വരം കേസിൽ സുരേന്ദ്രൻ കുറ്റ വിമുക്തനായത് ഒത്തു കളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ വ്യക്തമാക്കി. ദില്ലിയിൽ പോയി അഭിമുഖം നൽകിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി സിപിഎം അന്തർധാര വ്യക്തമാണ്. ഇതിന്റെ ഭാഗമായാണ് കെ സുരേന്ദ്രന് ഊരിപ്പോരാൻ സർക്കാർ അവസരം നൽകിയതെന്നും പ്രതിപക്ഷം വിശദീകരിച്ചു. എഡിജിപി അജിത് കുമാറിന് പ്രമോഷനാണ് നൽകിയത്. ഡിജിപിയുടെ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 

 

 

കേരളത്തിൽ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ വലിയ ബന്ധം സ്ഥാപിച്ച് കാര്യങ്ങൾ നടത്തുന്നുവെന്ന് സഖാക്കൾ പോലും സംശയിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങളോട് പറയാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുടുംബത്തിൻ്റെ തല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കക്ഷത്തിലായത് 2024 ജനുവരി 31 മുതലാണ്. ആ കേസിൽ ഇതുവരെ അന്വേഷണം പുറത്തുവരാത്തത് എന്താണെന്നും എന്തിനാണ് ഇപി ജയരാജൻ ജാവദേക്കറുമായി ചർച്ച നടത്തിയതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

 

 

 

 

മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ദ ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിൽ വിശദീകരണം തേടിയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

 

 

നിയമസഭയിൽ ഇന്നലെ നടന്ന സംഘർഷത്തെ തുടർന്ന് നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത് നൽകി. നിയമസഭയിൽ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് നടപടി. മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കെതിരെ നടപടി വേണമെന്ന പ്രമേയം പാർലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

 

പശ്ചിമഘടത്തിലെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ സണ്ണി ജോസഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂര്‍ത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതെന്നും. ഇതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

നിയമസഭയില്‍ തനിക്ക് പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് എംഎല്‍എ പിവി അൻവര്‍ . നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും അൻവര്‍ പറഞ്ഞു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു.

 

 

 

 

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. ഇന്‍റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്.

 

 

 

എരുമേലിയിൽ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാകി. മണ്ഡലകാലത്ത് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തർക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

 

 

 

ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ചോദ്യംചെയ്യും. ഇരുവർക്കും സ്റ്റേഷനിൽ എത്താൻ മരട് പൊലീസ് നിർദേശം നൽകി. താരങ്ങൾ ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാൻ തന്നെയാണെന്ന സംശയത്തിലാണ് പൊലീസ്.

 

 

 

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ച് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം.

ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നിൽ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.

 

 

 

കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു. രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്. പുലർച്ചെയാണ് കുമ്പളം ടോൾ പ്ലാസക്ക് സമീപം അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

 

 

 

മംഗളുരുവിൽ നിന്ന് കാണാതായ പ്രമുഖ വ്യവസായി ബി.എം മുംതാസ് അലിയുടെ മൃതദേഹം കുലൂർ പാലത്തിന് കീഴെ ഫാൽഗുനിപ്പുഴയിൽ കണ്ടെത്തി. തന്നെ ഹണി ട്രാപ്പിൽപ്പെടുത്താൻ ഒരു സംഘം ശ്രമിച്ചെന്ന് കുടുംബ ഗ്രൂപ്പിൽ മെസേജ് അയച്ചിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീ ഉൾപ്പടെ ആറ് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

 

 

 

പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂരിലെ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. പരേതരായ ചാമക്കാടൻ ചക്കപ്പൻ ദേവസി, സാറാമ്മ ദമ്പതികളുടെ മകനാണ്.

 

 

പാകിസ്ഥാനെ പ്രശംസിക്കുകയും ഇന്ത്യാ വിരുദ്ധ പരാമർശം നടത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 23 കാരൻ അറസ്റ്റിൽ. ഓട്ടോ മെക്കാനിക്കായ ആസിഫ് ഷാ ആണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പരാമർശങ്ങളടങ്ങിയ വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പങ്കിടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആസിഫ് ഷായ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

 

 

മഹാരാഷ്ട്രയിലേക്ക് ഒളിംമ്പിക്സ് മെഡല്‍ എത്തിച്ച സ്വപ്നില്‍ കുശാലെക്ക് ഹരിയാണ നല്‍കിയ സമ്മാനത്തില്‍ അതൃപ്തി അറിയിച്ച് പിതാവ്. അഞ്ച് കോടി രൂപയും ഛത്രപതി ശിവജി മഹരാജ് സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്ത് ഒരു ഫ്ളാറ്റും മകന്റെ അഭിമാനകരമായ നേട്ടത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കണമെന്നാണ് സ്വപ്നിലിന്റെ പിതാവിന്റെ ആവശ്യം. കഴിഞ്ഞ പാരിസ് ഒളിമ്പിക്സില്‍ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങില്‍ വെങ്കല മെഡല്‍ ജേതാവാണ് സ്വപ്നിൽ

 

 

 

 

ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കൽ ഹെഡ്ക്വാർട്ടേഴ്സ് തലവൻ സുഹൈൽ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഹിസ്ബുല്ല ലോജിസ്റ്റിക്സിൻ്റെയും അതിൻ്റെ വിവിധ യൂണിറ്റുകളുടെയും പ്രവ‍ർത്തനങ്ങൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിച്ചത് സുഹൈൽ ഹുസൈൻ ഹുസൈനിയായിരുന്നു. ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലിലും ഹുസൈനി അംഗമായിരുന്നു.

 

 

 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നൽകാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറുടെ ആവശ്യം നിരസിച്ച് ഇസ്രായേൽ. ഗാസയിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് മെയ് മാസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട് നൽകാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *