സെപ്റ്റംബറില്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ്. 19 ശതമാനം ഇടിവാണ് നേരിട്ടത്. നവരാത്രിയും ദീപാവലിയും ഒരേ മാസത്തില്‍ വരുന്നതിനാല്‍ വാഹന വില്‍പ്പന കുതിച്ചുയരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വാഹനവിപണി. യാത്രാ വാഹന വില്‍പ്പനയിലെ വന്‍ ഇടിവിന് പുറമെ ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളും യഥാക്രമം 9 ശതമാനവും 10.45 ശതമാനവും ഇടിവ് നേരിട്ടു. കാര്‍ നിര്‍മ്മാതാക്കളില്‍, മാരുതി സുസുക്കിയുടെ വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 1,41,318 ലെത്തി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് നേരിട്ടത്. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയും താഴ്ന്നു. 19 ശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 0.4 ശതമാനം നേരിയ വര്‍ധന രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സിനെ മറികടന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തെത്തി.