വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരള നിയമസഭയുടെ പന്ത്രണ്ടാം നിയമസഭ സമ്മേളനത്തിന് തുടക്കം . വയനാട്ടിലെ പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വയനാട് പുനരധിവാസ പദ്ധതിക്ക് പ്രാഥമിക രൂപരേഖയായെന്ന് റവന്യൂമന്ത്രി കെ.രാജനും അറിയിച്ചു . ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമർശിച്ചു. താൽകാലിക സഹായം പോലും നൽകാത്ത കേന്ദ്ര നടപടി വിമർശിക്കാതെ പോകാനാകില്ല. പുനരധിവാസത്തിൽ പ്രതിപക്ഷം നൽകിയത് സമാനതകളില്ലാത്ത പിന്തുണയാണെന്നും മാതൃകാ പുനരധിവാസം നടപ്പാക്കണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ദുരന്ത സമയത്ത് ഒപ്പം നിന്നെങ്കിലും പുനരധിവാസത്തിന് വാർത്താ പ്രാധാന്യം നൽകുന്നില്ല. മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് വാർത്ത അപ്രത്യക്ഷമായെന്നും സ്പീക്കർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്നേഹഭാവം വല്യ പ്രതീക്ഷയാണ് വയനാടിന് നൽകിയതെന്നും എന്നാൽ സഹായം വൈകുന്നതിൽ വലിയ ആശങ്കയെന്നും മുറിവുണങ്ങും മുൻപെയാണ് സഹായം എത്തിക്കേണ്ടതെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
കേന്ദ്ര സമീപനത്തിൽ നിരാശയെന്നും , വയനാടിന് വേണ്ടത് പ്രത്യാശയുടെ വെളിച്ചമാണ് എന്നും,കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒരുമിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സമീപനം വിഷമം ഉണ്ടാക്കുന്നതെന്നും നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വയനാട് ദുരന്തത്തിൽ സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. ദുരന്തനിവാരണവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി സർക്കാർ തുക കണക്കാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രിസ്ഥാനത്തിനുള്ള തന്‍റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ശരത് പവാറിന്റ കത്ത് നൽകിയിട്ടും മുഖ്യമന്ത്രി പരിഗണിക്കാത്തത്തിലുള്ള രോഷമാണ് തോമസ് കെ തോമസ് പ്രകടിപ്പിച്ചത്. മൂന്നു ദിവസത്തിനുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് പിസി ചാക്കോയെ അറിയിച്ചു.
ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിൽ എം എൽ എ പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാരിനും പൊലീസിനുമെതിരെ വീണ്ടും വിമര്‍ശനവുമായി എംഎൽഎ പി വി അൻവർ. താൻ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു. എൽഎൽബി പഠിക്കാൻ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും പി വി അൻവർ പരിഹസിച്ചു. ഫോൺ ചോർത്തുണ്ടെന്ന് പറഞ്ഞതിലാണ് കേസ് ഇതെന്ത് നീതിയെന്നും പി വി അൻവർ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ പൊലീസ് ഉദ്യോഗസ്ഥർ അനിൽകുമാറും സന്ദീപും യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിൽ. ക്രൈം ബ്രാഞ്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാതെയിരുന്ന വീഡിയോ ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറിയെന്നും രാഹുല്‍ വ്യക്തമാക്കി. ഇനിയും കാണാൻ പൊലീസിന് പറ്റുന്നില്ല എങ്കിൽ കാണിക്കാൻ യൂത്ത് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
നവ കേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധം. കേസ് അന്വേഷണത്തിൽ പൊലീസ് തുടക്കം മുതലേ ഉരുണ്ടു കളിച്ചെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യകോസ് പ്രതികരിച്ചു. പൊലീസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അജയ് വ്യക്തമാക്കി.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. എന്നാൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. തന്നെ ശിക്ഷിച്ചാലും അർജുൻ്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാമെന്നും ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.
ടൗണ്‍ഷിപ്പില്‍ പുനരധിവാസം ഒരുക്കേണ്ട മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കിയേക്കും. കള്കടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാകും ഗുണഭോക്താക്കളെ കണ്ടെത്തുക. നെടുമ്പാല എച്ച്എംഎല്ലിലെ 41 ഹെക്ടർ , കല്‍പ്പറ്റ എല്‍സ്റ്റണിലെ 45 ഹെക്ടർ എന്നിവിടങ്ങളില്‍ ടൗണ്‍ഷിപ്പ് നിർമിക്കാനാണ് ശ്രമം.
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ, ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൈംഗികാതിക്രമക്കേസില്‍ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. രണ്ടാംവട്ടമാണ് കേസില്‍ ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നത്.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സൂചന . തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ 15 അംഗ സംഘമാണ് പഠനം നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകുകയാണ് ലക്ഷ്യമിടുന്നത്.
എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ. വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ 614 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. കുടുംബങ്ങൾക്ക് ബാങ്കുകൾ വായ്പയും നിഷേധിക്കുന്നതോടെ ഇനി സമര രംഗത്തേക്കെന്നാണ് അവരുടെ തീരുമാനം.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതോടെ യുഡിഎഫിന് തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്തിലെ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെ എൽഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാടായ ഇലന്തൂരിൽ എത്തിച്ചു. മൃതദേഹം വിലാപയാത്ര ആയിട്ടാണ് വീട്ടിൽ എത്തിച്ചത്. തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പൂർണ്ണ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടത്തും.
കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്‍റെ ബൈക്ക് കത്തിനശിച്ച നിലയിൽ. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പ്രേംരാജിന്റെ ബൈക്കാണ് കത്തിയത്. ഇന്നലെ അർധരാത്രിയാണ് സംഭവം. പാർട്ടിയിൽ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് സംഭവം. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
കണിയാപുരത്തു പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹിലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് കഠിനംകുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
എരുമേലിയിൽ കുറി തൊടുന്നതിന് ഭക്തരിൽനിന്ന് പണപ്പിരിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിനകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കേരള നിയമസഭ പിരിച്ചുവിട്ട് തന്റെ മുന്നിലുള്ള വാതിലിലൂടെ ഇറങ്ങിപോവുക എന്ന ഒറ്റവഴി മാത്രമാണ് മുഖ്യമന്ത്രിയുടെ മുന്നിലുള്ളതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.പിണറായിയുടെ പ്രേമഭാജനമാണ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഇടയ്ക്കിടെ ചെറിയ തുണ്ട് കടലാസിൽ വി.ഡി സതീശന് കത്തെഴുതി നൽകുമെന്നും അവർ പറഞ്ഞു.
സർക്കാർ നൽകിയ അപ്പീലിൽ നാദാപുരം ഷിബിൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളും,15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങൾ പറത്താനുള്ള പദ്ധതികൾക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കുന്നത് ആലോചനയിലെന്ന് റിപ്പോർട്ട്. ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പൻമാരായ എമ്പ്രാറാണ് ലോകത്തെ ആദ്യ എഐ അധിഷ്ഠിത യാത്രാവിമാനം എന്ന ആശയത്തിന് പിന്നില്‍. ഫ്‌ളോറിഡയിലെ ഒർലാൻഡയോയിൽ വെച്ച് നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ ചടങ്ങിൽ എമ്പ്രാര്‍ ടീം ഈ ആശയം പങ്കുവെച്ചു.
ഉത്തർപ്രദേശിലെ കാൺപൂരിൽ ഇസ്രയേൽ നിർമിത ടൈം മെഷീൻ വാഗ്ദാനം ചെയ്ത് ദമ്പതികൾ തട്ടിയത് കോടികൾ. ഇസ്രായേൽ നിർമ്മിത ടൈം മെഷീൻ വഴി യുവാക്കളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡസൻ കണക്കിന് പ്രായമായവരെ കബളിപ്പിച്ച് 35 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. കാൺപൂർ സ്വദേശികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയും കാൺപൂരിലെ കിദ്വായ് നഗർ ഏരിയയിലെ തെറാപ്പി സെൻ്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.
തായ്‌വാൻ്റെ തെക്കൻ മേഖലയിൽ കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്നും 9 പേർക്ക് ദാരുണാന്ത്യം. ക്രാത്തോൺ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടൺ കൌണ്ടിയിലെ ആശുപത്രിയിലാണ് തീ പടർന്നത്. തീ പടർന്നതിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് 9 പേരും മരിച്ചത്. സംഭവത്തിൽ വിശദമായ അന്വഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എയർഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുo. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്.
ദില്ലി കാളിന്ദികുഞ്ചിൽ ഡോക്ടറെ ആശുപത്രിക്ക് ഉള്ളിൽ കയറി വെടിവെച്ചു കൊന്ന സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. 50വയസുകാരനായ യുനാനി ഡോക്ടറെ കൊലപ്പെടുത്താൽ ക്വട്ടേഷൻ നൽകിയത് സ്ഥാപനത്തിലെ ഒരു നഴ്സിന്റെ ഭർത്താവാണെന്നാണ് പിടിയിലായ ആൾ വിശദമാക്കുന്നത്.
ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്കും ട്രാക്ടർ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 13 തൊഴിലാളികളുമായി പോയ ട്രാക്ടർ ട്രോളിയിൽ നിയന്ത്രണം വിട്ട ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന്എസ്പി വ്യക്തമാക്കി.
ഭോപ്പാൽ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയതായി പരാതി. മധ്യപ്രദേശിലെ റാണി ദുർഗവതി ഗേൾസ് ഹോസ്റ്റലിലെ മെസ് ഭക്ഷണത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിദ്യാർഥികള്‍ക്ക് കിട്ടിയത് പഴുതാരയാണ്. പരാതി പറയുന്നവരെ ഇന്‍റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
തിരുപ്പതി ക്ഷേത്രത്തില്‍ ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി.ലക്ഷകണക്കിന് വിശ്വാസികളുടെ വികാരം ഉൾപ്പെടുന്നതാണ് ഈ വിഷയം എന്നും, രാഷ്ട്രീയക്കളി പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ് , കെ വി വിശ്വനാഥൻ എന്നിവർ നീരീക്ഷിച്ചു .
വൻതുക കൈക്കൂലി വാങ്ങിയ കേസിൽ എൻഐഎ ഉന്നത ഉദ്യോഗസ്ഥനെയും സഹായികളെയും സിബിഐയും എൻഐഎയും സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. എൻഐഎ പട്ന ബ്രാഞ്ച് ഡിഎസ്പിയെയും അദ്ദേഹത്തിൻ്റെ രണ്ട് ഏജൻ്റുമാരെയുമാണ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പിടികൂടിയത്.
ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. മുൻ എംപി അശോക് തൻവറാണ് കോൺഗ്രസിൽ ചേർന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും ഒരുങ്ങുന്നു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി ഇത്തരത്തിലൊരു അസാധാരണ പ്രഭാഷണം നടത്തുന്നത്.